ചണ്ഡീഗഢ്: സ്വന്തം നാട്ടുകാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ. ഇനിമുതൽ ഫാക്ടറി, ബ്ലൂ കോളർ ജോലികൾ എന്നിവയ്ക്ക് 75 ശതമാനം തദ്ദേശീയരായ ആളുകൾക്ക് സംവരണം ഉറപ്പാക്കുന്ന ബിൽ നിയമസഭ പാസ്സാക്കി. ഇതോടെ തദ്ദേശീയരായ തൊഴിലാളികൾക്ക് സ്വന്തം നാടുകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കും.

വ്യാഴാഴ്‌ച്ച ചേർന്ന സഭയിലായിരുന്നു നിർണ്ണായക ബിൽ പാസ്സാക്കിയത്. ഈ നിയമം അനുസരിച്ച് പത്തുപേരിൽ കൂടുതൽ ആൾക്കാർ ജോലിയെടുക്കുന്ന സ്ഥാപനങ്ങളിലെല്ലാം സംവരണം പാലിക്കണം. 10 ശതമാനത്തിൽ കൂടുതൽ ഇതരസംസ്ഥാനക്കാർ വരുന്ന സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. 50,000 രൂപ വരെ മാസ ശമ്പളം നൽകുന്ന ജോലികളെല്ലാം ഇനിമുതൽ ഈ നിയമത്തിന്റെ പരിധിയിൽപ്പെടും. നിയമം ലംഘിക്കുന്ന സ്ഥാനപങ്ങൾക്ക് 10,000 മുതൽ 50,000 രുപ വരെ പിഴ വിധിക്കാനും ബില്ലിൽ ശുപാർശ ചെയ്യുന്നു. അതേസമയം നിലവിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമം ബാധകമാകില്ല. ഇനി രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളാണ് നിയമപ്രകാരം സംവരണ തത്വം പാലിക്കേണ്ടത്.

പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന സ്വകാര്യ കമ്പനികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, പങ്കാളിത്ത സ്ഥാപനങ്ങൾ തുടങ്ങി സ്വകാര്യ ഉടമസ്ഥതയിൽ ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ സംവരണനിയമം ബാധകമാകും. പുതിയ നിയമം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തുന്ന പുതിയ ആൾക്കാർക്ക് തിരിച്ചടിയാകും. കുടിയേറ്റ തൊഴിലാളികൾ അധികമായി കടന്നുവരുന്നതിനാൽ ഹരിയാനയിലെ ആളുകൾക്ക് അവസരങ്ങൾ നഷ്ടമാകുന്ന സാഹചര്യം പരിഹരിക്കാനാണ് ബിൽ പാസ്സാക്കിയതെന്നും സർക്കാർ പറയുന്നു.

അതേസമയം ജോലിയിൽ പ്രവേശിക്കാൻ മതിയായ യോഗ്യതകളോ പ്രവർത്തി പരിചയമോ ഉള്ള ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യം മുൻ നിർത്തി ബില്ലിൽ നിന്നും 10,000 മുതൽ 50,000 വരെയുള്ള പിഴശിക്ഷ എന്നത് മാറ്റണമെന്ന് തൊഴിലുടമകളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ബിജെപിക്കൊപ്പം അധികാരത്തിൽ പങ്കാളിത്തം വഹിക്കുന്ന ഹരിയാനയിലെ ജെജെപി 2019 ലെ പ്രകടന പത്രികയിൽ പറഞ്ഞിരുന്ന കാര്യമാണ് 75 ശതമാനം തൊഴിൽ സംവരണമെന്നത്.