കൊച്ചി: പെൺകുട്ടികളെ ശല്യംചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേയിൽ ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം ഹോംസ്റ്റേയിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതോടെ ഹോംസ്റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുകൂട്ടർക്കുമെതിരേ സംഭവത്തിൽ കേസെടുക്കുമെന്നും കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്നും മട്ടാഞ്ചേരി എ.സി.പി. അറിയിച്ചു.

കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. സൈക്കിൾ വാടകയ്ക്ക് എടുക്കാൻ ഏതാനും പെൺകുട്ടികൾ ഹോംസ്റ്റേയിൽ എത്തിയിരുന്നു. ഈ സമയത്ത് സമീപത്തെ ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ യുവാക്കൾ പെൺകുട്ടികളെ ശല്യംചെയ്തു.

ഇതിനെ ഹോംസ്റ്റേ നടത്തിപ്പുകാർ ചോദ്യംചെയ്തതോടെ യുവാക്കൾ മട്ടാഞ്ചേരിയിൽനിന്ന് കൂടുതൽ പേരെ വിളിച്ചുവരുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറിയ ഗുണ്ടാസംഘം സ്ഥാപനം അടിച്ചുതകർത്തു. ഇതോടെ ഹോംസ്റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചെന്നാണ് വിവരം.