ന്യൂഡൽഹി: അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ത്യൻ തീരം തൊടില്ലെങ്കിലും ഇതിന്റെ സ്വാധീനഫലമായി കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഗുജറാത്ത് തീരത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുമെന്ന് കരുതുന്ന ന്യൂനമർദ്ദം വരുംമണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ വടക്കുകിഴക്കൻ മേഖലകളിൽ ഇത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റാണ് ഷഹീൻ ചുഴലിക്കാറ്റായി മാറുന്നത്. ഇതിന്റെ സ്വാധീനഫലമായി നാളെ മുതൽ കേരളം, തമിഴ്‌നാട്, കർണാടകയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യാപകവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കനത്തമഴ കണക്കിലെടുത്ത് ജാഗ്രതാനിർദ്ദേശം നൽകി.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.