തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. ചാൻസലറുടെ അധികാരം പ്രോ ചാൻസലർക്ക് കൈമാറാൻ തയ്യാറെന്നും ഗവർണർ പറഞ്ഞു. സർക്കാരിന് ഇതിനായി ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ട് നൽകാം.

പല ഗുരുതരമായ പ്രശ്‌നങ്ങളും ഉണ്ട്. എല്ലാം തുറന്ന് പറയുന്നില്ല. രാജ്യത്തിന്റെ അന്തസ്സ് തന്നെ ഉൾപ്പെടുന്ന കാര്യങ്ങൾ ഉണ്ട്. ചില കാര്യങ്ങൾ തനിക്ക് അറിയാം. പക്ഷേ രാജ്യത്തിന്റെ അന്തസ്സ് മാനിച്ചു വെളിപ്പെടുത്തുന്നില്ല എന്നും ഗവർണർ പറഞ്ഞു.

എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ല. ചർച്ചയ്ക്ക് തന്നെ ആരും സമീപിച്ചിട്ടില്ല, താൻ രാഷ്ട്രീയക്കാരനല്ല. അനിശ്ചിതാവസ്ഥയുടെ കാര്യമില്ല. ഓർഡിനൻസ് കൊണ്ടുവന്നാൽ ഉടൻ ഒപ്പിടും. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളിൽ കാര്യമില്ല. തെറ്റ് സംഭവിച്ചത് താൻ തന്നെ സമ്മതിച്ചതാണ്. വിമർശനങ്ങൾക്ക് ചില പരിധിയുണ്ട്.

സമൂഹ മാധ്യമങ്ങളിൽ അടക്കം പാർട്ടികളും യുവജനസംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് എതിരായ അധിക്ഷേപങ്ങൾ തടയാൻ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല. സർക്കാർ മാപ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ എന്ന ചോദ്യങ്ങളിൽ കാര്യമില്ല. അത്തരം ചോദ്യങ്ങൾ ഊഹാപോഹമാണ്.

കണ്ണൂർ വൈസ് ചാൻസലർ പുനർനിയമന കേസിൽ സർക്കാരിനെ വെട്ടിലാക്കി ഗവർണർ നേരത്തെ രംഗത്ത് എത്തിയിരുന്നു. നിയമനത്തിൽ വിശദീകരണം തേടി ഹൈക്കോടതി ഗവർണർക്ക് അയച്ച നോട്ടിസ് സർക്കാരിന് കൈമാറുമെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

നോട്ടിസ് വന്നിരിക്കുന്നത് ചാൻസലർക്കാണ്. ചാൻസലർ സ്ഥാനം ഒഴിഞ്ഞതിനാലാണ് സർക്കാരിന് കൈമാറുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മാസം എട്ടാം തീയതി മുതൽ ചാൻസലറല്ലെന്നും പദവി ഏറ്റെടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതായും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേ സമയം സർക്കാർ-ഗവർണർ പോര് മുറുകുന്നതിനിടെ ഗവർണർക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ചാൻസലർ പദവി ഏറ്റെടുക്കാനില്ലെന്ന ഗവർണറുടെ നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടപ്പോൾ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമവിരുദ്ധമായി ഗവർണർ അതിൽ കയ്യൊപ്പ് ചാർത്തി. നിയമം അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. ചാൻസലർ പദവിയിലിരുന്ന് ഗവർണർ നിയമപരമായി പ്രവർത്തിക്കണമെന്നും സതീശൻ പ്രതികരിച്ചിരുന്നു.

കണ്ണൂർ സർവകലാശാലാ വി സി. നിയമനത്തിൽ തന്റെ നീതിബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും എന്നാൽ, അതിനുശേഷം താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്നുമാണ് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ നേരത്തെ വ്യക്തമാക്കിയത്. താൻ നിലവിലുള്ള വി സി.ക്ക് പുനർനിയമനം നൽകിയത് വിവാദം ഒഴിവാക്കാനായിരുന്നു.

പുനർനിയമനമെന്നാൽ നിലവിലുള്ളയാൾക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താൻ താൻ ആവത് ശ്രമിച്ചു. തന്നോട് സംസാരിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച നിയമോപദേഷ്ടാവിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നല്ല പുനർനിയമനത്തിന്റെ അർഥം. എന്നാൽ, അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) അഭിപ്രായമനുസരിച്ചാണ് പുനർനിയമനം ആവശ്യപ്പെടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

എ.ജി.യുടേതെന്നു പറഞ്ഞ് തന്ന നിയമോപദേശത്തിൽ ആരുടെയും ഒപ്പില്ലായിരുന്നു. എ.ജി.യുടെ അഭിപ്രായമെങ്കിൽ ഒപ്പിട്ട് തരണമെന്ന് താൻ നിർദേശിച്ചു. അന്ന് വൈകീട്ടുതന്നെ അദ്ദേഹം എ.ജി.യുടെ ഒപ്പും സീലും വെച്ചുതന്നു. നിലവിലുള്ള വി സി.ക്ക് ഇതേരീതിയിൽ പുനർനിയമനം നൽകുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലായിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നുമാണ് ഗവർണർ വിഷയത്തിൽ പ്രതികരിച്ചത്.

കണ്ണൂർ വിസിയുടെ പുനർനിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവർണർ ചാൻസിലർ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വളർന്നത്. തന്നെ സമ്മർദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതൽ ഗവർണർ പരാതിപ്പെടുന്നത്. ഗവർണർ സർക്കാർ പോര് മുറുകുന്നതിനിടെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെയും ഭാര്യമാരുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചർച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമർശനം ശക്തമായി നിൽക്കുന്നതിനിടെയാണ് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന ഗവർണറുടെ പ്രഖ്യാപനം.

ഹൈക്കോടതിയുടെ നോട്ടീസ് പോലും താനല്ല ചാൻസലറല്ലെന്ന് പറഞ്ഞ് ഗവർണർ മടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അടുത്ത നീക്കമെന്താകുമന്നാണ് ഇനി അറിയേണ്ടത്.