ഗുരുവായൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ജില്ലാകലക്ടറുടെ ഉത്തരവ്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശം കലക്ടർ ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം രോഗലക്ഷണ മുള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി.ഇതോടൊപ്പം 25 വിവാഹങ്ങൾ മാത്രമേ നടത്താവൂ എന്ന നിബന്ധനയും ഒഴിവാക്കി. ഒരു ദിവസം വിവാഹസംഘങ്ങൾ അടക്കം 2000 പേരെ ദർശനത്തിന് അനുവദിക്കും. എന്നാൽ എത്ര വിവാഹം വേണം, എത്ര പേർക്ക് ദർശനം നൽകണം എന്നത് സംബന്ധിച്ച് ദേവസ്വത്തിന് തീരുമാനമെടുക്കാമെന്നും പറയുന്നു.

11 ദിവസം ക്ഷേത്രപരിസരം അടച്ചിട്ടതിനു ശേഷം ചൊവ്വാഴ്ചയാണ് നിയന്ത്രണങ്ങൾ നീക്കി കലക്ടർ ഉത്തരവിറക്കിയത്.ബുധനാഴ്ച ആ ഉത്തരവ് തിരുത്തി. ഭക്തർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിവാഹങ്ങൾ 25ൽ കൂടുതൽ പാടില്ലെന്നും നിബന്ധന വന്നു. അടിക്കടി തീരുമാനങ്ങൾ മാറ്റുന്നത് ഭക്തർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കലക്ടറുടെ പുതിയ ഉത്തരവ്.നിബന്ധനകളിൽ ഇളവു വരുത്തണം എന്നാവശ്യപ്പെട്ട് ദേവസ്വം കലക്ടർക്ക് കത്തും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ദർശനം പഴയപടി ആക്കിയത്.ക്ഷേത്രപരിസരത്തെ കച്ചവടക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോട് കൂടി വേണം കച്ചവടം ചെയ്യാൻ.നിയന്ത്രണങ്ങൾ കാരണം ഇന്നലെ ദർശനത്തിന് ഇരുനൂറിലേറെ പേർ മാത്രമാണ് എത്തിയത്. 12 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും 4 വിവാഹങ്ങളാണ് നടന്നത്.

അതേസമയം ദേവസ്വം സർക്കാരിന് 10 കോടി രൂപ നൽകിയത് ശരിയല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ദേവസ്വം തീരുമാനിച്ചിട്ടില്ലെന്ന് ഭരണസമിതി അറിയിപ്പിൽ വ്യക്തമാക്കി.ദേവസ്വം ഭരണത്തെ സംബന്ധിച്ച നിർണായക നിരീക്ഷണങ്ങൾ അടങ്ങിയ വിധിയെക്കുറിച്ച് മനസ്സിലാക്കാതെ അപ്പീൽ പോകുന്ന കാര്യം ചർച്ച ചെയ്യുക പോലും ചെയ്തിട്ടില്ല.വിധിയുടെ മറവിൽ ദേവസ്വത്തിനെയും കേരള സർക്കാരിനെയും മോശമായി ചിത്രീകരിച്ച് അപവാദ പ്രചാരണങ്ങൾ നടത്തുന്നത് ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ളവരാണെന്ന് ഭക്തർ മനസ്സിലാക്കണമെന്ന് ഭരണസമിതി അഭ്യർത്ഥിച്ചു.22ന് ചേർന്ന ദേവസ്വം ഭരണസമിതി വിധിയുടെ നിയമവശങ്ങൾ ആഴത്തിൽ പഠിക്കാനും വിശകലനം ചെയ്യാനും വിദഗ്ധ നിയമോപദേശം നൽകുന്നതിന് സുപ്രീംകോടതി സീനിയർ അഭിഭാഷകൻ ആര്യാമ സുന്ദരത്തോട് ആവശ്യപ്പെടാൻ മാത്രമാണ് തീരുമാനിച്ചത്.