തിരുവനന്തപുരം: ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ തീരുമാനിച്ചതോടെയാണ് ആപ്പ് നിർത്തലാക്കാനുള്ള സർക്കാർ നീക്കം. എന്നാൽ മദ്യം ബുക്ക് ചെയ്ത് വാങ്ങാനുള്ള സൗകര്യം നിലനിർത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാം എന്നാവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. മദ്യ വിൽപ്പന ബിവറേജസ് കോർപ്പറേഷൻവഴി നേരിട്ടു നടത്തുന്നതോടെ ആപ്പിന് പ്രസക്തിയില്ലാതാകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തൽ.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ബിവറേജുകൾ അടച്ചിടാൻ തീരുമാനിക്കുന്നത്. ഇതുവഴി വൻസാമ്പത്തിക തിരിച്ചടി നേരിട്ടതോടെയാണ് ബെവ്ക്യൂ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത്. മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പുവഴി മദ്യവിൽപ്പന ആരംഭിച്ചത്. ഇതേ സമയം ബാറുകളിൽ പാഴ്‌സൽ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 24 മുതൽ ബാറുകളെ ഒഴിവാക്കി ആപ് വഴിയുള്ള ബുക്കിങ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കി.

ബുക്കിങ് സംവിധാനം ഏർപ്പെടുത്താതെ ബാറുകളിൽ മദ്യം വിൽക്കുന്നത് ആപ്പുവഴി വിൽപ്പന നടത്തുന്ന ബെവ്‌കോയ്ക്കും കൺസ്യൂമർ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ മുൻനിർത്തിയാണ് ആപ്പ് ഒഴിവാക്കാനുള്ള നീക്കം. അതേ സമയം ബെവ്ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്‌നോളജിസ് സർക്കാരിന് നിവേദം നൽകി. ബുക്ക് ചെയ്ത് സമയം നിശ്ചയിച്ച് വരുന്നവർക്കായി ആപ്പ് നിലനിർത്തണമെന്നും ഇവർക്കായി പ്രത്യേക കൗണ്ടർ ഒരുക്കണമെന്നും കമ്പനി അഭ്യത്ഥിക്കുന്നു. തിരക്ക് കുറക്കുന്നതിന് ഇത് സഹായകമാകുമെന്നും നിവേദനത്തിൽ സൂചിപ്പിക്കുന്നു.