ന്യൂഡൽഹി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇ.ഡി.യുടെ നീക്കത്തിന് തടയിടാൻ നിയമ പോരാട്ടത്തിനൊരുങ്ങി എം ശിവശങ്കർ. ഇ.ഡി.യുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു.

ബെംഗളൂരുവിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടർ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആലോചിക്കുന്നതിനിടയിലായിരുന്നു ഇഡിയുടെ നിർണ്ണായക നീക്കം.

സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാൻ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഉന്നത തല കൂടിയാലോചനകൾക്ക് ശേഷമാണ് ഇഡി ട്രാൻസ്ഫർ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള സെഷൻസ് കേസ് 610/2020 കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നേരത്തെ സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ നാല് പ്രതികളാണ് ഉള്ളത്. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിങ്ങനെയാണ്.

മുഖ്യമന്ത്രിക്ക് എതിരായ രഹസ്യ മൊഴി ഇ.ഡി സുപ്രീംകോടതിക്ക് കൈമാറിയാൽ ബംഗ്ലൂരുവിലേക്ക് കേസ് കൊണ്ടു പോയി 'പിണറായി കുടുംബത്തെ' കുടുക്കാനുള്ള നീക്കം തടയാൻ ലക്ഷ്യമിട്ടാണ് മുതിർന്ന ഐഎഎസുകാരൻ നിയമ പോരാട്ടത്തിന് നേരിട്ട് രംഗത്തിറങ്ങിയത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് നീക്കമെങ്കിൽ അതിനെ എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ച് സംസ്ഥാനസർക്കാർ തലത്തിൽ ചർച്ച തുടങ്ങി.

മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പോലും ലഭിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജിയെ എതിർത്ത് ഹാജരാകാൻ ശിവശങ്കർ തീരുമാനിച്ചത്.

ഇ.ഡി.യുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സർക്കാരിന്റെയും ശിവശങ്കറിന്റെയും വിലയിരുത്തൽ. സമീപകാലത്ത് ഒന്നും വിചാരണ ആരംഭിക്കാൻ ഇടയില്ലാത്ത കേസിൽ ട്രാൻസ്ഫർ ഹർജിയുമായി ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത് വിഷയം രാഷ്ട്രീയ വിവാദം ആക്കാനാണെന്ന് സർക്കാരും കരുതുന്നു.

സംസ്ഥാന സർക്കാരിനും ശിവശങ്കറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി ട്രാൻസ്ഫർ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. തനിക്ക് എതിരായ ആരോപണങ്ങളെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ ശക്തമായി എതിർക്കും. എന്നാൽ തങ്ങൾക്കെതിരായ ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്ന് ആലോചിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ.

ട്രാൻസ്ഫർ ഹർജിയിൽ ശിവശങ്കർ ഉൾപ്പടെ നാല് എതിർകക്ഷികളാണുള്ളത്. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഹർജിയിൽ ഇ.ഡി സർക്കാരിനെ എതിർ കക്ഷിയാക്കിയിട്ടില്ല. ഹർജി പരിഗണിക്കുമ്പോൾ മുഖ്യമന്ത്രിക്കോ, സർക്കാരിനോ എതിരെ കോടതിയിൽ നിന്ന് പരാമർശം ഉണ്ടാകുമോയെന്ന ആശങ്ക സർക്കാരിനുണ്ട്. അങ്ങനെ ഉണ്ടാകുകയാണെങ്കിൽ അത് മുഖ്യമന്ത്രിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഇതിനെ എങ്ങനെ മറികടക്കാം എന്നതിനെ സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സൂചന.

സാക്ഷികളെ ഉൾപ്പടെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് ഇഡിയുടെ ട്രാൻസ്ഫർ ഹർജിയെന്നാണ് സൂചന. കേസിലെ പ്രതിയായ എം ശിവശങ്കർ ഇപ്പോഴും സർക്കാരിൽ നിർണ്ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥൻ ആണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടുലകൾ ഉണ്ടാകുമോയെന്ന് സംശയിക്കുന്നതായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്.

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി ജൂൺ 22, 23 തീയ്യതികളിൽ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയിൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തിൽ ആയിരുന്നു പുതുതായി മൊഴി രേഖപെടുത്തിയത്. ഈ മൊഴിയിൽ സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരെ കുറിച്ചും, വഹിച്ചവരെ കുറിച്ചും, അവരുടെ അടുത്ത കുടുംബ അംഗങ്ങളെ സംബന്ധിച്ചുമുള്ള ഗുരുതരമായ ചില ആരോപണങ്ങൾ സ്വപ്ന ഉന്നയിച്ചതായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സ്വപ്നയുടെ പുതിയ മൊഴിക്ക് ശേഷമാണ് കേസ് കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് മാറ്റാൻ ഇഡി നടപടി ആരംഭിച്ചത്. സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഡൽഹിയിൽ മുതിർന്ന സർക്കാർ അഭിഭാഷകരുമായി കൂടിയാലോചനകൾ നടന്നു. സർക്കാർ അഭിഭാഷകരുടെ നിയമ ഉപദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും, നിയമ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്ത ശേഷമാണ് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണവും തുടർ നടപടികളും ഉണ്ടാകുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇത് കൂടി കണക്കിലെടുത്താണ് ട്രാൻസ്ഫർ ഹർജിയെന്നാണ് സൂചന.

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി നടത്തിയ അന്വേഷണം തടസ്സപെടുത്താൻ സംസ്ഥാന സർക്കാർ മുമ്പും ഇടപെടലുകൾ നടത്തിയെന്ന് കേന്ദ്രം വിലയിരുത്തുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആയിരുന്നു ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സെഷൻസ് കോടതിയിലെ നടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇഡി ഉദ്യോഗസ്ഥർക്കെതിരെ മുമ്പ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് പോലുള്ള നടപടികൾ ഉണ്ടാകുമോയെന്ന ആശങ്കയും കേന്ദ്ര സർക്കാരിനുണ്ട്. ഇതും ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്യുന്നതിനുള്ള ഒരു ഘടകമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.