ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ ബംഗളൂരുവിൽ നടന്ന 32-ാമത് പ്ലീനറി അസംബ്ലിയിൽ പങ്കെടുത്ത കർദിനാൾമാർക്കും മെത്രാന്മാർക്കും കസവനഹള്ളി സെന്റ് നോർബർട്ട് ദേവാലയത്തിൽ സ്വീകരണം നല്കി. സിബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപരിശീലന സ്ഥാപനമായ നിസ്‌കോർട്ടിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വീകരണച്ചടങ്ങിൽ സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. സഭയോടു ചേർന്നു പ്രവർത്തിക്കാൻ വിശ്വാസികൾക്ക് എപ്പോഴും കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിശ്വാസത്തെ തള്ളിക്കൊണ്ടുള്ള ജീവിതം ഒരിക്കലും പൂർണമാകില്ലെന്നും മാർ ക്ലീമിസ് കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. ിവാഹച്ചടങ്ങളുകളിലെയും ആഘോഷങ്ങളിലെയും ആർഭാടം ഒഴിവാക്കി മാതൃക കാണിക്കാൻ വിശ്വാസികൾക്കു കഴിയണമെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

നിസ്‌കോർട്ടിൽ പഠിക്കുന്ന നിർധന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് കസവനഹള്ളി സെന്റ് നോർബർട്ട് ഇടവക വികാരി ഫാ. സുഭാഷ് ചള്ളംകാട്ടിൽ കൈമാറി. ആർച്ച് ബിഷപ്പുമാരായ ഡോ. ആൽബർട്ട് ഡിസൂസ, മാർ ആൻഡ്രൂസ് താഴത്ത്, ഡോ. ഫിലിപ് നേരി, ഡോ. അനിൽ കൂട്ടോ, മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പുമാരായ ഡോ. സാൽവഡോർ ലോബോ, മാർ ചാക്കോ തോട്ടമുറിക്കൽ, മാർ ആന്റണി കരിയിൽ, മാർ ജോസ് പൊരുന്നേടം, മാർ ജോസഫ് അരുമച്ചാടത്ത്, മാർ എഫ്രേം നരികുളം, ഡോ. വിൻസന്റ് മാർ പൗലോസ് എന്നിവർ പങ്കെടുത്തു.

മാദ്ധ്യമ പരിശീലനരംഗത്തേക്ക് കൂടുതൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും നിർധനരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നല്കുന്നതിനുള്ള ധനശേഖരണാർഥവുമാണ് നിസ്‌കോർട്ട്-സെറാത്ത എന്ന പേരിൽ ഇടവകജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്.