ദുബൈ: ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലെ നിർണായക മത്സരത്തിൽ കരുത്തരായ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് ജോഡിയെ മാറ്റണമെന്ന അഭിപ്രായവുമായി ഹർഭജൻ സിങ്.

രോഹിത് ശർമക്കൊപ്പം ഇഷാൻ കിഷൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യണമെന്നാണ് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരത്തിന്റെ അഭിപ്രായം. മുംബൈ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാന് പവർപ്ലേയിൽ മികച്ച തുടക്കം നൽകാനാകുമെന്നാണ് ഹർഭജന്റെ പക്ഷം.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഓപണർമാരായ രോഹിതും കെ.എൽ. രാഹുലും പെട്ടെന്ന് മടങ്ങിയത് ഇന്ത്യക്ക് വിനയായിരുന്നു. രോഹിത് ഗോൾഡൻ ഡക്കായി മടങ്ങിയപ്പോ എട്ടുപന്ത് നേരിട്ട രാഹുലിന് മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ശഹീൻ അഫ്രീദിയുടെ പന്തിൽ ഇരുവരും മടങ്ങിയത് ഇന്ത്യയുടെ റണ്ണൊഴുക്കിനെ നന്നേ ബാധിച്ചിരുന്നു.

'ഇഷാൻ കിഷൻ ഇന്ത്യക്കായി കളിക്കേണ്ടത് വളരെ പ്രധാനമാണ്. രോഹിത്തിനൊപ്പം ഇഷാൻ ഓപൺ ചെയ്താൽ ഇന്ത്യ ആഗ്രഹിക്കുന്ന തുടക്കം ലഭിക്കും. ഇഷാൻ ആറ് ഓവർ കളിക്കുകയാണെങ്കിൽ സ്‌കോർ 40-50 ആയിരിക്കില്ല മറിച്ച് 60-70 വരെ ആയിരിക്കും. ഇഷാൻ കിഷൻ ഒരു തകർപ്പൻ ബാറ്റ്‌സ്മാനാണ്. അവൻ ഉള്ളപ്പോഴെല്ലാം ഏത് ബൗളറും സമ്മർദ്ദത്തിലാകും' -ഹർഭജൻ പറഞ്ഞു.

'ഇഷാൻ ഓപൺ ചെയ്യുകയും കോഹ്‌ലിയും രാഹുലും പിന്നാലെ ഇറങ്ങുകയും ചെയ്താൽ ഇന്ത്യയുടെ ആദ്യ നാല് ബാറ്റ്‌സ്മാന്മാർ കാര്യത്തിൽ പിന്നെ പേടിക്കേണ്ടതില്ല. ഋഷഭ് പന്ത് അഞ്ചാമനായി തുടരണം'-ഹർഭജൻ കൂട്ടിച്ചേർത്തു.

ബൗൾ ചെയ്യാൻ സാധിക്കില്ലെങ്കിലും തൻേറതായ ദിവസങ്ങളിൽ ഏതുബൗളറെയും തച്ചുതകർക്കാൻ ശേഷിയുള്ള ഹർദിക് പാണ്ഡ്യയെ ആറാം നമ്പറിൽ ഇറക്കണമെന്നും ഹർഭജൻ പറയുന്നു.

പാക്കിസ്ഥാനെതിരെ പേസർ ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപെടുത്തിയതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കിവീസിനെതിരെ ഭുവിക്ക് പകരം ചെന്നൈ സൂപ്പർകിങ്‌സ് താരം ശർദുൽ ഠാക്കൂറിനെ ടീമിൽ ഉൾപെടുത്താനാണ് ഹർഭജൻ ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനെതിരെ പരാജയമായെങ്കിലും വരുൺ ചക്രവർത്തിക്ക് ഇന്ത്യയുടെ മാച്ച്‌വിന്നറായി ഉയർന്ന് വരാൻ സാധിക്കുമെന്നും ഹർഭജൻ ആശംസിച്ചു.

പാക്കിസ്ഥാനെതിരെ അർധസെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്‌ലിയുടെ മികവിൽ ഇന്ത്യ 151റൺസ് വിജയലക്ഷ്യം ഉയർത്തിയത്. എന്നാൽ വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാൻ 17.5 ഓവറിൽ ലക്ഷ്യം കണ്ടു. കിവീസിനെതിരായ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താനാകൂ. പാക്കിസ്ഥാനോട് വൻ മാർജിനിൽ തോറ്റത് ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമാകുമായിരുന്നു. എന്നാൽ കിവീസും പാക് പടക്ക് മുന്നിൽ മുട്ടുമടക്കിയത് ഇന്ത്യക്ക് ആശ്വാസമായി. അഫ്ഗാനിസ്താൻ, സ്‌കോട്‌ലൻഡ്, നമീബിയ എന്നീ ടീമുകളിൽ ആരെങ്കിലും ഗ്രൂപ്പിലെ 'ബിഗ് ത്രീ'യിൽ ഏതെങ്കിലും ഒരു ടീമിനെ തോൽപ്പിച്ചാൽ സമവാക്യങ്ങളിൽ വീണ്ടും മാറ്റം വരും.