കൊച്ചി: മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഓടിയൊളിക്കില്ലെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷ്. ഒരു വർഷത്തിലേറെ നീണ്ട ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ സ്വപ്ന, അഭിഭാഷകനെ കാണാൻ കൊച്ചിയിൽ എത്തിയപ്പോഴാണ് പ്രതികരിച്ചത്.

തിരുവനന്തപുരത്ത് അമ്മയുടെ കൂടെ മാധ്യമങ്ങളെ കാണുമെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നും അവർ പ്രതികരിച്ചു. ഇപ്പോൾ നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിന്റെ തിരക്കിലാണ്, അതു കഴിഞ്ഞ് മാനസികമായി തയാറായിക്കഴിഞ്ഞാൽ എല്ലാവരോടും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അവർ പറഞ്ഞു.

'അമ്മയ്ക്കൊപ്പം ഫ്രീയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാകും', സ്വപ്ന പറഞ്ഞു. 'അഭിഭാഷകനുമായി കേസിനെ കുറിച്ച് വിശദമായി സംസാരിച്ചു. ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല', സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.

ഭർത്താവിനും മകനുമൊപ്പമാണ് സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയത്. ഇന്നലെ രാത്രി വൈകിയും അഭിഭാഷകനുമായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ശേഷമാണ് മടങ്ങിയത്. തുടർന്ന് ഇന്നും വക്കീൽ ഓഫിസിൽ എത്തുകയായിരുന്നു.

ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യമായാണ് സ്വപ്ന പ്രതികരിക്കുന്നത്. നേരത്തെ ജയിൽമോചിതയായ ശേഷം 'പിന്നെപ്പറയാം' എന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കിയിരുന്നു. 2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന 15 മാസവും 25 ദിവസവും കസ്റ്റഡിയിൽ തികച്ചു.

എൻഐഎ കേസിനൊപ്പം, സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നൽകിയിരുന്നു. 2020 ജൂൺ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ നയതന്ത്ര ബാഗേജിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചതാണു കേസിനാധാരം.

തുടർന്നു വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണു ഡോളർ കടത്തിന് ഉൾപ്പെടെ കൂടുതൽ കേസുകളെടുത്തത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഉൾപ്പെടെയുള്ളവരാണു പ്രതികൾ.

കഴിഞ്ഞ ശനിയാഴ്ചയാണ് ജാമ്യനടപടികൾ പൂർത്തിയാക്കി സ്വപ്ന സുരേഷ് ജയിൽമോചിതയായത്. ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ എല്ലാം പിന്നീട് പറയാമെന്ന് മാത്രമായിരുന്നു സ്വപ്നയുടെ പ്രതികരണം. തുടർന്ന് അമ്മയ്ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കാണ് പോയത്. ബാലരാമപുരത്തെ വീട്ടിൽവെച്ച് സ്വപ്ന മാധ്യമങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇപ്പോൾ പ്രതികരിക്കില്ലെന്നാണ് അമ്മ പ്രഭ സുരേഷ് പറഞ്ഞിരുന്നത്. കുറേകാര്യങ്ങൾ പറയാനുണ്ടെന്നും പ്രഭ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു..

