ഗുരുഗ്രാം: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ 14 വരെ നീട്ടി. ഷോപ്പുകൾ, മാളുകൾ, റെസ്റ്ററന്റുകൾ, ബാറുകൾ, ആരാധനാലയങ്ങൾ എന്നിവ നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകി.

നമ്പരുകൾ അനുസരിച്ച് രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് കടകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. കടകൾ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ തുറക്കാം. മാളുകൾ രാവിലെ 10 മുതൽ രാത്രി 8 വരെയും തുറക്കാൻ അനുവദിച്ചു. ഹോട്ടലുകളിൽ നിന്ന് രാത്രി 10 മണി വരെ ഹോം ഡെലിവറിയും അനുവദിക്കും.

കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് കോർപ്പറേറ്റ് ഓഫീസുകൾക്ക് 50 ശതമാനം ഹാജരോടെ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകി. അതെ സമയം വിവാഹം, മരണം എന്നിവയിൽ 21 പേർക്ക് വരെ പങ്കെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

വാക്‌സിൻ വിതരണത്തിനായി ഹരിയാന ആഗോളതലത്തിൽ ടെണ്ടർ ക്ഷണിച്ചിരുന്നു. തുടർന്ന് മാൾട്ടയിലെ ഫാർമ റെഗുലേറ്ററി സർവീസസ് ലിമിറ്റഡ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കമ്പനിയുമായി കരാറായാൽ മുപ്പത് ദിവസത്തിനുള്ളിൽ ആദ്യ ബാച്ചായി അഞ്ച് ലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിൻ സംസ്ഥാനത്ത് വിതരണം ചെയ്യും.