മുംബൈ: സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ഹർഭജൻ സിംഗിന് ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ, ടെൻഡുൽക്കർ, വിവി എസ് ലക്ഷ്മൺ, ഇർഫാൻ പത്താൻ, ഗൗതം ഗംഭീർ, ശിഖർ ധവാൻ, സുരേഷ് റെയ്‌ന, ഉമേഷ് യാദവ്, ആർ പി സിങ് തുടങ്ങി നിരവധി താരങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിലെ ടർബണേറ്ററായിരുന്നു ഹർഭജന് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തത്.

ട്വിറ്ററിലൂടെയാണ് ഐപിഎൽ ഉൾപ്പടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് ഹർഭജൻ സിങ് അറിയിച്ചത്. 1998ൽ പതിനേഴാം വയസിൽ ഇന്ത്യക്കായി അരങ്ങേറിയ ഹർഭജൻ 101 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തിൽ നിന്ന് 269 വിക്കറ്റും 28 ട്വന്റി 20യിൽ നിന്ന് 25 വിക്കറ്റും 163 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്

2007 ട്വന്റി 20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായ ഹർഭജൻ 2016 മാർച്ചിലാണ് ഇന്ത്യൻ ടീമിൽ അവസാനമായി കളിച്ചത്. പിന്നീട് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഹർഭജനെ ഇന്ത്യൻ ടീമിലേക്ക് സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നെങ്കിലും ഹർഭജന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

ഇന്ത്യൻ ക്രിക്കറ്റിനായി വ്യക്തിഗത മികവിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയാണ് ഹർഭജൻ സിങ് കളമൊഴിയുന്നത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് ജയിച്ച ഒട്ടേറെ ഐതിഹാസിക വിജയങ്ങൾ സ്വന്തമാക്കിയ ഹർഭജൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചെങ്കിലും അദ്ദേഹം ബാക്കി വെച്ച ചില അപൂർവമായ റെക്കോഡുകളുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർമാരിലൊരാളായാകും ഭാജിയെ ഇന്ത്യൻ ക്രിക്കറ്റിൽ രേഖപ്പെടുത്തുക.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഹാട്രിക്ക്
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഹാട്രിക്ക് നേടിയ താരം എന്ന റെക്കോഡിനുടമയാണ് ഹർഭജൻ സിങ്. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരേ 2001-ലാണ് ഹർഭജൻ ഈ അപൂർവനേട്ടം സ്വന്തമാക്കിയത്. ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റിക്കി പോണ്ടിങ്, ആദം ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ എന്നീ താരങ്ങളെ മടക്കിയാണ് ഹർഭജൻ കൊടുങ്കാറ്റായത്. വി.വി എസ് ലക്ഷ്മണിന്റെ വീരോചിതമായ 281 റൺസിന്റെ ഇന്നിങ്സും ഈ ടെസ്റ്റിലാണ് പിറന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ്
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ഓഫ് സ്പിന്നർ എന്ന റെക്കോഡ് ഹർഭജൻ സിങ്ങിന്റെ പേരിലാണുള്ളത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിനിടെയാണ് താരം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച ഹർഭജൻ 417 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത നാലാമത്തെ താരമാണ് ഹർഭജൻ.

ട്വന്റി 20 യിലെ വിക്കറ്റ് മെയ്ഡൻ
ബാറ്റർമാരുടെ മാത്രം മത്സരമെന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന ട്വന്റി 20 ക്രിക്കറ്റിൽ വിലപ്പെട്ട റെക്കോഡ് സ്വന്തമാക്കിയ താരമാണ് ഹർഭജൻ. ട്വന്റി 20 ക്രിക്കറ്റിൽ രണ്ട് തവണ വിക്കറ്റ് മെയ്ഡൻ ഓവർ ചെയ്ത താരമാണ് ഹർഭജൻ. റൺമഴ പിറക്കുന്ന ട്വന്റി 20 യിൽ റൺസ് വഴങ്ങാതെ വിക്കറ്റ് വീഴ്‌ത്തുക എന്നതുതന്നെ വലിയ കാര്യമാണ്. അത് രണ്ട് തവണ സ്വന്തമാക്കിയാൽ അത്ഭുതം എന്ന ഒറ്റ വാക്കിനാലേ ആ പ്രകടനം വിശേഷിപ്പിക്കാനാകൂ. 2012 ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് ഹർഭജൻ രണ്ട് മെയ്ഡൻ വിക്കറ്റ് പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിൽ നാലോവറിൽ വെറും 12 റൺസ് മാത്രം വിട്ടുനൽകിയ ഹർജൻ നാല് വിക്കറ്റുകൾ നേടി.

ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം മെയ്ഡൻ ഓവറുകൾ ചെയ്ത രണ്ടാമത്തെ താരമാണ് ഹർഭജൻ(അഞ്ചുതവണ). എട്ടുതവണ മെയ്ഡൻ ചെയ്ത ജസ്പ്രീത് ബുംറയാണ് പട്ടികയിൽ ഒന്നാമത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ മാത്രമല്ല ഐ.പി.എല്ലിലും ഹർഭജൻ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഐ.പി.എല്ലിൽ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യൻ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഹർഭജൻ. 163 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകളാണ് താരം നേടിയത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്കൊപ്പം ഐ.പി.എൽ കിരീടം നേടാനും താരത്തിന് സാധിച്ചു.