മുതലാളിത്ത വ്യവസ്ഥിതിയുടെ അടിസ്ഥാനം ചൂഷണം ആണെന്നും, ചൂഷണത്തിലൂടെ അല്ലാതെ വൻതോതിൽ ലാഭമുണ്ടാക്കാൻ കഴിയില്ല എന്നതും, മാർക്സിസത്തിന്റെ ഹാങ്ങോവർ ഇനിയും വിട്ടുമാറിയിട്ടില്ലാത്ത ശരാശരി മലയാളി വിശ്വസിക്കുന്ന സാമ്പത്തിക അന്ധവിശ്വാസങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇതിൽ മുതലാളിത്തം എന്ന വാക്കുപോലും മലയാളി പലപ്പോഴും തെറ്റായാണ് ഉപയോഗിക്കുന്നത്. കാപ്പിറ്റലിസം എന്ന ഇംഗ്ലീഷ് വാക്കിന്റെ യഥാർഥ തർജ്ജമ മൂലധന സാമ്പത്തിക വ്യവസ്ഥ എന്നാണ്. എന്നാൽ അതിന് ഒരു 'ത്രില്ലില്ലാത്തതിനാൽ' കമ്യൂണിസ്റ്റ് ആചാര്യന്മാർ അതിനെ മുതലാളിത്തമാക്കി. എന്നാൽ യഥാർഥത്തിൽ ഒരു കാപ്പിറ്റലിസ്റ്റ് ഇക്കണോമിയിൽ ലാഭം ഉണ്ടാക്കുന്നതിന്, തൊഴിലാളികളെ അടിമപ്പണി എടുപ്പിക്കണമെന്നോ, 'മിച്ചമൂല്യം' ചൂഷണം ചെയ്യണമെന്നോ ഉള്ള യാതൊരു ആവശ്യവുമില്ലെന്ന് ആധുനിക കാലത്ത് ഐ.ടി തൊട്ട് ഡിജിറ്റൽ രംഗത്തുനിന്നുവരെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്.

ഇപ്പോൾ നമ്മുടെ നാട്ടിലെ പെട്ടിക്കടകളിൽപോലുമുള്ള ഡിജിറ്റൽ മണി എക്സ്ചേഞ്ച് ആപ്പുകളെ നോക്കുക. പണ്ടൊക്കെ ഒരു ബാങ്ക് ഇടപാടിന് നാം എന്ത് ബുദ്ധിമുട്ടുമായിരുന്നു. യാത്ര ചെയ്യണം, ക്യൂ നിൽക്കണം, ഫോം പൂരിപ്പിക്കണം... ഇപ്പോൾ ഒറ്റക്ലിക്കിന് ഗൂഗിൾ പേ വഴി നിങ്ങൾക്ക് പണം അയക്കാൻ കഴിയുന്നു. നോക്കുക പണം അയക്കുന്നവനിൽനിന്നും സ്വീകരിക്കുന്നവനിൽനിന്നും ഒരു രൂപപോലും ഡിജിറ്റൽ പേമെന്റ് ആപ്പുകൾ ഈടാക്കുന്നില്ല. ഒരു ചൂഷണവും നടത്താതെ ഓരോ മിനിട്ടിലും അവർ കോടികളുടെ ഇടപാടുകൾ നടത്തുന്നു. ലക്ഷങ്ങൾ ലാഭം കൊയ്യുന്നു. ഇവരുടെ സാമ്പത്തിക ശാസ്ത്രം നമ്മുടെ പരമ്പരാഗത മാർക്സിയൻ ധാരണകളെ പൊളിച്ചടുക്കുന്നതാണ്.

മോദിയുടെ 2014ലെ നോട്ടുനിരോധനം വൻ ദുരന്തമായെങ്കിലും അതുകൊണ്ടുണ്ടായ ഒരു ഗുണമാണ് ക്യാഷ്‌ലെസ്സ് ഇക്കണോമി. പെട്ടിക്കടകൾപോലും പേടിഎം ആയകാലമായിരുന്നു അത്. സത്യത്തിൽ ക്യാഷ് ലെസ്സ് ഇക്കോണമിയുടെ സാധ്യതകൾ ഗുണകരമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് നമ്മുടേത്. നോട്ട് അടിക്കുക, നിലനിർത്തുക എന്നതൊക്കെ വളരെ ചെലവ് പിടിച്ച പണിയാണ്. ഡിജിറ്റൽ മണിയിലെ എല്ലാ ഇടപാടുകൾക്കും രേഖയുണ്ട്. അതുകൊണ്ടുതന്നെ കള്ളനോട്ടുപോലെ കള്ളപ്പണത്തിന്റെയും സാധ്യതകൾ അത് കുറക്കും. ഭാവിയിൽ ലോകം പേപ്പർ കറൻസി ഇല്ലാത്തത് ആവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. കമ്യൂണിസ്റ്റ് ചൈനയിൽ പലയിടത്തും പേപ്പർ കറൻസികൾ ഇല്ലാത്ത അവസ്ഥയാണ്. യൂറോപ്പിലും പലയിടത്തും അത് സംഭവിക്കുന്നു. ഭാവിയിൽ ഇന്ത്യയും അതേ വഴിക്ക് നീങ്ങേണ്ടി വരും

എന്താണ് ഗൂഗിൾ പേ, അത് സുരക്ഷിതമോ?

