തിരുവനന്തപുരം: ന്യൂനമർദത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുലിമുട്ടുകൾ തകർന്നു. നാശനഷ്ടത്തെക്കുറിച്ച് വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. 800 മീറ്റർ നീളത്തിൽ നിർമ്മിച്ച പുലിമുട്ടിന്റെ 175 മീറ്ററോളം ഭാഗം കടലെടുത്തു.

'ടൗട്ടെ' ചുഴലിക്കാറ്റ് കേരള തീരത്തു നിന്നു വടക്കോട്ടു നീങ്ങിയതോടെ സംസ്ഥാനത്തെ മഴക്കെടുതികൾക്കു ശമനമുണ്ടായി. എന്നാൽ, കാറ്റും മഴയും കടലേറ്റവും തുടരുമെന്നാണു മുന്നറിയിപ്പ്.

മത്സ്യബന്ധനത്തിനു പൂർണ വിലക്കേർപ്പെടുത്തി. ബീച്ചുകളിൽ സന്ദർശനവും നിരോധിച്ചു. തീരപ്രദേശത്ത് 4.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുള്ളതിനാൽ അപകടമേഖലയിലുള്ളവർ മാറിത്താമസിക്കണമെന്നും നിർദേശമുണ്ട്.