തിരുവനന്തപുരം: വിവിധ ഗൂഗിൾ സേവനങ്ങളായ ജിമെയിൽ, യൂട്യൂബ് തുടങ്ങിയവ മണിക്കൂറുകളോളം പണിമുടക്കിയത് ഉപയോക്താക്കളെ വലച്ചു. യു.കെയിൽ ഇന്ന് രാവിലെയാണ് ഗൂഗിളിന്റെ വിവിധ സേവനങ്ങൾ പണിമുടക്കിയത്. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റാണ് ഇന്റർനെറ്റ് ഭീമൻ തകരാറിലായത് റിപ്പോർട്ട് ചെയ്തത്. ആയിരക്കണക്കിന് പേർ ഗൂഗിൾ സേവനങ്ങളിൽ തകരാർ റിപ്പോർട്ട് ചെയ്തതായി വെബ്സൈറ്റ് പറയുന്നു.

54 ശതമാനം ജിമെയിൽ ഉപയോക്താക്കൾ സെർവർ തകരാർ അഭിമുഖീകരിച്ചപ്പോൾ 31 ശതമാനം പേർ ഇ-മെയിൽ അയക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. 15 ശതമാനം ഉപയോക്താക്കൾക്ക് ഗൂഗിൾ വെബ്സൈറ്റ് ഉപയോഗിക്കുന്നതിൽ തന്നെ ബുദ്ധിമുട്ട് നേരിടുകയുണ്ടായി.

യൂട്യൂബിനെ കുറിച്ച് ലഭിച്ച പരാതികളിൽ 49 ശതമാനം പേർ വെബ്സൈറ്റ് ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടപ്പോൾ 38 ശതമാനം പേർക്ക് ആപ്പ് ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. 13 ശതമാനം പേർക്ക് വീഡിയോ കാണുന്നതിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടു. എന്നാൽ എല്ലാ ഗൂഗിൾ സേവനങ്ങളും ഇപ്പോൾ സാധാരണ നിലയിൽ തിരിച്ചെത്തിയതായി ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു.

യൂട്യൂബിൽ വീഡിയോ കാണാൻ പറ്റുന്നില്ല എന്ന പരാതിയാണ് ആദ്യം ഉയർന്നത്. ചിലർ അവരുടെ ഇന്റർനെറ്റ് പ്രശ്‌നമാണെന്ന് തെറ്റിദ്ധരിച്ചു. ഗൂഗിൾ ഡ്രൈവ് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നതിനൊപ്പം ഗൂഗിൾ സെർച്ചിനും പ്രശ്‌നം നേരിട്ടു എന്ന റിപ്പോർട്ടുണ്ട്. ജിമെയിലിലും ലോഗിൻ പ്രശ്‌നം ഉണ്ടെന്നാണ് പ്രശ്‌നം നേരിട്ടവർ പറയുന്നത്. എന്നാൽ എന്താണ് പ്രശ്‌നത്തിന് പിന്നിൽ എന്ന് ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.