മിക്കവാറും എല്ലാ ഉപയോക്താക്കൾക്കും അറിയാവുന്ന ഒരു പേയ്മെന്റ് ആപ്പാണ് ഗൂഗിൾ പേ. എന്നാൽ വളരെ കുറച്ചുപേർക്ക് മാത്രമേ അതിന്റെ യഥാർത്ഥ ആപ്ലിക്കേഷനെക്കുറിച്ചും പ്രത്യേകിച്ച് ഇലക്ട്രോണിക് കൊമേഴ്‌സ് മേഖലയെക്കുറിച്ചും അറിയൂ. ഈ അർത്ഥത്തിൽ, ഗൂഗിൾ പേ, മുമ്പ് ഗൂഗിൾ വിത്ത് ഗൂഗിൾ എന്നും ആൻഡ്രോയിഡ് പേ എന്നും അറിയപ്പെട്ടിരുന്നു. പുറത്തിറങ്ങിയപ്പോൾ ഗൂഗിൾ തേസ് എന്നറിയപ്പെട്ടിരുന്ന ആപ്പാണിത്. ശേഷം ഗൂഗിൾ പേയെന്ന് പേര് മാറ്റുകയായിരുന്നു. ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പരിലൂടെ യു.പി.ഐ പേമെന്റ് നടത്താൻ സഹായിക്കുന്ന ഗൂഗിളിന്റെ സ്വന്തം ആപ്പായ ഗൂഗിൾ പേയുടെ പ്രവർത്തനം വളരെ ലളിതമാണ്. ഇതെ ഫോൺ നമ്പർ തന്നെയായിരിക്കണം നിങ്ങളുടെ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും ഉറപ്പുവരുത്താൻ മറക്കരുത്. കാരണം ഗൂഗിൾ-പേയുടെ പ്രവർത്തനം ഫോൺ നമ്പർ അധിഷ്ഠിതമായാണ്.

ഫോൺ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടു വഴി പണം കൈമാറാനുള്ള ഏറ്റവും സുതാര്യമായ മാർഗമാണ് ഗൂഗിൾ പേ. നേരിട്ടുള്ള ഇന്റർനെറ്റ് ബാങ്കിങ് പോലെയത്ര കടുപ്പമുള്ളതല്ല ഇതിന്റെ ഉപയോഗം. സ്മാർട്ട്‌ഫോണും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ വളരെ ലളിതമായി ഏതു സമയവും പണം കൈമാറാനാകുമെന്ന പ്രത്യേകതയും ആപ്പിനുണ്ട്. കൂടാതെ പണം കൈമാറുന്നവർക്കും ലഭിക്കുന്നവർക്കുമായി നിരവധി കാഷ് ബാക്ക് ഓഫറുകളും ഗൂഗിൾ നൽകുന്നുണ്ട്.

ഗൂഗിൾ പേയുടെ ഫലസിദ്ധി സംബന്ധിച്ച് നിരവധി പഠനങ്ങൾ ലോകത്തിൽ നടന്നിട്ടുണ്ട്. ഇടപാടുകളിൽ 99.99 ശതമാനമാണ് പലപ്പോഴും ആക്വറിസി കിട്ടിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിൾ പേയിൽനിന്ന് അയച്ച പണം ഉപഭോക്താവിന് കിട്ടിയില്ലെങ്കിൽ അത് നഷ്ടമാവുമെന്നത് തെറ്റിദ്ധാരണയാണ്. സാധാരണ ഗതിയിൽ ഒരു ട്രാൻസാക്ഷൻ എറർ വന്നാൽ പണം 48 മണിക്കൂറിനുള്ളിൽ തിരികെ വരും. ഗൂഗിൾ പേയുടെ കുഴപ്പം കൊണ്ടല്ല ബാങ്കിന്റെ സെർവർ പ്രശ്നം കൊണ്ടും, നെറ്റ് വർക്ക് ദുർബലമാവുന്നതു കൊണ്ടുമാണ് പ്രശ്നങ്ങൾ ഉണ്ടാവാറുള്ളത്. ഗൂഗിൾ പേ എന്നത് ഒരു ആഗോള ബ്രാൻഡാണ്. നിങ്ങളുടെ പണം തട്ടിയെടുക്കണം എന്ന ഉദ്ദേശമൊന്നും അതിനില്ല. അഥവാ നിങ്ങൾക്ക് പണം പോയാൽ പരാതിപ്പെടാനുള്ള അവസരവും ഉണ്ട്. അത് നെറ്റിൽ സേർച്ച് ചെയ്താൽ ലഭിക്കും. പക്ഷേ പ്രചാരണം ഗൂഗിൾ പേയിൽ പണം പോയാൽ പരാതിപ്പെടാൻ കഴിയില്ല എന്നതാണ്. മാത്രമല്ല നിങ്ങളുടെ സർവീസ് പ്രാവൈഡറായ ബാങ്കിനും ഈ വിഷയത്തിൽ ഉത്തരവാദിത്വം ഉണ്ട്. നിങ്ങൾക്ക് ബാങ്കിങ് ഒംബുഡ്സ്മാനിലും പരാതിപ്പെടാം. പക്ഷേ ബാങ്ക് ജീവനക്കാർക്കുപോലും ഇത് അറിയില്ല. അഥവാ ആരെങ്കിലും വിളിച്ചു ചോദിച്ചാൽ ഇതിൽ ഞങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല എന്ന മറുപടിയാണ് അവർ നൽകുക.

ഒരിക്കലും പണം നഷ്ടമാവില്ലെന്ന് പഠനങ്ങൾ

ഇന്ത്യയിൽ ഗൂഗിൾ പേ വഴി പണം പോയവരുടെ സേർച്ച് ഹിസ്റ്ററി പരിശോധിക്കുന്നത് രസകരമാണ്. ഇങ്ങനെ പണം പോയി എന്ന് പറയുന്നവരിൽ 90 ശതമാനവും നമ്പർ മാറി അയച്ചവർ ആണ്. മറ്റൊന്ന് ബാങ്കിന്റെ സെർവർ പ്രശ്നം മൂലം ഡിലേ വന്നവരും. ഒഒരു അഞ്ചൂറുരൂപ പോയി നിങ്ങൾ പോസ്റ്റിട്ടാൽ അത് ഗൂഗിൾ പേ എന്ന ബ്രാൻഡിന് ഉണ്ടാവുന്ന തിരിച്ചടി അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഗൂഗിൾപേ ടീം പരാതികൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

നോട്ടുനിരോധാനത്തിന്റെ സമയത്താണ് ഇന്ത്യയിൽ ഗൂഗിൾ പേ തരംഗം ആഞ്ഞടിച്ചത്. ആ സമയത്ത് പലരും പുതുതായി ഈ അപ്പുകൾ ഉപയോഗിക്കാൻ തുടങ്ങി. ആ സമയത്ത് പഴയത തലമുറയിൽപെട്ട പലർക്കും ഉണ്ടായ ഒരു തോന്നലാണ് പണം നഷ്ടമായി എന്നത് എന്നതും ഇതിനെ 'ജനറേഷൻ ഷോക്ക് ' എന്നാണ് ഞങ്ങൾ പറയുന്നതുമെന്നാണ് ഗൂഗിർ പേ വക്താവ് ആകാശ് കോത്തരി പറഞ്ഞത്. ജനങ്ങൾ ആപ്പുമായി സുപരിചിതർ ആയതോടെ പരാതിയും കുറഞ്ഞു. ഇന്ന് ഓരോ സെക്കൻഡിലും ഇന്ത്യയിൽ ലക്ഷങ്ങളുടെ ഇടപാടാണ് ഗൂഗിൾ പേ വഴി നടക്കുന്നത്. ലോകത്ത് കോടികളും.

