തിരുവനന്തപുരം: എംഎസ്എഫ് നേതാക്കൾക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയിൽ ഹരിത മുൻ ഭാരവാഹികൾ വനിതാ കമ്മീഷന് മുന്നിൽ മൊഴി നൽകി. പരാതിയിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കിയ നേതാക്കൾ പൊലീസ് നടപടികൾക്ക് വേഗം പോരെന്നും വനിതാ കമ്മീഷനെ ധരിപ്പിച്ചു. ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി, മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരാണ് തിങ്കളാഴ്ച കോഴിക്കോട്ട് നടന്ന വനിതാ കമ്മീഷന്റെ അദാലത്തിലെത്തി മൊഴി നൽകിയത്.

വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും നടപടികൾക്ക് വേഗം പോരെന്ന പരാതിയും പരാതിക്കാർ കമ്മീഷന് മുന്നിൽ ഉയർത്തി. വനിത കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യം തള്ളിയ ഹരിത മുൻ ഭാരവാഹികൾ കമ്മീഷന് മുന്നിൽ ഹാജരായി മൊഴി നൽകിയത് മുസ്ലിം ലീഗിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം നോട്ടീസ് നൽകിയിരുന്നുവെങ്കിലും ആരോപണവിധേയരായ എംഎസ്എഫ് നേതാക്കൾ കമ്മീഷന് മുന്നിൽ ഹാജരായില്ല.

എം.എസ്.എഫ് യോഗത്തിനിടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൽ വഹാബ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് എന്നിവർക്കെതിരെയാണ് ഹരിത നേതാക്കൾ പരാതി നൽകിയിരുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസിനെ അറസ്റ്റ് ചെയ്ത് നേരത്തെ ജാമ്യത്തിൽ വിട്ടിരുന്നു. പത്ത് ഹരിത ഭാരവാഹികളാണ് വനിത കമീഷന് പരാതി നൽകിയിരുന്നത്.