കൊച്ചി: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്ന പുതിയ സേവനവുമായി ഗൂഗിൾ. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചാണ് വെള്ളപ്പൊക്ക പ്രവചനം നടത്തി ഇന്ത്യയിലുടനീളം ബാധിത പ്രദേശങ്ങളിലെ ആളുകൾക്ക് ജാഗ്രതാ അറിയിപ്പുകൾ നൽകുന്നത്. ബാധിത പ്രദേശത്ത് ലൊക്കേഷൻ സേവനങ്ങൾ ലഭ്യമായ ആൻഡ്രോയിഡ് സ്്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരു ഉപയോക്താവിനും ഈ അലേർട്ടുകൾ ലഭിക്കും. ഈ അലേർട്ടുകൾ സമയബന്ധിതവും അപ്ഡേറ്റുചെയ്തതും നിർണ്ണായകവുമായ വിവരങ്ങൾ നൽകുന്നതാണ്. അത് ഉപയോക്താക്കൾക്കും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷാ മുൻകരുതലുകളെടുക്കാൻ സഹായിക്കുന്നു.

ഉപകരണ ഭാഷയും ഉപയോക്താക്കളുടെ ലൊക്കേഷനും അനുസരിച്ച് നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് അറിയിപ്പുകൾ നൽകുന്നത്. പ്രദേശത്തെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് ചോദ്യങ്ങളിലൂടെയും വിവരങ്ങൾ തേടാം. നിലവിൽ വെള്ളപ്പൊക്ക സാഹചര്യം ഉണ്ടെങ്കിൽ അടുത്ത ദിവസം ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതുൾപ്പെടെയുള്ള പ്രധാന വിവരങ്ങളുടെ വിഷ്വൽ അവലോകനങ്ങളും ലഭ്യമാകും. വെള്ളപ്പൊക്ക പ്രദേശങ്ങളെ സൂചിപ്പിക്കുന്ന ഒരു കളർ-കോഡഡ് മാപ്പും കാണാൻ കഴിയും. ഈ മാപ്പിൽ ക്ലിക്കുചെയ്യുമ്പോൾ ഗൂഗിൾ മാപ്സിൽ കൂടുതൽ വിശദമായ കാഴ്ച ലഭിക്കും. ജലനിരപ്പിനെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ സൂം ഇൻ ഓപ്ഷനും ലഭ്യമാണ്. ഇന്ത്യയിൽ എവിടെയിരുന്നും ഈ സേവനം ഉപയോഗിക്കാൻ കഴിയും. ബാധിത പ്രദേശങ്ങളിലെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വിവരങ്ങൾ തത്സമയം അറിയാൻ ഇത് സഹായിക്കുന്നു.