പണം ഇടപാടുകൾക്ക് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നത് സമയ ലാഭം മാത്രമല്ല സാമ്പത്തിക ലാഭവും നൽകാറുണ്ട്. ഓഫറുകളും റിവാർഡ്സ് പോയിന്റും പരമാവധി പ്രയോജനപ്പെടുത്തിയാൽ ചെറുതല്ലാത്ത തുക നേടാം
ഗൂഗിൾ പേ ആണ് പണം ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് എങ്കിൽ പരമാവധി 9,000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാൻ അവസരമുണ്ട്. റെഫറൽ കോഡ് ഉപയോഗിച്ച് ആണ് ആപ്പ് ഡൗൺലോഡ് ചെയ്ത് ആദ്യ ട്രാൻസാക്ഷൻ നടത്തുന്നത് എങ്കിൽ 51 രൂപ ലഭിക്കും. മറ്റ് പോയിന്റുകൾക്ക് വിവിധ റിവാർഡ്സ് പോയിന്റുകളും ലഭ്യമാണ്.

നമ്മുടെ സുഹൃത്തുക്കൾക്കും മറ്റും ഗൂഗിൾ പേ റെഫറൽ ലിങ്കുകൾ നൽകാം. പരമാവധി 50 പേർക്ക് വരെ ഇങ്ങനെ ലിങ്കുകൾ നൽകാൻ ആകും. നമ്മുടെ സുഹൃത്തുക്കൾ ഈ ലിങ്ക് ഉപയോഗിച്ച് ആപ്പ് ഡൗൺലോഡ് ചെയ്ത് ട്രാൻസാക്ഷൻ നടത്തിയാൽ 51 രൂപ വീതം നമുക്കും അവർക്കും ലഭിക്കും. ആദ്യ ട്രാൻസാക്ഷന് ആണ് ഇത് ലഭിക്കുക.തുടക്കത്തിൽ 21 രൂപയായിരുന്നെങ്കിലും ഇപ്പോൾ റെഫറൽ കോഡിന് 51 രൂപ വീതമാണ് ലഭിക്കുക. ഇതുമാത്രമല്ല ഗൂഗിൾ പേ ഉപയോഗിച്ച് നടത്തുന്ന പണം ഇടപാടുകൾക്ക് റിവാർഡ്സ് പോയിന്റുകൾ നേടാം. പരമാവധി ഒരു അക്കൗണ്ടിന് 9,000 രൂപ വരെ നേടാൻ അവസരമുണ്ട്. കമ്പനിയുടെ പ്രമോഷണൽ ഓഫറുകളുടെ ഭാഗമായി ആണ്.

10 ബില്യൻ ഡോളർ മൂല്യമുള്ള പേടിഎം

ഗൂഗിൾ പേ കഴിഞ്ഞാൽ ഇന്ത്യയിലും കേരളത്തിലും ഏറ്റവും പ്രചാരത്തിലുള്ളത് പേ ടി എം ആണ്. ഉത്തർപ്രേദേശിലെ നോയിഡയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഇതിന്റെ ആസ്ഥാനം. പേടിഎം 11 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. കൂടാതെ മൊബൈൽ റീചാർജുകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, യാത്ര, സിനിമകൾ, ഇവന്റ് ബുക്കിങ് എന്നിവ പോലുള്ള ഓൺലൈൻ ഉപയോഗ സേവനങ്ങളും, പലചരക്ക് കടകൾ, പച്ചക്കറി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, പാർക്കിങ്, ടോളുകൾ തുടങ്ങി അനവധി നിരവധി ആവശ്യങ്ങൾക്ക് പേടിഎം ഇന്ന് ഉപയോഗിക്കുന്നു. ക്യുആർ കോഡ് ഉപയോഗിക്കുക വഴി പേടിഎം കൂടുതൽ ജനകീയമായി. 2018 ജനുവരിയിലെ കണക്കനുസരിച്ച് പേടിഎമ്മിന്റെ മൂല്യം 10 ബില്യൺ ഡോളറാണ്.

ന്യൂഡൽഹിയോട് ചേർന്നുള്ള നോയിഡ ആസ്ഥാനമായി, 2010ൽ രണ്ട് മില്യൺ ഡോളറിന്റെ പ്രാരംഭ മുതൽ മുടക്കിൽ വിജയ് ശേഖർ ശർമയാണ് പേടിഎം സ്ഥാപിച്ചത്. പ്രീപെയ്ഡ് മൊബൈൽ, ഡിടിഎച്ച് റീചാർജ് പ്ലാറ്റ്‌ഫോമായിട്ടായിരുന്നു തുടക്കം. പിന്നീട് 2013 ൽ ഡാറ്റ കാർഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ, ലാൻഡ്‌ലൈൻ ബിൽ പേയ്‌മെന്റുകൾ എന്നിവ കൂടിചേർത്ത് പേടിഎം സേവനങ്ങൾ വിപുലീകരിച്ചു. 2014 ജനുവരി ആയപ്പോഴേക്കും കമ്പനി പേടിഎം വാലറ്റ് പുറത്തിറക്കി. ഇന്ത്യൻ റെയിൽവേയും ഉബറും ഇത് അവരുടെ ഒരു പേയ്‌മെന്റ് ഓപ്ഷനായി ചേർത്തു. വിദ്യാഭ്യാസ ഫീസ്, മെട്രോ, റീചാർജുകൾ, വൈദ്യുതി, ഗ്യാസ്, വാട്ടർ ബിൽ പേയ്മെന്റുകൾ എന്നിവ പോലുള്ള കൂടുതൽ ഉപയോഗ സംവിധാനങ്ങൾ 2015 ൽ പുറത്തിറക്കയതോടെ പേടിഎമ്മിന്റെ പ്രചാരം വർദ്ധിച്ചു.

