കൊല്ലം: ചിന്നക്കട നഗരഹൃദയത്തിൽ വൈഎംസിഎയുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ സർക്കാറിന്റെ അസാധാരണ നടപടി.സ്ഥലവും കെട്ടിടവും തൽസ്ഥിതിയിൽ തുടരണമെന്ന ഹൈക്കോടതി വിധി വരുന്നതിന് മുൻപെ തന്നെ സ്ഥലം ഏറ്റെടുത്ത് ഓഫീസ് പ്രവർത്തനവും തുടങ്ങി.ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനെതിരെ വൈഎംസിഎ ഉച്ചയ്ക്കു ഹൈക്കോടതിയെ സമീപിച്ചപ്പോൾ തൽസ്ഥിതി തുടരാൻ കോടതി നിർദേശിച്ചു. അപ്പോഴേക്കും ഏറ്റെടുക്കൽ നടപടി പൂർത്തിയായിരുന്നു.

95 വർഷമായി കുത്തകപ്പാട്ടമായി കൈവശമുണ്ടായിരുന്ന വസ്തു കലക്ടർ ബി.അബ്ദുൽ നാസർ ഏറ്റെടുത്തതിനു പിന്നാലെയാണ് കെട്ടിടത്തിൽ ധൃതിപിടിച്ച് സർക്കാർ ഓഫിസ് പ്രവർത്തനം തുടങ്ങിയത്. 85 സെന്റ് സ്ഥലവും 30,000 അടി ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്.എന്നാൽ കോടതി ഉത്തരവ് തങ്ങൾക്ക് അനുകൂലമാണെന്നു വിലയിരുത്തി വൈഎംസിഎ അധികൃതർ പൂർണമായി ഒഴിഞ്ഞു നൽകിയിട്ടുമില്ല.

ഭൂമിയും 3 കെട്ടിടങ്ങളും ഇതിന്റെ ഭാഗമായ ചാപ്പലുമാണ് ഏറ്റെടുത്തതെന്നു റവന്യു വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ഹാൾ മാത്രമാണു ഏറ്റെടുത്തതെന്നും ഓഫിസ്, ഹോസ്റ്റൽ തുടങ്ങിയവ ഇപ്പോഴും തങ്ങളുടെ കൈവശമാണെന്നും വൈഎംസിഎ ഭാരവാഹികൾ പറയുന്നു.
ഭൂമിക്കു മാത്രം 50 കോടി രൂപ മതിപ്പു

വില വരും. 6 കോടിയോളം രൂപ പാട്ടക്കുടിശിക വരുത്തിയതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. സ്ഥലം തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ വൈഎംസിഎകളും പ്രതിഷേധദിനം ആചരിക്കുമെന്നു വൈഎംസിഎ ദേശീയ കൗൺസിൽ അറിയിച്ചു.