കണ്ണൂർ: ഹലാൽ ബോർഡുകൾ വേണ്ടെന്നും ഹലാൽ ഭക്ഷണം എന്ന ബോർഡ് വയ്ക്കുന്നവരെ തിരുത്താൻ മത നേതൃത്വം തയ്യാറാകണമെന്നും എ എൻ ഷംസീർ എംഎൽഎ. ഹലാൽ കടകൾ ഉണ്ടാക്കുന്ന അപക്വമതികളെ മത നേതൃത്വം തിരുത്തണം. മുസ്ലിം മത നേതാക്കൾ സംഘ പരിവാറിന്റെ കയ്യിൽ വടികൊടുക്കരുതെന്നാണ് ഷംസീറിന്റെ ഉപദേശം. ആസൂത്രിത കലാപത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും ഷംസീർ പറയുന്നു.

ഹലാൽ ഫുഡ് വിവാദത്തിൽ വിവാദത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചത് ഈ ആഴ്ചയാണ് പോത്തിറച്ചിയും പന്നിയിറച്ചിയും അടക്കമുള്ള വിഭവങ്ങൾ വിളമ്പിയായിരുന്നു പ്രതിഷേധം. ഭക്ഷണത്തിൽ മതം കലർത്തരുത് എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ പ്രധാന നഗരങ്ങളിൽ ഫുഡ് സ്ട്രീറ്റ് നടത്തിയത്. എറണാകുളത്ത് നടത്തിയ പ്രതിഷേധത്തിലാണ് പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പിയത്.

ഹലാൽ ബോർഡ് വിവാദത്തിൽ പ്രതിഷേധവുമായി യുഡിഎഫും രംഗത്തെത്തിയിരുന്നു. ഹോട്ടലുകളിൽ എന്തിനാണ് ഹലാൽ ബോർഡ് വയ്ക്കുന്നതെന്നായിരുന്നു യുഡിഎഫ് കൺവീനർ എംഎം ഹസ്സന്റെയും ചോദ്യം. ഇത്തരം ബോർഡുകൾ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാൻ കാരണമാകുമെന്നും ഭക്ഷണം ആവശ്യമുള്ളവർ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്നും ഹസ്സൻ അഭിപ്രായപ്പെട്ടിരുന്നു. ഭക്ഷണത്തിന്റെ പേരിൽ കേരളത്തെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നായിരുന്നു ഹസ്സന്റെയും പക്ഷം.