എങ്ങനെയാണ് ഇവർ കോടികൾ ഉണ്ടാക്കുന്നത്?

നിങ്ങൾ ഒരാൾക്ക് നൂറുരൂപ ഗൂഗിൾ പേ വഴി അയച്ചാൽ അയാൾക്ക് അത്രയും തുക തന്നെ കിട്ടും. നിങ്ങളിൽനിന്നോ അയാളിൽനിന്നോ ഒരു പൈസപോലും അവർ പിടിക്കുന്നില്ല. പിന്നെ എവിടെയാണ് ലാഭം. അതിനെയാണ് ഫിൻടെക്ക് ഇന്റലിജൻസ് എന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.

ഫിൻ ടെക്ക് കമ്പനികൾ എന്നാണ് ഇത്തരം കമ്പനികൾക്ക് പറയുക. അതായത് ഫിനാൻസും ടെക്ക്നോളജിയും സമ്മേളിച്ചവ. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, പോളിസി ബസാർ തുടങ്ങിയവയാണ് നാം അറിയുന്നത്. ലോകത്തിന്റെ നാനാഭാഗത്തായി ഇപ്പോൾ നിരവധി ഫിൻ ടെക്ക് കമ്പനികൾ മുളച്ചുപൊന്തുന്നുണ്ട്. കേരളത്തിന്റെ സ്വന്തം ആപ്പ് എന്ന് പറഞ്ഞ് ഒരു ടീം ഇപ്പോൾ നമ്മുടെ നാട്ടിലും പരസ്യം ചെയ്യുന്നുണ്ട്. പേടിഎമ്മും പോളിസി ബസാറും ഇപ്പോൾ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലിസ്റ്റ് ചെയ്ത ദിവസം പേടിഎം ഷെയർ വലിയ തകർച്ചയാണ് രേഖപ്പെടുത്തിയത്.

പക്ഷേ പല ആളുകൾക്കും ഇപ്പോഴും ഇവരുടെ ബിസിനിസ് മോഡൽ മനസ്സിലായിട്ടില്ല. ആമസോൺ പ്രൈം അടക്കമുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഒരു പരസ്യവും വാങ്ങാതെ, ചെറിയ സബ്സ്‌ക്രിപഷ്ൻ തുക വാങ്ങി വൻ ലാഭം ഉണ്ടാക്കുന്നില്ലേ. അതുപോലത്തെ ഒരു ഇടപാടാണ് ഫിൻ ടെക്ക് കമ്പനികളും ചെയ്യുന്നത്.

നിങ്ങൾ ക്രെഡിറ്റ് കാർഡ് കൊടുത്ത് ഒരു സാധനം വാങ്ങിക്കുകയാണെങ്കിൽ, കടയുടമയുടെ അക്കൗണ്ടിൽനിന്ന് ചെറിയൊരു തുക, ബാങ്ക് ഈടാക്കും. ഇതിനാണ് എം.ഡി.ആർ അഥവാ മർച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും കടയുടമകൾക്ക് ക്യാഷ് പർച്ചേസ് ആയിരുന്നു താൽപ്പര്യം. ബാങ്ക് ഇഷ്യൂ ചെയ്യുന്ന കാർഡുകൾ ആയിരിക്കും നിങ്ങളുടെ കൈയിൽ ഉണ്ടാവുക. ബാങ്കിന് ഈ ടെക്ക്നോളജി നൽകുന്ന കമ്പനികൾ ആണ് മാസ്റ്റർ കാർഡ്, വിസ പോലുള്ളവ. കടയുടമ നൽകുന്ന കമ്മീഷൻ, ബാങ്കും മാസ്റ്റർ കാർഡ് പോലുള്ള സർവീസ് പ്രൊവൈഡറും ചേർന്ന് വീതിച്ചെടുക്കും. ഉദാഹരണമായി നിങ്ങൾ നൂറുരൂപ, വിലയുള്ള ഒരു സാധനത്തിനായി കാർഡ് സ്വൈപ്പ് ചെയ്താൽ, കടയുടമക്ക് ലഭിക്കുക 98 രൂപ മാത്രമായിരിക്കും. ഓരേ രൂപ വീതം ബാങ്കും സർവീസ് പ്രൊവൈഡറും പങ്കുവെക്കും. എല്ലായിപ്പോഴും ഇങ്ങനെയല്ല. പലതിനും പലരീതിയിലാണ് കമ്മീഷൻ.

വിസക്കും മാസ്റ്റർ കാർഡിനും ബദലായി ഇന്ത്യ കൊണ്ടുവന്നതാണ് റുപ്പെ കാർഡ്. ഇതിന്റെ ഗുണം, വളരെ കുറച്ച് കമ്മീഷനേ ഇടാക്കുന്നുവെന്നതാണ്.അതിനുശേഷമാണ് യു.പി.എ അഥവാ യൂണിഫൈഡ് പേമന്റ് ഇൻർഫേസ് എന്ന സംവിധാനം വന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൻ.പി.സിഐ ആണ് യു.പി.എ കൊണ്ടുവരുന്നത്. യു.പി.എ വന്നതോടെ എം.ഡി.ആർ എന്നത് പൂജ്യമായി. അതായത് കടയുടമ, യു.പി.എ വഴി ഒരു ഇടപാട് നടത്തിയാൽ യാതൊരു ട്രാൻസാക്ഷൻ ഫീസും നൽകേണ്ടതില്ല.

