ചണ്ഡിഗഢ്: സംസ്ഥാനത്തെ കോവിഡ് രോഗികൾക്ക് സൗജന്യമായി നൽകുന്ന കോവിഡ് കിറ്റിന്റെ ഭാഗമായി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി നിർമ്മിച്ച കോറോനിൽ വിതരണം ചെയ്യാൻ ഹരിയാന സർക്കാർ തീരുമാനിച്ചു. കോവിഡിനെതിരായ കോറോനിൽ ആയുർവേദ മരുന്ന് വിതരണം ചെയ്യുന്നതായി സ്ഥിരീകരിച്ച് സംസ്ഥാന മന്ത്രി അനിൽ വിജ് ട്വീറ്റ് ചെയ്തു.

രോഗികൾക്ക് സൗജന്യമായി കോറോനിൽ നൽകുന്നതിന് ചെലവാകുന്നതിന്റെ പകുതി തുക പതഞ്ജലിയും പകുതി ഹരിയാന സർക്കാരിന്റെ കോവിഡ് റിലീഫ് ഫണ്ടുമാണ് വഹിക്കുക. ഒരു ലക്ഷം പതഞ്ജലി കോറോനിൽ കിറ്റുകൾ കോവിഡ് രോഗികൾക്ക് നൽകുന്നതിനാണ് തീരുമാനമെന്നും മന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കി.

എന്നാൽ പതഞ്ജലി സ്ഥാപകനും യോഗാചാര്യനുമായ ബാബാ രാംദേവും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധനനുമായി ഉണ്ടായ തർക്കത്തിന്റെ നീരസം തീർക്കാനാണ് ഹരിയാന സർക്കാർ ഇത്തരമൊരു സാഹസത്തിന് മുതിരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാംദേവിനെ മെരുക്കാൻ സർക്കാർ ജനങ്ങളുടെ ആരോഗ്യം കൊണ്ട് കളിക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് വ്യാപനത്തിന് കാരണം അലോപ്പതി ചികിൽസയാണെന്ന ആരോപണം ബാബാ രാംദേവ് നടത്തിയിരുന്നു. ഇതിനെതിരെ ഡോ. ഹർഷവർദ്ധൻ രംഗത്ത് വന്നതിനെ തുടർന്ന് ബാബാ രാംദേവിന് തന്റെ പരാമർശം പിൻവലിക്കേണ്ടി വന്നു. നിരവധിപേർ രാംദേവിനെതിരെ വിമർശനങ്ങളും പരിഹാസങ്ങളും നടത്തിയിരുന്നു. ഇത് രാംദേവിന് ക്ഷീണമായി. അതിന് പകരമായാണ് യാതൊരു ശാസ്ത്രീയ അംഗീകാരവുമില്ലാത്ത കോറോനിൽ വിതരണം ചെയ്യാൻ ബിജെപി സർക്കാർ തയ്യാറായതെന്നാണ് പ്രതിപക്ഷം പറയുന്നത്.

കോവിഡിനുള്ള മരുന്ന് എന്ന പേരിൽ പതഞ്ജലി ഇറക്കിയ കോറോനിലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉണ്ടെന്ന രാംദേവിന്റെ അവകാശവാദത്തിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്ത് വന്നിരുന്നു.