ന്യൂഡൽഹി: വാട്‌സ്ആപ്പ് ചാറ്റിനെ ചൊല്ലിയുള്ള കലഹത്തിനൊടുവിൽ സഹോദരൻ സഹോദരിക്കു നേരെ വെടിയുതിർത്തു. ആൺസുഹൃത്തുമായി പെൺകുട്ടി പതിവായി ചാറ്റ് ചെയ്തതാണ് വെടിവെപ്പിൽ കലാശിച്ചത്. വടക്കുകിഴക്കൻ ഡൽഹിയിൽ താമസിക്കുന്ന സലൂൺ ജീവനക്കാരനാണ് സഹോദരിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്. വയറിന് വെടിയേറ്റ 16-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം.

പെൺകുട്ടി ആൺസുഹൃത്തിനോട് പതിവായി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നതിനെ സഹോദരൻ എതിർത്തിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ പെൺകുട്ടി വാട്സാപ്പ് ചാറ്റിങ്ങും ഫോൺവിളിയും തുടർന്നു. കഴിഞ്ഞദിവസം പെൺകുട്ടി ചാറ്റ് ചെയ്യുന്നത് സഹോദരൻ കാണുകയും ഇതേച്ചൊല്ലി വഴക്കിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരിക്ക് നേരേ വെടിയുതിർത്തത്. വെടിയേറ്റ് വീണ പെൺകുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

നാല് മാസം മുമ്പ് മരിച്ച സുഹൃത്താണ് തനിക്ക് തോക്ക് നൽകിയതെന്നാണ് 17-കാരൻ നൽകിയ മൊഴി. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സലൂൺ ജീവനക്കാരനായ 17-കാരൻ ജോലിക്കൊപ്പം ഓപ്പൺ സ്‌കൂൾ വഴി പഠനവും തുടർന്നിരുന്നു. വെടിയേറ്റ സഹോദരി നേരത്തെ പഠനം അവസാനിപ്പിച്ചതാണ്.