പിന്നെ എങ്ങനെയാണ് ഫിൻടെക്ക് കമ്പനികൾ നിലനിൽക്കുന്നത്? ബില്ലേസ് കമ്മീഷൻ എന്നതാണ് അവരുടെ പ്രധാന വരുമാന മാർഗം. ഉദാഹരമായി നിങ്ങൾ ഗൂഗിൾ പേയോ പേടിഎമ്മോ ഉപയോഗിച്ച്, ഫോൺ, കേബിൾ ടീവി, ബ്രോഡ് ബാൻഡ് തുടങ്ങിയവ റീച്ചാർജ് ചെയ്യുകയാണെങ്കിൽ, നിങ്ങൾ ആർക്കാണോ, പണം കൊടുക്കുന്നത് അവർ ചെറിയൊരു തുക ഈ ഫിൻടെക്ക് കമ്പനിക്ക് കമ്മീഷനായി കൊടുക്കും. ഉദാഹരണമായി നിങ്ങൾ നറുരൂപക്ക് ഗൂഗിൾ പേയിൽ ജിയോ ഫോൺ റീചാർജ് ചെയ്താൽ ഒന്നോ രണ്ടോ രുപ ഗൂഗിൾ പേക്ക് ജിയോ നൽകും. സിനിമാ ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ് അങ്ങനെയുള്ളവ എടുക്കുമ്പോഴും ഇതേ മോഡൽ കമ്മീഷൻ ലഭിക്കും. ഇതാണ് ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ നിലനിൽക്കുന്നത്. നോക്കുക എത്ര മനോഹരമായ സോഷ്യലിസം എന്ന് നോക്കുക. നമ്മുടെ നാട്ടിലെ സാധാരണ കച്ചവടക്കാരന് ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഒരു നഷ്ടവും വരുന്നില്ല. മറിച്ച് 'കുത്തക' എന്ന പദാവലിയിൽ നാം പെടുത്തിയ വലിയ കമ്പനികൾ ചെറിയ തുക തരുന്നു. പലതുള്ളി പെരുവെള്ളം പോലെ ഇത് വൻ തുകയാവുന്നു. ഓരോ മിനിട്ടിലും ലോകത്ത് ഗൂഗിൾ പേ ഉപയോഗിക്കുന്നവർ എത്രയുണ്ടാവും. കോടികളാണ് അവരുടെ പ്രതിദിന വരുമാനം.

ഫിൻ ടെക്ക് കമ്പനികൾക്ക് പലർക്കും സ്വന്തമായി പേമെന്റ് ഗേറ്റ്‌വേകൾ ഉണ്ട്. നിങ്ങളുടെ അക്കൗണ്ടും മർച്ചന്റിന്റെ അക്കൗണ്ടുമൊക്കെ ആക്സ്സ് ചെയ്യാവുന്ന ഒരു നെററ് വർക്കാണ് ഇത്. ഇത് മെയിന്റെയിൽ ചെയ്യുന്നതിന്, നല്ല ഇൻഫ്രാസ്ട്രക്ച്ചർ വേണം. സെക്യൂരിറ്റി പ്രശ്നം മറികടക്കണം. നിരന്തരം .അപ്ഡേറ്റ് ചെയ്യണം. ഡാറ്റാ പ്രൊട്ടക്ഷൻവേണം. വലിയ ചിലവുള്ള കാര്യമാണ്. പക്ഷേ ഈ പേമെന്റ് ഗേറ്റ്‌വേകളും ഇവർക്ക് പണം നേടിക്കൊടുക്കുന്നുണ്ട്. ഉദാഹരണമായി ഊബർ ഓല, എന്നിവ പേടിഎമ്മിന്റെേേ പമെന്റ് ഗേറ്റ്‌വേയാണ് ഉപയോഗിക്കുന്നു. ഇതിന് ഊബർ പേടിഎമ്മിന് മാസാമാസം സബ്സ്‌ക്രിപ്ഷൻ ഫീയായി നിശ്ചിത തുക കൊടുക്കണം. നിങ്ങൾ സ്വന്തമായി വെബ്സൈറ്റ് ഒക്കെ ഉണ്ടാക്കി ഒരു സാധനം വിൽക്കാൻ വച്ചാൽ, ഈ ഫിൻടെക്ക് കമ്പനികളുടെ പെയ്മെന്റ് ഗേറ്റ്‌വേ ചെറിയ ഒരു സബ്സ്‌ക്രിപ്ഷൻ കൊടുത്ത് വാങ്ങാം. ഗൂഗിൾ പേക്ക് സ്പോർട്സ് ആൻഡ് നിയർ ബൈ സ്റ്റോർസ് വഴി വലിയ ബിസിനസ് ഗ്രൂപ്പുകളുമായി പാർടർ ഷിപ്പുണ്ട്. ഫോൺ പേക്ക് സ്വിച്ച് പ്ലാറ്റ്ഫോമുണ്ട്്. പേ ടി എമ്മിന് മിനി ആപ്പ് സ്റ്റോർ ഉണ്ട്. ഇതുവഴി ഒരു ബിസിനസ് നടക്കുകയാണെങ്കിൽ ഈ കമ്പനികൾ, മൊബൈൽ ആപ്പുകൾക്ക് ഒരു തുക കമ്മീഷനായി നൽകും. ഇങ്ങനെയുള്ള വിവിധ വഴികളിലൂടെയാണ് ഇവർ നിലനിൽക്കുന്നത്.

