ബംഗളൂരു: കർണാടകയിലെ സ്‌കൂളുകളിൽ ഗണേശോൽസവം നടത്താമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി.സി. നാഗേഷ് പ്രസ്താവിച്ചത് വിവാദമാകുന്നു. ഹൈന്ദവവിശ്വാസപ്രകാരം കൈലാസത്തിൽ നിന്നും ഭൂമിയിലേക്ക് ഗണപതി എത്തിയതിന്റെ ആഘോഷമാണ് ഗണേശോൽസവം (ഗണേശ ചതുർഥി).

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും ഓഗസ്റ്റ് 31ന് പതിവുപോലെ ഗണേശോൽസവം ആഘോഷിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞത്. മതപരമായ ചിഹ്‌നങ്ങൾ സ്‌കൂളുകളിൽ അനുവദിക്കില്ലെന്നും ഇതിനാലാണ് മുസ്‌ലിം വിദ്യാർത്ഥിനികളുടെ ഹിജാബ് വിലക്കിയതെന്നും ഉത്തരവിറക്കിയ സർക്കാറിന്റെ കാപട്യമാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദിയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഗണേശോൽസവം നടത്തുന്നവർക്ക് അത് ചെയ്യാം. അതേസമയം, മറ്റ് മതങ്ങളുടെ ആഘോഷങ്ങൾ നടത്തുന്നവരെ അതിനും അനുവദിക്കണം. മതങ്ങൾ തമ്മിൽ മനസിലാക്കാനും തെറ്റിദ്ധാരണകൾ അകറ്റാനും ഇതിലൂടെ സാധിക്കും. മുസ്‌ലിം, ക്രിസ്ത്യൻ ആഘോഷങ്ങൾക്കും വിദ്യാഭ്യാസവകുപ്പ് അനുമതി നൽകണം. എല്ലാ മതങ്ങളും സമാധാനവും സാഹോദര്യവുമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ഗണേശോൽസവം മതപരമായ ആഘോഷമായല്ല കണക്കാക്കുന്നതെന്നും ജനങ്ങളെ ഒരുമിപ്പിക്കുന്ന ചടങ്ങാണെന്നും വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധിയെ തുടർന്ന് മതപരമായ എല്ലാ ചിഹ്‌നങ്ങളും സ്‌കൂളുകളിൽ നിരോധിച്ച് സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു.