കൊളംബോ: ഇന്ത്യൻ ക്രിക്കറ്റിലെ സമ്പൂർണ ക്രിക്കറ്റർമാരാണ് ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമയും. ഏത് ഫോർമാറ്റിലും ഒരുപോലെ മികവു കാട്ടുന്ന ഇവർ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിലെ കംപ്ലീറ്റ് പ്ലേയറാണ് സൂര്യകുമാർ യാദവാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

സൂര്യകുമാർ യാദവിന്റെ ബാറ്റിങ് വർഷങ്ങളായി കാണുന്ന ആളാണ് ഞാൻ. മുംബൈ ടീമിൽ ഒപ്പം കളിച്ചിരുന്ന കാലത്ത് സൂര്യുകുമാർ യുവതാരമായിരുന്നു. എന്നാലിന്ന് വിരാട് കോലിയും രോഹിത് ശർമയും കഴിഞ്ഞാൽ ബാറ്റിംഗിൽ ഇന്ത്യക്കുള്ള കംപ്ലീറ്റ് പ്ലേയറാണ് സൂര്യകുമാറെന്നും ഹർഭജൻ പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സൂര്യകുമാറിലെ ബാറ്റ്‌സ്മാന്റെ വളർച്ച അടുത്തുനിന്ന് കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആസാമാന്യ മികവുള്ള കളിക്കാരനാണയാൾ, പേസ് ബൗളർമാരെയും സ്പിന്നർമാരെയും ഒരുപോലെ നേരിടാൻ മിടുക്കുള്ള മറ്റൊരു ഇന്ത്യൻ താരത്തെ ഇപ്പോൾ ചൂണ്ടിക്കാണിക്കാനാവില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പ് ടീമിലും ടി20 ടീമിലും ഏകദിന ടീമിലും സൂര്യകുമാർ തീർച്ചയായും സ്ഥാനം അർഹിക്കുന്നുവെന്നും ഹർഭജൻ പറഞ്ഞു.

ദേശീയ ടീമിലെത്താനായി ദീർഘനാൾ കാത്തിരുന്ന സൂര്യകുമാർ യാദവ് മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറിയുമായി വരവറിയിച്ച സൂര്യകുമാർ യാദവ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ താരവുമായി.