യഥാർഥ സോഷ്യലിസം വരുന്ന വഴികൾ

ഇങ്ങനെ കിട്ടുന്ന ലാഭത്തിന്റെ ഒരു ഭാഗമാണ് അവർ ക്യാഷ് ബാക്ക് ആയി നൽകുന്നത്. മത്സരം മറുകിയതോടെ, കസ്റ്റമേഴസിനെ നിലനിർത്തായി കാഷ് ബാക്ക് ഓഫറുകളും വർധിച്ചു. നോക്കണം, അതേ അപ്പിൽനിന്ന് വീണ്ടും മറ്റൊരു സേവനം ഉപയോഗിക്കുമ്പോഴാണ് നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നത്. അതായത് ലക്ഷ്യം കസ്റ്റമേഴ്സിനെ പിടിച്ചു നിർത്തുകയാണെന്ന് വ്യക്തം. പിന്നെ ബില്ലേസ് തന്നെ കാഷ് ബാക്ക് തരുന്ന സന്ദർഭങ്ങളും ഉണ്ട്. സ്റ്റാർ ബഗ്സിൽ നിന്ന് കോഫി കുടിച്ചാൽ പത്തുരൂപ ഇളവ് ഗൂഗിൾ പേ ഉപഭോക്താക്കൾക്ക് പ്രഖ്യാപിക്കപ്പെടുന്നു. ഇവിടെ ഇളവ് കച്ചവടക്കാർ നേരിട്ട് നൽകുന്നതാണ്. അവർക്ക് കൂടുതൽ കച്ചവടം. ഫിൻ ടെക്ക് കമ്പനിക്ക് കമ്മീഷൻ. ഉപഭോക്താവിന് ലാഭം! ഇവിടെ എവിടെയാണ് മാർക്സിയൻ തിയറിയിൽ പറയുന്ന ചൂഷണം. വിൻ വിൻ സിറ്റുവേഷൻ അഥവാ പോസറ്റീവ് സം ഗെയിം എന്നാണ് ഇതിനെ പറയുന്നത്. എല്ലാവർക്കും പുരോഗതി മാത്രം. ( സാന്ദർഭികമായി പറയട്ടെ കമ്യൂണിസ്റ്റ് ഇക്കണോമിയെ നെഗറ്റീവ് സം ഗെയിമായിട്ടാണ് പല ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞരും വിലയിരുത്തിയിട്ടുള്ളത്. എങ്ങനെ കൂട്ടിയാലും നഷ്ടം മാത്രം!)

മറ്റാർക്കുമില്ലാത്ത ഒരു കാര്യം പേടിഎമ്മിന് ഉണ്ട്. പേടിഎമ്മിന് സ്വന്തമായി ബാങ്കുണ്ട്. അതുകൊണ്ടുതന്നെ മർച്ചന്റുകളുടെ പണം പേടിഎം ബാങ്കിൽ തന്നെയാണ് കിടക്കുന്നത്. ഗൂഗിൾ പേ ഒക്കെ കസ്റ്റമർ ബാങ്ക് അക്കൗണ്ടിലേക്കാണ് ഇടുന്നെത്. നാളെ ഇത്തരം കമ്പനികൾക്ക് വായ്‌പ്പകൊടുക്കാനുള്ള സ്വാതന്ത്ര്യം ആർ.ബി.ഐ അനുവദിച്ചാൽ കളിമാറും. പേടിഎമ്മിന് സ്വന്തം ബാങ്കില്ലേ. അപ്പോൾ നാളെ ലോൺ എടുക്കാൻ പേടിഎം വഴി സ്വാധിക്കും. ഇൻഷൂറൻസ്, മ്യൂച്ചൽ ഫണ്ട്. ഷെയർ ട്രേഡിങ്ങ് തുടങ്ങിയ സകല ഡീലിങ്ങും ഒരു ആപ്പ് വഴി സാധിക്കും. ആ കാലവും വൈകാതെ ഉണ്ടാവുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇതല്ലാതെ മറ്റു പല വഴികളിലൂടെയും ഫിൻ ടെക്ക് കമ്പനികൾ പണം ഉണ്ടാക്കുന്നുണ്ട്.
വരുമാനം ഉണ്ടാക്കുന്നതിനായി പേടിഎം കമ്പനി പരസ്യങ്ങളും പണമടച്ചുള്ള പ്രമോഷണൽ ഉള്ളടക്കവും ഉപയോഗിക്കുന്നതായി ആരോപണമുയർന്നിരുന്നു. കാലിഫോർണിയ ആസ്ഥാനമായുള്ള പേയ്പാൽ എന്ന കമ്പനി, പേടിഎമ്മിനെതിരെ സമാനമായ ലോഗോ ഉപയോഗിച്ചതിന് ഇന്ത്യൻ വ്യാപാരമുദ്ര ഓഫീസിൽ 2016 നവംബർ 18 ന് കേസ് ഫയൽ ചെയ്തിരുന്നു.

മൊബൈൽ റീചാർജിൽ കുടുങ്ങിയ ഫോൺ പേ

ഫ്‌ളിപ്കാർട്ട് തുടക്കമിടുകയും ഇപ്പോൾ വാൾമാർട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ പണമിടപാട് സേവനമാണ് ഫോൺപേ. ഇന്ത്യയിൽ ഏറെ ഉപഭോക്താക്കളുള്ള യുപിഐ സേവനങ്ങളിലൊന്നാണിത്. മൂന്നുമാസം മുമ്പ് ഫോൺപേയിലൂടെ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ നിശ്ചിത തുക അധികമായി ഈടാക്കുമെന്നാണ് അവരുടെ പ്രഖ്യാപനം വൻ വിവാദത്തിനാണ് തിരികൊളുത്തിയത്.

ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തുന്ന ആദ്യ യുപിഐ അധിഷ്ടിത പണമിടപാട് സേവനമാണ് ഫോൺ പേ. ഗൂഗിൾ പേയും, പേ ടിഎമ്മും നിലവിൽ ഉപഭോക്താക്കളിൽ നിന്ന് മൊബൈൽ റീച്ചാർജിന് അധിക തുക ഈടാക്കുന്നില്ല. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മൊബൈൽ റീച്ചാർജുകൾക്ക് ചാർജ് ഈടാക്കുമെന്നാണ് ഫോൺ പേയുടെ പ്രഖ്യാപനം. എല്ലാ യുപിഐ പണമിടപാടുകൾക്കും ചാർജ് ഈടാക്കുമെന്നല്ല. 50 രൂപയ്ക്കും 100 നും ഇടയിൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു രൂപയും നൂറ് രൂപയ്ക്ക് മുകളിൽ ചെയ്യുന്ന റീച്ചാർജുകൾക്കെല്ലാം രണ്ട് രൂപയും ഈടാക്കും. അതേസമയം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം പണം അയക്കുമ്പോൾ ഷോപ്പുകളിൽ ഇടപാട് നടത്തുമ്പോഴും ഈ അധിക തുക ഈടാക്കില്ല.

