അഹമ്മദാബാദ്: ഗുജറാത്തിൽ ഒരു ശക്തമായ പ്രതിപക്ഷമായി മാറുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ഹാർദിക് പട്ടേൽ. ഗുജറാത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഹാർദികിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടത്ര ചുമതലകൾ കോൺഗ്രസ് നേതൃത്വം നൽകിയില്ലെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അധ്യക്ഷനായ ഹാർദിക് പട്ടേൽ പറഞ്ഞു. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തുമ്പോഴും പാർട്ടി വിട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സീറ്റ് വിതരണചർച്ചയിലും തന്റെ അഭിപ്രായങ്ങളെ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടി വിട്ടുപോകാനുള്ള തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കോൺഗ്രസിൽ തന്നെ തുടരുമെന്നും ഹാർദിക് പറഞ്ഞു. നേതൃത്വം തനിക്ക് നൽകുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ഹാർദിക് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താൻ ഹൈക്കമാന്റ് ഇടപെടൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

81 മുനിസിപ്പാലിറ്റികളും 31 ജില്ലാ പഞ്ചായത്തുകളും 231 താലൂക്ക് പഞ്ചായത്തുകളും ഉൾപ്പെടുന്ന ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മാർച്ച് രണ്ടിനായിരുന്നു. കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ട തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. നേരത്തെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾക്കായി നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി വിജയിച്ചിരുന്നു. 576 സീറ്റുകളിൽ 483 സീറ്റുകളും ബിജെപി നേടിയിരുന്നു. ആം ആദ്മി പാർട്ടിയും സൂറത്തിൽ 27 സീറ്റുകൾ നേടിയിരുന്നു.