ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഒന്നാം ടേം പരീക്ഷ ഓഫ്ലൈനായി നടപ്പാക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി. നവംബർ 16 മുതൽ പ്ലസ് ടു പരീക്ഷയും 17 മുതൽ പത്താം ക്ലാസ് പരീക്ഷയും ആരംഭിക്കും.

പത്താം ക്ലാസിലെ ഒൻപത് വിഷയങ്ങളിലും പ്ലസ് ടുവിലെ 19 വിഷയങ്ങളിലുമാണ് ഓഫ്ലൈൻ പരീക്ഷ നടക്കുക. തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നു ശരിയുത്തരം കണ്ടെത്തുന്നതിനുള്ള ചോദ്യങ്ങൾ മാത്രമാണുണ്ടാവുക.

ശരിയുത്തരം അടയാളപ്പെടുത്തുന്നതിനുള്ള സിബിഎസ്ഇ ബോർഡിന്റെ ഒപ്റ്റിക്കൽ മാർക്ക് റീഡർ ഷീറ്റുകൾ സ്‌കൂളുകൾ പ്രിന്റ് എടുത്ത് വിദ്യാർത്ഥികൾക്ക് നൽകണം. പരീക്ഷ എഴുതിയതിന് ശേഷം വിദ്യാർത്ഥികൾ നൽകുന്ന ഒ.എം.ആർ ഷീറ്റുകൾ സ്‌കൂളുകൾ സി.ബി.എസ്.ഇ പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യണം. 90 മിനിട്ട് സമയമാണ് പരീക്ഷയെഴുതാൻ അനുവദിച്ചിരിക്കുന്നത്.

ഇത്തവണ അധികമായി 30 മിനിട്ട് വിദ്യാർത്ഥികൾക്ക് ലഭിക്കും. ചോദ്യപേപ്പർ വായിക്കാൻ 20 മിനിട്ട് സമയം ലഭിക്കും. നേരത്തെ 15 മിനിട്ട് സമയമായിരുന്നു അനുവദിച്ചിരുന്നത്. കോവിഡ് വ്യാപനത്തിനുള്ള സാധ്യതയുള്ളതിനാൽ പരീക്ഷകൾ ഓൺലൈനായി എഴുതാൻ അനുവദിക്കണമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സി.ബി.എസ്.ഇ തള്ളുകയായിരുന്നു.