ഉയരുന്നത് നിർണായക ചോദ്യങ്ങൾ
മുഖ്യമന്ത്രിയുടെ പേരടക്കം പറയാൻ കേന്ദ്ര ഏജൻസികൾ തന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നത്. ആ വാദത്തിൽ സ്വപ്ന ഉറച്ച് നിൽക്കുന്നോ? സ്വപ്നയെ കുടുക്കിയതാര്? ആരാണ് സ്വപ്നയുടെ 'ബോസ്'? നയതന്ത്രബാഗേജ് വഴി എട്ട് തവണയോളം സ്വർണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും സ്വപ്നയെ സഹായിച്ചതും ആര്? അറ്റാഷെ അടക്കമുള്ളവർക്ക് സ്വർണക്കടത്തിലുള്ള പങ്കെന്ത്? സരിത്തും മറ്റ് കൂട്ടുപ്രതികളുമല്ലാതെ ഈ കേസിൽ കാണാമറയത്ത് ആരെങ്കിലുമുണ്ടോ? സ്വപ്നയെ കുടുക്കിയതെങ്കിൽ ആരായിരുന്നു പിന്നിൽ? സംസ്ഥാനസർക്കാരിന് കീഴിൽ ഐടി വകുപ്പിലെ ഉന്നതപദ്ധതികളിലൊന്നിൽ സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെങ്ങനെ? ആരാണ് ഈ നിയമനത്തിന് പിന്നിൽ? വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയ സ്വപ്നയ്ക്ക് മുന്നിൽ ഉന്നതനിയമനങ്ങൾക്ക് വഴികൾ തുറന്നിട്ടതാര്? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായി സ്വപ്നയ്ക്കുള്ള ബന്ധമെന്ത്, അതുപയോഗിച്ച് എന്തെല്ലാം അധികാരദുർവിനിയോഗങ്ങൾ സ്വപ്ന നടത്തി? ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കമ്മീഷൻ വാങ്ങുന്നതടക്കമുള്ള അഴിമതികളിലേക്ക് എത്തിയതെങ്ങനെ? കേന്ദ്ര ഏജൻസികൾ ഇതിൽ സംസ്ഥാനസർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പറയാൻ സ്വപ്നയ്ക്ക് മേൽ എങ്ങനെയാണ് സമ്മർദ്ദം ചെലുത്തിയത്? ഇപ്പോൾ കേന്ദ്രഏജൻസികൾ ഹാജരാക്കിയ കുറ്റപത്രങ്ങളിലെ പല വകുപ്പുകളും, യുഎപിഎ അടക്കം നിലനിൽക്കുന്നതല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചതിനെക്കുറിച്ച് സ്വപ്നയ്ക്ക് പറയാനുള്ളതെന്ത്? - അങ്ങനെ നിരവധി നിരവധി ചോദ്യങ്ങൾക്ക് മറുപടി പറയാനുണ്ട് സ്വപ്നയ്ക്ക്.

കേസിന്റെ നാൾ വഴി ഒറ്റനോട്ടത്തിൽ
2020 ജൂൺ 30: നയതന്ത്ര ബാഗിലൂടെ മുപ്പതു കിലോ ഗ്രാം സ്വർണം ദുബായിൽനിന്നെത്തി. 2020 ജൂലൈ 05: യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാഗ് തുറന്ന് പരിശോധിച്ച് സ്വർണം പുറത്തെടുത്തു. കസ്റ്റംസ് കേസെടുത്തു. സരിത് കസ്റ്റഡിയിൽ. 2020 ജൂലൈ 10: യുഎപിഎ ചുമത്തി എൻഐഎ കേസെടുത്തു. 2020 ജൂലൈ 11: സ്വപ്ന സുരേഷ് ബെംഗലൂരിവിൽനിന്ന് അറസ്റ്റിലായി. സന്ദീപ് നായരും ഒപ്പം പിടിയിലായി. 2020 ഒക്ടോബർ 7: സ്വപ്ന അടക്കമുള്ള മൂന്നു പേരെ പ്രതികളാക്കി എൻഫോഴ്‌സ്‌മെന്റ് പ്രാഥമിക റിപ്പോർട്ട് നൽകി. 2020 ഡിസംബർ 24: സ്വപ്നയടക്കമുള്ളവക്കെതിരെ ഇഡി കുറ്റപത്രം. 2021 ജനുവരി 05: സ്വപ്നയടക്കമുള്ളവരെ പ്രതികളാക്കി എൻ ഐ എ കുറ്റപത്രം. 2021 നവംബർ 02: എൻഐഎ കേസിൽ സ്വപ്നയ്ക്ക് ജാമ്യം