കോതമംഗലം: കഞ്ചാവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്  കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം എക്‌സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ കറുകടം - വാരപ്പെട്ടി റോഡിൽ സംഗമം കവല ഭാഗത്തു നിന്നും വിൽപനക്കായി കരുതിയിരുന്ന 100 ഗ്രാം കഞ്ചാവുമായി മുളവൂർ കളരിക്കൽ ഹാരിസ് (31 വയസ്സ്) ആണ് പിടിയിലായത്.

കഞ്ചാവ് ഉപയോഗിച്ചിട്ടിരുന്ന പ്രതി  എക്‌സൈസുകാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്ന് സാഹസികമായി മൽപ്പിടുത്തത്തിലൂടെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പുതുപ്പാടി മുളവൂർ കവലയിൽ ബേക്കറി നടത്തിക്കൊണ്ടിരുന്ന പ്രതി കടയുടെ മറവിൽ പ്രധാനമായും മുവ്വാറ്റുപുഴ കോതമംഗലം ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് വിൽപന നടത്തിയിരുന്നത്.

രഹസ്യവിവരത്തെ തുടർന്ന് പ്രസ്തുത പ്രദേശം കുറച്ചു നാളുകളായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ അജി അഗസ്റ്റിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ബി.ലിബു, കെ.എ.റസാഖ്, സി.എം.നവാസ് എന്നിവരും ഉണ്ടായിരുന്നു.