പണമിടപാടുകൾക്കായി ഇടനിൽക്കുന്നവർ സാധാരണ ചെയ്യാറുള്ള പോലെ കമ്മീഷനിലൂടെയാണ് ഫോൺ പേയും വരുമാനമുണ്ടാക്കുന്നത്. ഫോൺപേ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഫോൺ പേ കമ്മീഷൻ ഈടാക്കുന്നുണ്ട്. ഫോൺ പേയിലൂടെ കച്ചവടം നടന്നാൽ ആ തുകയുടെ നിശ്ചിത ഭാഗം കൈപ്പറ്റുകയാണ് ഫോൺ പേ ഉൾപ്പടെയുള്ള പണമിടപാട് സേവനങ്ങൾ ചെയ്തുവരുന്നത്.

നമ്മുടെ നാട്ടിലെ റീച്ചാർജ് ഷോപ്പുകളെല്ലാം മൊബൈൽ റീച്ചാർജുകൾക്ക് കമ്മീഷൻ പറ്റുന്നുണ്ട്. ആ തൂക കൂടി ചേർത്തുള്ള തുകയാണ് നമ്മൾ അവിടെ കൊടുക്കാറുണ്ടായിരുന്നത് എന്ന് മാത്രം. ഫോൺ പേ നേരത്തെ തന്നെ റീച്ചാർജുകൾക്ക് നിശ്ചിത തുക കമ്മീഷൻ ഈടാക്കുന്നുണ്ട്. ഇതിന് പുറമെയാണ് രണ്ട് രൂപ വരെ കമ്മീഷൻ ഈടാക്കാനുള്ള നീക്കവും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നതെന്നും കമ്പനി പറയുന്നുണ്ട്. റീച്ചാർജുകൾക്ക് പണമീടാക്കാനുള്ള നീക്കത്തിൽ ഉപഭോക്താക്കൾക്കിടയിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട് ക്വിറ്റ് ഫോൺപേ ഉൾപ്പടെയുള്ള ഹാഷ്ടാഗുകൾ സജീവമായിരുന്നു. ഉപഭോക്താക്കളുടെ പ്രതിഷേധത്തെ തുടർന്ന് തൽക്കാലം ഈ നീക്കം നടപ്പായിട്ടില്ല.

ഗൂഗിൾ പേയും പേടിഎമ്മും കമ്മീഷൻ പിടിക്കുമോ?

ജനപ്രീതിയേറെയുള്ള ഫോൺപേ റീച്ചാർജുകൾക്ക് ചാർജ് ഈടാക്കുമെന്ന് പ്രഖ്യാപിക്കന്നത്, ഒരു തുടക്കമാണോ എന്ന ആശങ്ക ഉപഭോക്താക്കളിൽ ഉണ്ടായിട്ടുണ്ട്്. ഗൂഗിൾ പേ, പേടിഎം പോലുള്ള സേവനങ്ങൾ ഇതേ രീതിയിൽ പണമീടാക്കുമോ എന്ന സംശയവും ശക്തമാണ്. നിലവിൽ ഫോൺ പേ അല്ലാതെ മറ്റാർക്കെങ്കിലും ഇങ്ങനെ ഒരു താൽപര്യം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം പേടിഎം ഫോൺപേയുടെ ഈ തീരുമാനത്തെ പരസ്യമായി തന്നെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

'വിശ്വാസം നിർമ്മിച്ചെടുക്കുന്നത് തന്നെ വലിയൊരു പ്രോസസ് ആണ്. ആ പ്രോസസിന് ചെലവുകളൊന്നുമില്ല.' എന്നാണ് പേ ടിഎമ്മിന്റെ പ്രതികരണം. മൊബൈൽ റീച്ചാർജിന് രണ്ടു രൂപ അധികം വാങ്ങിയ ഫോൺ പേയുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് ഒരാൾ പങ്കുവെച്ച ട്വീറ്റ് പേടീഎം റീട്വീറ്റ് ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ ഫോൺ പേയെ പോലെ പണമീടാക്കാൻ സമീപകാലത്തൊന്നും പേടിഎമ്മിന് പദ്ധതിയില്ല എന്ന് വ്യക്തം. പണമിടപാട് സേവനങ്ങൾ ഒന്നിച്ചുള്ള ഒരു നീക്കമല്ല ഇത് എന്നും ഇത് പേടിഎമ്മിന്റെ നിലപാട് വ്യക്തമാക്കുന്നു.

ഗൂഗിൾ പേ നിലവിൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. കമ്മീഷനുകളിൽ നിന്ന് തന്നെയാണ് ഗൂഗിൾ പേയും വരുമാനമുണ്ടാക്കുന്നത്. മൊബൈൽ റീച്ചാർജുകൾക്ക് എന്തെങ്കിലും ചാർജുകൾ ഈടാക്കുന്ന കാര്യത്തിൽ ഗൂഗിൾ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. യുപിഐ പണമിടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് പണമീടാക്കുമെന്ന് 2020 ൽ ഗൂഗിൾ പേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് പണമീടാക്കില്ലെന്ന് അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ വിപണിയിൽ മാത്രമാണ് പണമിടപാടുകൾക്ക് ഗൂഗിൾ പേ ചാർജ് ഈടാക്കുന്നത്. അതിന് ശേഷം ഇതുവരെ പ്രൊസസിങ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഗൂഗിൾ പേ നടത്തിയിട്ടില്ല.

