തിരുവനന്തപുരം: ടേക്ക് എ ബ്രേക്ക് ശുചിമുറികൾ ട്രാക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉടൻ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമ്മിച്ച ടേക്ക് എ ബ്രേക്ക് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമീപത്തെ ടേക്ക് എ ബ്രേക്ക് ശുചിമുറികൾ മൊബൈൽ ആപ്പ് വഴി കണ്ടെത്താൻ കഴിയുന്നത് പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും. 35 കോടി ചെലവഴിച്ച് 1842 ശുചിമുറികളാണ് സംസ്ഥാനത്ത് നിർമ്മിക്കുന്നത്. ഇതിൽ 555 എണ്ണം പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ 80 എണ്ണമാണ് നിർമ്മാണം പൂർത്തിയാക്കിയത്.

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങൾ ഒരുക്കുന്നത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുമെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അമ്മമാർക്കുള്ള ഫീഡിങ് റൂം, കഫെറ്റീരിയ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പാപ്പനംകോട് ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ തുടങ്ങിയവയുടെ സേവനങ്ങൾ ഉൾപ്പെടുത്തി കെട്ടിടത്തിന്റെ പരിപാലനം ഏറ്റെടുത്തതിനാൽ ജനങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ ഇവ ഉപയോഗിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.