തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദങ്ങൾ മുറുകുകയാണ്. ഒരുവിഭാഗം തമിഴ്‌നാടുമായുള്ള തർക്കത്തിൽ സർക്കാരിന്റെ പിടിപ്പുകേടിനെ പഴിക്കുന്നു. അനാവശ്യ ഭീതി പരത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ വിമർശിക്കുന്നു. അതേസമയം, ഡാം ഇപ്പൊ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂർണ്ണ സുരക്ഷിതമാണെന്ന വാദവും എന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ കുറിച്ചു. മുല്ലപ്പെരിയാറിൽ സർക്കാരിന് മുന്നോട്ട് പോകാനുള്ള വഴിയെ കുറിച്ച് ചില നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു

അഡ്വ.ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മുല്ലപ്പെരിയാറിൽ മുന്നോട്ട് വഴിയെന്ത്?

ഡാം ഇപ്പൊ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂർണ്ണ സുരക്ഷിതമാണെന്ന വാദവും. 100 വർഷം കഴിഞ്ഞ ഏത് ഡാമും അപകടമുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ച് ഭൂകമ്പസാധ്യതയും മണ്ണിടിച്ചിലും ഉള്ള പ്രദേശമാണെങ്കിൽ. ഡാം എല്ലാക്കാലവും സമ്പൂർണ്ണ സുരക്ഷിതമാണ് എന്ന വാദം ആ അർത്ഥത്തിൽ അസംബന്ധമാണ്.

ഭരണഘടനയ്ക്ക് മുൻപ് ഉണ്ടാക്കിയ കരാർ ഭരണഘടന വന്നതോടെ റദ്ദാകേണ്ടതാണ്. എന്നാലിത് പൊളിറ്റിക്കൽ കരാറല്ല എന്ന വിചിത്രവും അസംബന്ധവുമായ വിധിയിലൂടെയാണ് സുപ്രീംകോടതി കേരളത്തിന്റെ വാദം തള്ളിയത്. അതിനെതിരെ പ്രതിഷേധം ശക്തമാക്കേണ്ടത് ആയിരുന്നു, ചെയ്തില്ല.

തമിഴ്‌നാടുമായുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമോ എന്ന പരിശോധനയാണ് ഇനി ബാക്കി. ഇനി ചർച്ചയ്ക്ക് ഇരിക്കുമ്പോൾ, അവർക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുള്ളതുകൊണ്ട് തമിഴ്‌നാടിനു മേൽക്കൈ ഉണ്ട്. കേരളത്തിന്റെ ഒരു ഡിമാന്റും അംഗീകരിക്കേണ്ട കാര്യമോ, ചർച്ച തന്നെയോ നടത്തേണ്ട കാര്യമോ തൽക്കാലം അവർക്കില്ല. ഡാം ബലവത്താണെന്ന സുപ്രീംകോടതി വിധി അന്തിമമല്ലെന്നും, ബലക്ഷയം സംബന്ധിച്ച് നിയമപരമായ പുതിയ പോർമുഖം തുറക്കാമെന്നും ഉള്ള സ്ഥിതി വന്നാലേ ആരോഗ്യകരമായ ചർച്ച ഉണ്ടാകൂ.

കേന്ദ്രജലകമ്മീഷനാണ് (CWC) ഈ വിഷയത്തിലെ, രാജ്യത്തുള്ള ഏറ്റവും ഉയർന്ന സാങ്കേതികസമിതി എന്ന അടിസ്ഥാനത്തിലാണ് തമിഴ്‌നാടിന്റെ വാദവും വിധിയും. എന്നാൽ, 2006 നു ശേഷം രാജ്യത്തെ executive നും നിയമങ്ങൾക്കും വലിയ മാറ്റങ്ങളുമുണ്ടായി.അതത് സംസ്ഥാനങ്ങളുടെ ദുരന്തസാധ്യതകൾ സ്വതന്ത്രമായി വിലയിരുത്താനും തീരുമാനങ്ങൾ എടുക്കാനും SDMA കളും ദേശീയ തലത്തിൽ NDMA യും നിലവിൽ വന്നു. ഈ നിയമത്തിനു നിലനിൽക്കുന്ന മറ്റെല്ലാ നിയമങ്ങളുടെയും മുകളിൽ മേൽക്കൈ ഉണ്ട് എന്ന വകുപ്പ് CWC യുടെ തീരുമാനങ്ങളേ അസ്ഥിരപ്പെടുത്താൻ NDMA യ്ക്ക് അധികാരം നൽകുന്നു.
ദുരന്തനിവാരണ നിയമം അനുസരിച്ച് തയ്യാറാക്കിയ സ്റ്റേറ്റ് പ്ലാനിൽ മനുഷ്യനിർമ്മിത ദുരന്തങ്ങളുണ്ട്. ദുരന്തം ഒഴിവാക്കാനും ആഘാതം ലഘൂകരിക്കാനും ഉള്ള പോംവഴികളുണ്ട്. മുല്ലപ്പെരിയാർ SDMP യിൽ ഉൾപ്പെടുത്തണം.

2006 നും 2021 നും ഇടയിൽ നടന്ന കാലാവസ്ഥാ മാറ്റവും ഭൗമപ്രതിഭാസങ്ങളും കണക്കിലെടുത്ത്, ഡാം പൊളിയാനുള്ള സാധ്യത ഒരു അന്താരാഷ്ട്ര ഏജൻസിയെ വെച്ചു സ്വതന്ത്രമായി പഠിക്കാനുള്ള തീരുമാനം SDMA യിൽ ഉണ്ടാകണം. പൊളിഞ്ഞാൽ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തം ലഘൂകരിക്കാനുള്ള പ്ലാൻ തയ്യാറാക്കണം. പുതിയ പഠനം ആശങ്കകൾ ശരിവെയ്ക്കുന്നത് ആണെങ്കിൽ, ഡാം പൊളിക്കാൻ തീരുമാനിക്കണം. കരാർ റദ്ദാക്കാൻ തീരുമാനിക്കണം. തമിഴ്‌നാടിനു വെള്ളം കൊടുക്കേണ്ട ബാധ്യത കേരളാ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ രേഖകൾ സഹിതം ദേശീയ ദുരന്തനിവാരണ അഥോറിറ്റിയിൽ അപേക്ഷ സമർപ്പിക്കണം. സമയബന്ധിതമായി തീരുമാനം എടുക്കാൻ കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങണം. അടഞ്ഞ വാതിലുകൾ തുറന്നേക്കാം എന്ന പ്രതീതി സൃഷ്ടിക്കണം.

അപ്പോൾ, തമിഴ്‌നാട് സർക്കാർ ഉഭയകക്ഷി ചർച്ചയ്ക്ക് മുൻകൈ എടുക്കും. അവിടെ കേരളത്തിന് കേരളത്തിന്റെ വാദം പറയുമ്പോൾ, സുപ്രീംകോടതിയുടെ വിധിയുടെ തോൽവിഭാരം ഇന്നത്തെയത്ര ഉണ്ടാകില്ല. പുതിയ ഡാമോ, ജലം കൊണ്ടുപോകാൻ പുതിയ കനാലോ എന്താന്നു വച്ചാൽ തീരുമാനിക്കാം.ഇപ്പോഴുള്ളതിലും മെച്ചപ്പെട്ട, സുരക്ഷിതമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷ.
വ്യക്തിപരമായ അഭിപ്രായമാണ്.

ഡാം വിദഗ്ധനോ സുരക്ഷാ വിദഗ്ധനോ അല്ല.
അഡ്വ.ഹരീഷ്