ന്യൂഡൽഹി: ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും ഭീഷണിക്കത്ത്. രണ്ടാം തവണയാണ് തുടർച്ചയായി ഗംഭീറിന് ഭീഷണി മെയിൽ വരുന്നത്. 'ഞങ്ങൾ നിങ്ങളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നു, പക്ഷേ നിങ്ങൾ ഇന്നലെ രക്ഷപ്പെട്ടു. നിങ്ങൾ ജീവിതത്തെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ നിങ്ങളും കുടുംബവും രാഷ്ട്രീയത്തിൽ നിന്നും കാശ്മീർ പ്രശ്നത്തിൽ നിന്നും അകന്നു നിൽക്കണമെന്ന് ഇ മെയിലിൽ പറയുന്നു.

ഐസിസ് കാശ്മീർ എന്ന ഐഡിയിൽ നിന്നാണ് രണ്ടാമത്തെ ഇ മെയിലും അയച്ചിരിക്കുന്നത്. നേരത്തെ തനിക്കും കുടുംബത്തിനും ഐസിസ് തീവ്രവാദികളുടെ വധഭീഷണിയുണ്ടെന്ന് ഗൗതം ഗംഭീർ അറിയിച്ചിരുന്നു. മെയിൽ വന്നത് സംബന്ധിച്ച് ഡൽഹി പൊലീസിനെ സമീപിച്ചിരുന്നു.ഇതിനെ പിന്നാലെ ഗംഭീറിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായാണ് രണ്ടാമത്തെ ഇ മെയിൽ ലഭിച്ചത്. 2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗംഭീർ അതിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു. 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മത്സരിച്ച ഗംഭീർ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.