ന്യൂഡൽഹി: അലോപ്പതി വിഭാഗത്തിനും ഡോക്ടർമാർക്കുമെതിരെയുള്ള പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ബാബാ രാംദേവിന് കത്തെഴുതി.

ഡോക്ടർമാരെയും ആധുനിക വൈദ്യശാസ്ത്രത്തെയും അപമാനിച്ച രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി.

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടർമാർ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന.

'കോവിഡ് 19നെതിരെ രാജ്യത്തെ ആരോഗ്യപ്രവർത്തകർ അവിശ്വസനീയ രീതിയിലാണ് പൊരുതുന്നത്. അതുകൊണ്ടുതന്നെ ബാബാ രാംദേവിന്റെ പ്രസ്താവന രാജ്യത്തെ വേദനിപ്പിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തകരെ അവഹേളിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. താങ്കൾ നടത്തിയ വിശദീകരണം തൃപ്തികരമല്ല. അതുകൊണ്ട് തന്നെ പ്രസ്താവന പിൻവലിക്കണം'-മന്ത്രി കത്തിൽ പറഞ്ഞു.

 

ബാബാ രാംദേവിന്റെ പ്രസ്താവനക്കെതിരെയ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ ശക്തമായി രംഗത്തെത്തിയിരുന്നു. തുടർന്ന് വിശദീകരണവുമായി രാംദേവ് രംഗത്തെത്തി. നേരത്തെ കൊവിഡിനെതിരെ ബാബാ രാംദേവിന്റെ പതഞ്ജലി കൊറോണിൽ എന്ന മരുന്ന് പുറത്തിറക്കിയതും വിവാദമായിരുന്നു.