തിരുവനന്തപുരം: കേന്ദ്രത്തിന്റെ അപ്രതീക്ഷിത നികുതി വർധനവിൽ ജനജീവിതം ദുരിത്തിലേക്ക്.ഇതുവരെ നികുതിയുണ്ടായിരുന്ന ബ്രാൻഡഡ് പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് പുറമെ നാളെ മുതൽ ബ്രാൻഡഡ് അല്ലാത്ത പാക്കറ്റിൽ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും നികുതി ഈടാക്കും.ഇതോടെ രാജ്യത്ത് തിങ്കളാഴ്‌ച്ച മുതൽ അരിയും പയർവർഗങ്ങളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വില വർധിക്കും.

ലേബൽ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയർവർഗങ്ങൾക്കും നികുതി ചുമത്താനായിരുന്നു കഴിഞ്ഞമാസം ചേർന്ന ജി എസ് ടി കൗൺസിലിന്റെ തീരുമാനം. എന്നാൽ ജൂലൈ 13 ന് ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറങ്ങിയപ്പോൾ 25 കിലോ പരിധി സർക്കാർ എടുത്തുകളഞ്ഞിരുന്നു. ഇതോടെ ചില്ലറയായി തൂക്കി നൽകുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും അടക്കം നികുതി ബാധകമാവും.ജൂലൈ 13 നാണ് ഭേദഗതി ചെയ്ത തീരുമാനം പുറത്തിറക്കിയത്. ഇതുവരേ പാക്കറ്റിൽ നൽകുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് നികുതി. ഇതോടെ അരിക്ക് പാക്ക് ചെയ്യാത്ത കോഴിയിറച്ചിയേക്കാൾ നികുതി വർധിക്കും.

നികുതി പരിഷ്‌ക്കരണം നാളെ (തിങ്കൾ) മുതൽ നടപ്പാക്കുന്നതോടെ പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും അരി,ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും. ഇതോടെ ജനങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം നികുതിയാകും. സംസ്ഥാനത്തെ പലചരക്ക് വിപണിയിൽ 80ശതമാനവും ഇത്തരത്തിലുള്ള ഉൽപന്നങ്ങളാണ്. നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കും.

പാലുൽപന്നങ്ങളിൽ പാലിന് ഒഴികെ എല്ലായിനങ്ങൾക്കും നികുതി നൽകണം. സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂട്ടുമെന്ന് മിൽമ അറിയിച്ചിട്ടുണ്ട്. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനമാണ് വില വർദ്ധന.പാക്കറ്റിൽ വിൽക്കുന്ന മാംസം, മീൻ, തേൻ, ലസ്സി, ശർക്കര, പനീർ, പപ്പടം, എന്നിവയുൾപ്പെടെ ജിഎസ്ടി വർധനവിന്റെ പരിധിയിൽ വരും.

ബ്രാൻഡ് ചെയ്ത് വിൽക്കുന്ന അരി, പയർ,കടല,പരിപ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇനി പാക്കറ്റിലാക്കി വിൽക്കുന്നവയ്ക്കെല്ലാം നികുതിയുണ്ട്. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസൺ അല്ലാത്തത്),മീൻ,തേൻ,ശർക്കര അടക്കമുള്ളവയ്ക്കും വില കൂടും. അതേസമയം ഏതെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധനവ് ബാധകമാവും എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. വ്യാപാരികളും ഇക്കാര്യത്തിൽ സംശയം ഉയർത്തുന്നുണ്ട്. ഇതേതുടർന്ന് കേരള സർക്കാർ ജിഎസടി വകുപ്പിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

ഇതിന് പുറമേ തിങ്കളാഴ്ച മുതൽ മില്ലുകളിൽ നിന്ന് മൊത്തവ്യാപാരിക്ക് നൽകുന്ന അരി പാക്കറ്റുകൾക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കും. ഇത് അരിവിലയും വർധിപ്പിക്കും. ബാങ്കുകളിൽ നിന്നും ലഭിക്കുന്ന ചെക്ക്‌ബുക്കിന് 18 % ജിഎസ്ടി, 5000ത്തിലേറെ ദിവസ വാടകയുള്ള ആശുപത്രി മുറിക്ക് 5 %, 1000 രൂപയിൽ താഴെയുള്ള ഹോട്ടൽ മുറി വാടകയിൽ 12 % വർധന, വീട് ബിസിനസ് സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിനും നികുതി ബാധകമാകും.

എൽഇഡി ലാംപ്, ലൈറ്റ്, വാട്ടർ പമ്പ്, സൈക്കിൾ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, ചിട്ടി ഫണ്ട് ഫോർമാൻ നൽകുന്ന സേവനം, ടെട്ര പാക്ക്, കട്ടിങ് ബ്ലേഡുകളുള്ള കത്തികൾ, പേപ്പർ മുറിക്കുന്ന കത്തി, പെൻസിൽ ഷാർപ്നറും ബ്ലേഡുകളും, സ്പൂൺ, ഫോർക്ക് തുടങ്ങിയവയുടെ നികുതി 12 ശതമാനത്തിൽനിന്ന് 18 ശതമാനമായി ഉയരും.അതേസമയം ഓസ്റ്റോമി കിറ്റ്, ട്രക്ക് പോലുള്ള ചരക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്ന്, റോപ്പ് വേ വഴിയുള്ള യാത്രയും ചരക്ക് കൈമാറ്റത്തിനും നികുതി കുറയും.

കോവിഡ് പ്രതിസന്ധിയോടെ സംസ്ഥാനങ്ങളുടെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. ജി.എസ്.ടി. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുന്നതും കഴിഞ്ഞ മാസം മുതൽ കേന്ദ്രസർക്കാർ നിറുത്തിവെച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർദ്ധിപ്പിക്കാനുള്ള കുറക്കുവഴിയായാണ് നിത്യോപയോഗ സാധനങ്ങളെ നികുതിഘടനയിൽപ്പെടുത്തിയത്.കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്

ജി.എസ്.ടി.നികുതിപരിഷ്‌ക്കരണം നിലവിൽ വരുന്ന ജൂലായ് 18 കരിദിനമായി ആചരിക്കുന്നതിന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) സംസ്ഥാാന സമിതി തീരുമാനിച്ചു.സംസ്ഥാനത്തുടനീളമുള്ള വ്യാപാര,വ്യവസായ സ്ഥാപനങ്ങളിൽ പ്രതിഷേധ പോസ്റ്ററുകൾ പതിക്കും.ചിലയിടങ്ങളിൽ മൊത്ത വ്യാപാര കേന്ദ്രങ്ങൾ അടച്ചിട്ടാണ് പ്രതിഷേധം.