തൃശ്ശൂർ: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദന. ജയിലിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്വപ്നയെ വിയ്യൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സ്വപ്നയെ വിയ്യൂർ ജയിലിലായിരുന്നു താമസിപ്പിച്ചിരുന്നത്. കേസിലെ മറ്റ് പ്രതികൾക്ക് പിന്നാലെ സ്വപ്ന സുരേഷിനെയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെത്തിച്ചിരുന്നു. മറ്റ് പ്രതികളെ മുമ്പ് അതിസുരക്ഷാ ജയിലിൽ എത്തിച്ചിരുന്നെങ്കിലും പ്രത്യേക വനിതാ ബ്ലോക്ക് ഇല്ലാത്തതിനാൽ സ്വപ്ന കാക്കനാട് ജയിലിൽ തന്നെ തുടരുകയായിരുന്നു.നടപടിക്രമം പൂർത്തിയാക്കി വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്.

എൻ.ഐ.എയും കസ്റ്റംസും അറസ്റ്റ് ചെയ്ത മുഹമ്മദ് അൻവർ, ഹംജദ് അലി, ടി.എം. സംജു, ഹംസത് അബ്ദു സലാം തുടങ്ങിയവരെയാണ് നേരത്തെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.സ്വർണക്കടത്തു കേസിൽ 20ഓളം പേരെ എൻ.ഐ.എയും കസ്റ്റംസും പിടികൂടിയെങ്കിലും കെ.ടി. റമീസ്, സന്ദീപ് നായർ തുടങ്ങി കേസിലെ പ്രധാന പ്രതികളെ അതിസുരക്ഷാ ജയിലിലെത്തിച്ചിട്ടില്ല. പ്രതികളിൽ ഒട്ടുമിക്കവർക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുള്ളതിനാലാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.