ഒരു വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് നിരന്തരം പണം കൈമാറാം

വളരെ പെട്ടെന്ന് നവീകരിക്കപ്പെടുകയും ആധുനികവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഈ മേഖല. 2021 ഏപ്രിൽ വന്ന മാറ്റം നോക്കുക.ഇ വാലറ്റ് പേമെന്റ് സേവനദാതാവ് ആരുമായിക്കോട്ടെ. നിങ്ങളുടെ ഫോണിലെ ഒരു വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് നിരന്തരം ഇനി പണം കൈമാറാം എന്നതായിരുന്നു ആ മാറ്റം. അതുവരെ ഒരു വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന പണം അതേ പ്ലാറ്റ്‌ഫോമിലേക്കേ കൈമാറാനാവു. അതായത് ഫോൺപേയിൽ നിന്ന് ഫോൺപേയിലേക്ക്. അല്ലെങ്കിൽ പേടി എംൽ നിന്ന് അതിലേക്ക് മാത്രം. ആർ ബി ഐ യുടെ പുതിയ നയമനുസരിച്ച് ഇനി മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും പണം കൈമാറാം. അതായത് പേടിഎം ഉപയോഗിക്കുന്ന ആൾക്ക് ഫോൺ പേയിലേക്ക് പണം കൈമാറാം. ഈ സംവിധാനം പൂർണമായ കെ വൈ സി ആവശ്യമുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ്‌സിന് (പി പി ഐ) നിർബന്ധമായും ബാധകമാക്കുമെന്നാണ് ആർ ബി ഐ വ്യക്തമാക്കുന്നത്. ചില വാലറ്റുകൾ പ്രവർത്തിക്കാൻ ബാങ്കുകളെ പോലെ മുഴുവൻ കെ വൈ സി (നോ യുവർ കസ്റ്റമർ) ആവശ്യമില്ല. ഫോൺ നമ്പറും ഒടിപിയുമൊക്കെ മതിയാകും.

ഇത്തരം പേയ്‌മെന്റ് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഗുണപ്രദമാക്കാനാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് ആർബി ഐ വ്യക്തമാക്കുന്നു. പെട്ടിക്കടകളിൽ പോലും ഇത്തരം പേമെന്റ് സംവിധാനങ്ങൾ ലഭ്യമാണെന്നിരിക്കെ ഉപയോക്താക്കളുടെ പണമടയ്ക്കാനുള്ള അവസരങ്ങളേറും ഈ പുതിയ തീരുമാനത്തിലൂടെ എന്നത് ഉറപ്പാണ്.

പണമിടപാടുരംഗത്തേക്ക് ഇനി വാട്സാപ്പും

ഇന്ത്യൻ പെയ്മെന്റ് വിപണിയിൽ കടുത്ത മത്സരത്തിന് വഴിവെച്ചു കൊണ്ട് : സോഷ്യൽ മീഡിയ ഭീമന്മാരായ വാട്സാപ്പ് പെയ്മെന്റ് സംവിധാനം തുടങ്ങുകയാണ്. ഇന്ത്യയിൽ ഇവർ ജിയോയുമായി കൈകോർക്കുമെന്നാണ് കേൾക്കുന്നത്. അതോടെ ഈ മേഖലയിൽ കടുത്ത മത്സരം ഉറപ്പായിരിക്കയാണ്. വളരെ എളുപ്പത്തിൽ പണം ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് വാട്സാപ്പ് പെയ്മെന്റ് സംവിധാനം. ബാങ്കിൽ പോകാതെ തന്നെ വാട്സാപ്പ് ലിസ്റ്റിലുള്ള കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഒക്കെ ഇന്ത്യയിൽ ഉടനീളം പണം കൈമാറാൻ വാട്സാപ്പ് പേ സഹായകരമാകും. ഗൂഗിൾ പേ ഉൾപ്പെടെയുള്ള പെയ്മെന്റ് സംവിധാനങ്ങൾക്ക് സമാന്തരമായി ആകും പ്രവർത്തനം. യുപിഐ സംവിധാനം ഉപയോഗിച്ച് നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

മൾട്ടിബാങ്ക് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിച്ചാണ് വാട്ട്‌സ്ആപ്പ് പേ സംവിധാനം പ്രവർത്തിക്കുന്നതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കോടി ഉപയോക്താക്കളിൽ ആയിരിക്കും തുടക്കത്തിൽ യുപിഐ അധിഷ്ഠിത പേമെന്റ് സേവനം ആരംഭിക്കുന്നത്. ക്രമേണ മുഴുവൻ ഉപയോക്താക്കളിലും ഇത് ലഭ്യമാക്കും എന്നാണ് സൂചന.

ഇന്ത്യയിലെ അഞ്ച് പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് തുടക്കത്തിൽ പ്രവർത്തനം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്മെന്റ് ബാങ്ക് എന്നിവയാണ് പെയ്മെന്റ് പങ്കാളികൾ.. അപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആർക്കും വാട്ട്‌സ്ആപ്പിൽ പണം അയയ്ക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം. ഇതോടെ കളിമാറും. ഇന്ത്യയിൽ ഈ മേഖലയിൽ ഇനി കടുത്ത മത്സരമാണ് നടക്കാൻ പോവുന്നത്. പക്ഷേ അപ്പോൾ അതിന്റെ ഗുണം കാഷ് ബാക്ക് ഓഫറുകളുമായി ഉപഭോക്താവിന് കിട്ടുകയും ചെയ്യാനിടിയുണ്ട്.

വാൽക്കഷ്ണം: ഇതിനർഥം പേയ്മെന്റ് ആപ്പുകൾ എല്ലാം തികഞ്ഞവർ ആണെന്ന് ഒന്നുമല്ല. ഡെബിറ്റ് -ക്രഡിറ്റ് കാർഡുകളെ വെച്ചുനോക്കുപ്പോൾ ഡിജിറ്റൽ അപ്പുകൾ കുറച്ചുകൂടി സുരക്ഷിതമാണ്. ഇവിടെയും തട്ടിപ്പുകൾ ഉണ്ട്. പിൻ നമ്പർ പുറത്തായാൽ പണി കിട്ടാനിടയുണ്ട്. നിങ്ങളുടെ പാസ്വേർഡ് ആർക്കും കൈമാറരുത് എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുകൾ പ്രതിരോധിക്കാനുള്ള പ്രാഥമിക പാഠം.

റഫറൻസ്- പി.ആർ ടോക്ക്സ് യ്യൂ ട്യൂബ് ചാനൽ- പ്രവീൺ രവി
അജയ് കോത്താരി- ലേഖനം- ടൈംസ് ഓഫ് ഇന്ത്യ