കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട. 1.2 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൂന്നു കിലോ സ്വർണ മിശ്രിതമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് പിടിച്ചെടുത്തത്. ഇതു കൂടാതെ സ്വർണച്ചെയിനും പിടിച്ചെടുത്തിട്ടുണ്ട്.

മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. മുസ്തഫ, ഷാഫി, ലുക്മാൻ എന്നിവരാണ് പിടിയിലായത്. മുസ്തഫ കുനിയത്ത് എന്ന വടകര സ്വദേശിയിൽ നിന്നും 1320 ഗ്രാം സ്വർണമാണ് പിടികൂടിയത്.

സോക്സിനുള്ളിൽ മിശ്രിത രൂപത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. കാസർകോട് ഉപ്പള സ്വദേശി ഷാഫിയിൽ നിന്നും 1030 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി ലുക്മാൻ 1086 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

സ്വർണമിശ്രിതത്തിന് പുറമെ, ലുക്മാനിൽ നിന്നും 50 ഗ്രാം സ്വർണച്ചെയിനും പിടിച്ചെടുത്തിട്ടുണ്ട്. ധരിച്ച പാന്റിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കിയാണ് ഷാഫിയും ലുക്മാനും സ്വർണമിശ്രിതം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.