ന്യൂഡൽഹി: കോവിഡ് വ്യാപനം നേരിടുന്നതിൽ പ്രകടമായ അശ്രദ്ധയാണ് രാജ്യത്ത് രണ്ടാം തരംഗത്തിന് വഴിവച്ചതെന്ന് ചൂണ്ടിക്കാട്ടി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ഒന്നാം തരംഗത്തിനുശേഷം നമുക്കെല്ലാം അശ്രദ്ധയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാൻ യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതിനായി ആർഎസ്എസ് സംഘടിപ്പിച്ച 'പോസിറ്റിവിറ്റ് അൺലിമിറ്റഡ്' എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങൾ, സർക്കാരുകൾ, ഭരണകൂടങ്ങൾ എന്നിവയെല്ലാം അശ്രദ്ധ പ്രകടമാക്കി. രണ്ടാം തരംഗം വരുന്നുവെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതാണ്. എന്നിട്ടും നാം അശ്രദ്ധ പ്രകടമാക്കി.

മൂന്നാം തരംഗം വരുന്നുവെന്നാണ് അപ്പോൾ പറയുന്നത്. അതുകേട്ട് നമ്മൾ ഭയന്നിരിക്കണോ? അതോ ശരിയായ സമീപനം സ്വീകരിച്ച് കോവിഡിനെ പൊരുതി തോൽപ്പിക്കണോ?, ആർഎസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം ചോദിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളിൽ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ഉണ്ടാക്കുന്നതിനായാണ് ആർഎസ്എസ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. രാജ്യം ഭാവിയെ മുന്നിൽക്കണ്ട് മുന്നേറണമെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. ഇന്നത്തെ അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയണം. ഇന്ന് സംഭവിച്ച തെറ്റുകളിൽനിന്ന് പാഠം ഉൾക്കൊണ്ട്, മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം നേടാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്ത്യക്കാർ മഹാമാരിക്കെതിരെ സമ്പൂർണ വിജയം നേടണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും. ഇത്തരം കാര്യങ്ങൾ നമ്മെ ഭയപ്പെടുത്തരുത്. ഇത്തരം സാഹചര്യങ്ങളാണ് ഭാവിയെ നേരിടുന്നതിനായി നമ്മെ പരിശീലിപ്പിക്കുന്നത്. വിജയം അന്തിമമല്ല. പരാജയങ്ങളും. മുന്നേറാനുള്ള ധൈര്യം ഉണ്ടാവുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംഘടനകളുമായി സഹകരിച്ച് ആർഎസ്എസ്സിന്റെ 'കോവിഡ് റെസ്പോൺസ് ടീം' ആണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചതെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു. മെയ് 11 മുതൽ അഞ്ച് ദിവസം നീണ്ടുനിന്നതായിരുന്നു പ്രഭാഷണ പരമ്പര. വിപ്രോ ഗ്രൂപ്പ് സ്ഥാപകൻ അസിം പ്രേംജി, ആത്മീയ ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവർ ഓൺലൈൻ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. പ്രഭാഷണ പരമ്പര ആർഎസ്എസ്സിന്റെ ഫേസ്‌ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.