കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ചിറ്റനാട് വാർഡിലെ പ്ലാസ്റ്റിക്‌നീക്കത്തിന്റെ ചുമതലയുള്ള ഹരിതസേനാംഗങ്ങൾക്ക് മാലിന്യപ്പൊതിയോടൊപ്പം ലഭിച്ചതൊരു മിഠായിപ്പൊതി. വീടുകൾ തോറും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വരുന്നതിനിടയിലാണ് എരുമേലി റോഡിലെ സൗപർണിക വീടിന്റെ സിറ്റൗട്ടിൽ നിന്നു വൃത്തിയായ കഴുകിയ പ്ലാസ്റ്റിക് മാലിന്യപ്പൊതിയും അതിനു മുകളിൽ മിഠായിപ്പൊതിയും യൂസർ ഫീയായ 50 രൂപയും ലഭിച്ചത്.

ഹരിത കർമ സേനാംഗങ്ങളായ അനീഷ അഭിലാഷ്, സതി ശശി എന്നിവർക്ക് ആദ്യാനുഭവമായി അത്. ഉടൻ തന്നെ പഞ്ചായത്ത് അംഗം ഐബി വർഗീസിനെ വിവരം അറിയിക്കുകയും ചെയ്തു.ആകാശവാണി കൊച്ചി എഫ്എമ്മിൽ എൻജിനീയറിങ് വിഭാഗത്തിൽ ടെക്‌നിഷ്യനായി ജോലി ചെയ്യുന്ന രാധാകൃഷ്ണനാണ് ഈ മധുരപ്പൊതിയുടെ പിന്നിൽ.

മാലിന്യം ശേഖരിക്കുവാൻ വരുന്നവരെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് മിഠായിപ്പൊതികൾ വച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് പഞ്ചായത്തിൽ 18 വാർഡുകളിലായി 36 ഹരിത കർമ സേനാംഗങ്ങളാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറിയ വാഹനം ഉടൻ സജ്ജീകരിക്കുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ലവിൻ ജോസഫ് പറഞ്ഞു.