മുംബൈ: ദുബായിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർഡിക് പാണ്ഡ്യയിൽ നിന്നും അഞ്ച് കോടി രൂപ വില വരുന്ന വാച്ചുകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചു പുറത്തുവന്ന മാധ്യമ വാർത്തകൾ തള്ളി പാണ്ഡ്യയും രംഗത്തുവന്നു. വാച്ചിന്റെ ശരിയായ മൂല്യം 1.5 കോടി വിലവരുന്നതെന്നാണ് പാണ്ഡ്യ പറഞ്ഞത്. മൂല്യം നിർണയിക്കാൻ വേണ്ടി ഒരു വാച്ച് മാത്രമാണ് എടുത്തതെന്ന് ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ പാണ്ഡ്യ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പിനു ശേഷം മുംബൈ വിമാനത്താവളത്തിൽ മടങ്ങിയെത്തിയ പാണ്ഡ്യയിൽ നിന്ന് ഞായറാഴ്ച അഞ്ച് കോടിയോളം വില രണ്ട് വാച്ചുകൾ കസ്റ്റംസ് പിടിച്ചെടുത്തുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ബില്ലടക്കമുള്ള മതിയായ രേഖകളില്ലാത്തതിനെ തുടർന്നാണ് വാച്ചുകൾ പിടിച്ചെടുത്തതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായ ധാരണകൾ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ പാണ്ഡ്യ, കൊണ്ടുവന്ന വാച്ചുകൾക്ക് കസ്റ്റംസ് തീരുവ അടയ്ക്കാൻ താൻ സ്വമേധയാ കസ്റ്റംസ് കൗണ്ടറിൽ പോകുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. 'ഞാൻ ദുബായിൽ നിന്ന് നിയമാനുസൃതമായി വാങ്ങിയ എല്ലാ സാധനങ്ങളെന്തെല്ലാമെന്ന് സ്വമേധയാ തന്നെ അറിയിച്ചിരുന്നു. അതിനായി എത്ര തീരുവ തന്നെ അടയ്ക്കാനും തയ്യാറാണ്. കസ്റ്റംസ് അതിനായി ആവശ്യപ്പെട്ട രേഖകളെല്ലാം തന്നെ ഞാൻ സമർപ്പിച്ചതാണ്.' - പാണ്ഡ്യ കുറിച്ചു.

'വാച്ചിന്റെ വില ഏകദേശം 1.5 കോടി രൂപയാണ്, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ പോലെ അഞ്ചു കോടി രൂപയല്ല. ഞാൻ രാജ്യത്തെ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്, എല്ലാ സർക്കാർ ഏജൻസികളെയും ഞാൻ ബഹുമാനിക്കുന്നു. മുംബൈ കസ്റ്റംസ് വിഭാഗത്തിൽ നിന്ന് എല്ലാവിധ പിന്തുണയും എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ എല്ലാ സഹകരണവും അവർക്കും ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നിയമാനുസൃതമായ രേഖകളെല്ലാം അവർക്ക് നൽകുകയും ചെയ്യും. നിയമം ലംഘിച്ചുവെന്ന തരത്തിൽ എനിക്കെതിരേ ഉയരുന്ന ആരോപണങ്ങളെല്ലാം തീർത്തും അടിസ്ഥാനരഹിതമാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.