തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഊർജ്ജിത നടപടികളുമായി സർക്കാർ. മുന്നോടിയായി കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങൾ കണ്ടെത്താൻ സർക്കാർ നിർദ്ദേശംനൽകി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ കൂടാനുള്ള സാധ്യത മുൻപിൽ കണ്ടാണ് നിർദ്ദേശം.കഴിഞ്ഞ രണ്ട് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലേക്ക് ഉയർന്നു. 10.49ഉം 10.02ഉം ആണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്. ഇത് കൂടുമെന്ന് തന്നെയാണ് സർക്കാർ മുന്നറിയിപ്പ്.

സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ലെന്നാണ് കണക്ക്.ഇതാണ് സർക്കാറിനെ ആശങ്കയിലാക്കുന്നത്.കോവിഡ് പുതിയ ഘട്ടത്തിൽ ഒരോവ്യക്തികളും സ്വയം ലോക്ഡൗൺ അനുവർത്തിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് സർക്കാർ നീക്കം. ഇങ്ങനെ തുറക്കാനിരിക്കുന്ന സ്‌കൂളുകളെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളാക്കുന്നത് ഒഴിവാക്കും.

അതേസമയം കോളേജുകളും എസ്എസ്എൽ സി, പ്ലസ്ടു ക്ലാസുകളും തുടങ്ങുന്നതോടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും വിട്ടു നൽകണം. ഈ മാസം തന്നെ ഇവിടെയുള്ളവരെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തയ്യാറാകുന്നതിന് ഇടയിലാണ് കോവിഡ് കേസുകൾ ഈ ആഴ്ചയോടെ ഉയരുമെന്ന ആശങ്ക.