തിരുവനന്തപുരം: സർവകലാശാല ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ധാർമ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു എന്നാലിനിയും തെറ്റ് തുടരാൻ വയ്യ. വിവാദങ്ങൾ തുടങ്ങിയ സമയത്തെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിക്കുന്നു.

കണ്ണൂർ വിസിയുടെ പുനർനിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവർണർ ചാൻസിലർ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വളർന്നത്. തന്നെ സമ്മർദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതൽ ഗവർണർ പരാതിപ്പെടുന്നത്. ഗവർണർ തന്നെ ചാൻസിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.

ഗവർണർ സർക്കാർ പോര് മുറുകുന്നതിനിടെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെയും ഭാര്യമാരുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചർച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമർശനം ശക്തമായി നിൽക്കുന്നതിനിടെയാണ് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന ഗവർണറുടെ പ്രഖ്യാപനം.

കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർക്ക് ഒരു പ്രാവശ്യംകൂടി ആ പദവിയിൽ തുടരാനുള്ള ഉത്തരവ് ഒപ്പവെച്ച ശേഷം നടത്തിയ പരാമർശമാണ് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. വിഷയത്തിൽ ചാൻസലറായ ഗവർണർക്ക് മേൽ രാഷ്ട്രീയമായ സമ്മർദമുണ്ടായിരുന്നെന്നും ഇതിനി സഹിക്കാൻ വയ്യെന്നും താൻ ചാൻസലർ സ്ഥാനം ഒഴിയുകയാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്.

കണ്ണൂർ വി സി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി ,ചട്ടങ്ങൾ അട്ടിമറിക്കപ്പെട്ടു ,അതിനാൽ ചാൻസലർ സ്ഥാനം ഒഴിയുന്നു എന്നാണ് ഗവർണർ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചത്. ഈ കത്ത് പുറത്തുവന്നതോടെ ഗവർണർ ഇക്കാര്യങ്ങൾ പരസ്യമായി പറയുന്ന സാഹചര്യം വരികയായിരുന്നു. സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടാക്കില്ലെന്ന് സർക്കാർ ഉറപ്പു നൽകിയാലെ ചാൻസലർ പദവി തുടർന്നും വഹിക്കൂ എന്നാണ് ഗവർണർ വ്യക്തമാക്കിയത്.

വി സി നിയമനത്തിലെ രാഷ്ട്രീയ ഇടപെടലിന് തെളിവായി ഉന്നത വിദ്യാഭ്യസ മന്ത്രി ആർ.ബിന്ദു എഴുതിയ കത്തുകളും പുറത്തുവന്നു. അതേ സമയം രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ചട്ടവിരുദ്ധമായ വി സി നിയമനത്തിന് ഗവർണർ എന്തിന് അനുമതി നൽകി എന്ന ചോദ്യവും ഉയർന്നു.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറെ വീണ്ടും നിയമിക്കണമെന്ന് പറഞ്ഞുള്ള ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ശുപാർശയാണ് വിവാദങ്ങൾക്ക് ചൂടുപകർന്നത്. മന്ത്രിക്ക് ഇപ്രകാരം ശുപാർശചെയ്യാൻ അധികാരമില്ലെന്നും അവർ കാണിച്ചതു സത്യപ്രതിജ്ഞാലംഘനമാണെന്നും അവർ രാജിവെച്ചു പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതോടെ വിഷയം സർക്കാരിനെ പിടിച്ചുലച്ചു.

കണ്ണൂർ സർവകലാശാലാ നിയമം 1996-ലാണ് നിലവിൽ വന്നത്. ആ നിയമമനുസരിച്ച് വൈസ് ചാൻസലറെ നിയമിക്കുന്നത് ഗവർണറായ ചാൻസലറാണ്. സർവകലാശാലാ ചാൻസലർ എന്ന നിലയിൽ അദ്ദേഹത്തിന് പൂർണമായ അധികാരമുണ്ട്. മന്ത്രിസഭയുടെ തീരുമാനങ്ങൾ അനുസരിേക്കണ്ട ബാധ്യതയില്ല. അദ്ദേഹം സ്വതന്ത്രനാണ്.

വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിന് ഒരു സമിതിയെ നിയമിക്കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്. സെനറ്റ് തിരഞ്ഞെടുക്കുന്ന ഒരാളും യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മിഷൻ ചെയർമാൻ നോമിനേറ്റ് ചെയ്യുന്ന ഒരാളും ചാൻസലർ നോമിനേറ്റ് ചെയ്യുന്ന ഒരാളും കൂടി മൂന്നുപേരടങ്ങുന്ന സമിതിയാണിത്. ഈ സമിതി ശുപാർശചെയ്യുന്ന പാനലിൽനിന്നാണ് ചാൻസലർ വൈസ് ചാൻസലറെ നിയമിക്കുന്നത്.

സർവകലാശാലാ നിയമത്തിന്റെ 10-ാം വകുപ്പനുസരിച്ച് വൈസ് ചാൻസലറായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് 60 വയസ്സിൽ കൂടുതലാകാൻ പാടില്ല. കാലാവധി നാലു വർഷമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു പ്രാവശ്യംകൂടി വൈസ് ചാൻസലറായി നിയമിക്കപ്പെടാനുള്ള അർഹതയുണ്ടെന്നും നിയമത്തിൽ പറയുന്നു.