കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനം നൽകുന്നതിന് ഗവർണർക്ക് കത്തെഴുതാനുള്ള അധികാരം മന്ത്രിക്കില്ലെന്നും സേർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവർണർ പറഞ്ഞു. മന്ത്രി ആർ. ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് ഭരണഘടന വിരുദ്ധമാണ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലി. വിസി നിയമനത്തിൽ രാഷ്ട്രീയമുണ്ടെന്നും ചാൻസലർ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു.

ഹൈക്കോടതി നോട്ടീസ് അയച്ചവിവരം തനിക്കറിയില്ല. കോടതി കാര്യത്തിൽ അഭിപ്രായം പറയാനില്ല. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകുന്ന ഫയലിൽ പൂർണമനസോടെയല്ല ഒപ്പിട്ടത്. സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് സ്വന്തം തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചത്. ഈ തെറ്റ് ആവർത്തിക്കാതിരിക്കാനാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഇടപെടലുകളുടെ സാഹചര്യങ്ങളിൽ തനിക്ക് ചാൻസലർ ആയി തുടരാൻ സാധിക്കില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കി. തന്റെ നീതിബോധത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടിവന്നു. അത് തുടരാൻ താൽപര്യമില്ലാത്തതിനാലാണ് ചാൻസലർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചത്. സർവകലാശാലകളിൽ നടക്കേണ്ടത് നിയമവാഴ്ചയാണ്. മനുഷ്യവാഴ്ചയല്ലെന്നും ഗവർണർ വ്യക്തമാക്കി.

അതേസമയം, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാറിന് ഹൈക്കോടതിയിൽ വെള്ളിയാഴ്ച തിരിച്ചടി നേരിട്ടു. വിസിയുടെ പുനർനിയമനം ചോദ്യം ചെയ്ത ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. ഇതോടെ വിഷയത്തിൽ ആശ്വസിച്ചിരുന്ന സർക്കാറിന് തിരിച്ചടി ഭീഷണിയും നിലനിൽക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.

ഹർജീ ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ ഗവർണർ അടക്കം എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. എതിർകക്ഷികളിൽ ഒരാളായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടതിയിൽ പറയുന്ന നിലപാട് നിർണായകമാവും. വിഷയത്തിൽ പരസ്യപ്രതിഷേധം രേഖപ്പെടുത്തിയ ഗവർണർ ഇനി എന്തു നിലപാട് പറയും എന്നത് സർക്കാറിന്റെയും നെഞ്ചിടിപ്പ് കൂട്ടും. സിംഗിൾ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിൽ വലിയ ആഹ്ലാദപ്രകടനം നടത്തിയിരുന്നു ഇടതു കേന്ദ്രങ്ങൾ. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ ഗവർണർക്ക് രാഷ്ട്രീയ താൽപ്പര്യമുണ്ടെന്ന വിമർശനവും ഉന്നയിച്ചു. ഈ വിമർശനങ്ങൾക്കുള്ള മറുപടി ഗവർണർ കോടതിയിൽ നൽകുമോ എന്നാണ് ഇനി അറിയേണ്ടത്.

സർവലാശാലകളിൽ രാഷ്ട്രീയ ഇടപെടലാണെന്നാരോപിച്ച് ഗവർണർ നേരത്തെ മാധ്യമങ്ങൾക്ക് മുന്നിലുൾപ്പെടെ വിമർശനമുന്നയിച്ചിരുന്നു. ഡോ ഗോപിനാഥ് രവീന്ദ്രന്റെ കണ്ണൂർ സർവകലാശാ വൈസ് ചാൻസലറായുള്ള നിയമനം ഗവർണർ തള്ളിപ്പറയുമോ എന്നത് പ്രധാനമാവും. കഴിഞ്ഞ ദിവസമാണ് വിസി നിയമനത്തിനെതിരായ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്. ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ ആദ്യ നിയമനത്തിലെ നടപടി ക്രമങ്ങൾ പുനർനിയമനത്തിൽ പാലിക്കേണ്ടതില്ല.

അതിനാൽ 60 വയസ്സ് കഴിഞ്ഞയാളെ വിസിയായി നിയമിക്കാനാവില്ലെന്ന ചട്ടം പുനർനിയമനത്തിൽ ബാധമാവില്ലെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. ഇതിനെതിരെ സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് അപ്പീൽ നൽകിയത്. പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി യുടെ അനധികൃത ഇടപെടലും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ആദ്യമായാണ് കാലാവധി പൂർത്തിയാക്കിയ വൈസ് ചാൻസലർക്ക് തുടർന്ന് ഒരു കാലാവധിയിലേക്ക് പുനർ നിയമനം നൽകുന്നത്.ഈ കീഴ്‌വഴക്കം തുടർന്നാൽ പുനർ നിയമനം നേടുന്നതിനായി എന്ത് സമ്മർദ്ദങ്ങൾക്കും വഴിപെടാൻ വിസി മാർ നിർബന്ധിതരാകുമെന്ന് ഹർജിക്കാർ അഭിപ്രായപ്പെട്ടിരുന്നു. വിവിധ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെയാണ് സർക്കാരിന് സിംഗിൽ ബെഞ്ചിൽ നിന്നും ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.

പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹർജിയും കോടതി തള്ളി. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയല്ലേ പുനർനിയമനം നൽകിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.