മലപ്പുറം: വൈകല്യങ്ങൾ ശരീരത്തെ തളർത്തിയിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തിൽ ജീവിതത്തെ നേരിടുകയാണ് മലപ്പുറം വേങ്ങര ഊരകം പുല്ലഞ്ചാലിൽ സ്വദേശി കാരാട്ട് അരുൺ കുമാർ. ഇരുകാലുകൾക്കും സ്വാധീനമില്ലാതെയാണ് അരുൺകുമാർ ജനിച്ചത്. രണ്ട് കൈകൾ ഒരുമിച്ച് ഉപയോഗിക്കാനും കഴിയില്ല. വീട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കുമല്ലാതെ അരുൺ സംസാരിക്കുന്നത് മനസ്സിലാകുകയുമില്ല. ഒരു ഗ്ലാസ് വെള്ളം കുടിക്കണമെങ്കിൽ മറ്റാരുടെയെങ്കിലും സഹായം വേണം. ഈ പരിമിതികളെയെല്ലാം മറികടന്ന് വർഷങ്ങളായി കൃഷി ചെയ്ത് ജീവിക്കുകയാണ് അരുൺകുമാർ എന്ന 52 വയസ്സുകാരൻ.

വർഷങ്ങളായി അരുൺ കുമാർ കൃഷി ചെയ്യുന്നുണ്ട്. വീടിനോട് ചേർന്ന് മറ്റൊരാൾ പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. വാഴയാണ് അരുൺ കുമാർ സ്ഥിരമായി കൃഷി ചെയ്യാറുള്ളത്. 15 വയസ്സുമുതൽ അരുൺകുമാർ കാർഷിക രംഗത്തുണ്ട്. ചെറിയ പ്രായത്തിൽ വീട്ടിലെ പറമ്പിൽ തന്നെ അടക്ക മുളപ്പിച്ച് തൈകളുണ്ടാക്കുകയും ചേനയും ചേമ്പും കാച്ചിലുമടക്കം കൃഷി ചെയ്യാറുണ്ടായിരുന്നതായും അരുൺകുമാറിന്റെ അമ്മ പറയുന്നു. എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാത്ത അരുൺകുമാർ മുട്ടുകുത്തിയും കൈകൾ നിലത്തൂന്നി നിരങ്ങിയുമാണ് കൃഷിയിടത്തിലേക്ക് എത്തുന്നതും ജോലികൾ ചെയ്യുന്നതും. വീടിന് മുൻവശത്തുള്ള കോൺക്രീറ്റ് റോഡ് മുറിച്ചു കടന്നുവേണം വയലിലെത്താൻ.

50 വാഴയാണ് ഇത്തവണ അരുൺ കൃഷി ചെയ്തിട്ടുള്ളത്. മുൻ വർഷങ്ങളിൽ ഇതിലേറെ സ്ഥലത്ത് കൃഷി ചെയ്തിരുന്നു. എന്നാൽ ഭൂമി ലഭിക്കാതായതോടെ കൃഷിയുടെ വ്യാപ്തിയും കുറഞ്ഞു. രാവിലെ നാല് മണിക്ക് എഴുന്നേൽക്കുന്ന അരുൺകുമാർ പ്രഭാതകൃത്യങ്ങൾ അടക്കം എല്ലാം ഇപ്പോൾ സ്വന്തമായി ചെയ്യുന്നു. ചെറിയ പ്രായത്തിൽ മറ്റാരെങ്കിലും സഹായിക്കേണ്ടിയിരുന്നു എങ്കിലും ഇപ്പോൾ എല്ലാ കാര്യങ്ങളും അരുൺ തന്നെ സ്വന്തമായി ചെയ്യുന്നുണ്ടെന്ന് അമ്മ പറയുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിറവേറ്റി പ്രാർത്ഥനയും കഴിഞ്ഞ് 6 മണിയോടെ അരുൺ നിരങ്ങിനീങ്ങി കൃഷിയിടത്തിലെത്തും. പിന്നീട് വെയിലാകുന്നത് വരെ വയലിൽ പണിയെടുക്കും. ഭക്ഷണം അമ്മയോ മറ്റാരെങ്കിലും വയലിലേക്കെത്തിക്കും.

വാഴക്ക് കുഴിയെടുക്കുന്നതും തൈ നടുന്നതും വളമിടുന്നതും എല്ലാം അരുൺകുമാർ തനിച്ചാണ്. ഉച്ചയാകുന്നതോടെ ജോലി മതിയാക്കി വീട്ടിലേക്ക് മടങ്ങും. കുളിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമം. ഇതാണ് അരുണിന്റെ ഒരു ദിവസത്തെ ജീവിതക്രമം. ടിവിയിൽ കൃഷിയുമായി ബന്ധപ്പെട്ട പരിപാടികൾ കാണുമ്പോൾ അരുൺ പറയാറുണ്ടായിരുന്നു തന്റെ കഥയും ഒരു ദിവസം ഇതുപോലെ ടിവിയിൽ കാണിക്കുമെന്ന്. ഇന്ന് അത് സത്യമായിരിക്കുകയാണ്. അരുണിന്റെ കാർഷിക അുഭവങ്ങൾ ഊരകം കൃഷി ഭവനിലെ കൃഷി ഓഫീസറിലൂടെയാണ് മാധ്യമങ്ങളിൽ വാർത്തയായത്.

ഇന്ന് എല്ലാ മുഖ്യധാര മാധ്യമങ്ങളും അരുണിന്റെ ഈ അതിജീവന പോരാട്ടം വാർത്തയാക്കിയിട്ടുണ്ട്. സ്വന്തമായൊരു ഇലക്ട്രോണിക് വീൽചെയർ വേണമെന്നതാണ് ഇപ്പോൾ അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇലക്ട്രോണിക് വീൽചെയറുണ്ടെങ്കിൽ വയലിലെ ജോലി കഴിഞ്ഞതിന് ശേഷം തൊട്ടടുത്ത കവലയിൽ പോയി സുഹൃത്തുക്കളെയെല്ലാം കാണാമെന്നും അൽപം അകലെയുള്ള ഭൂമിയിലും കൃഷി ചെയ്യാൻ പോകാമെന്നും അരുൺ പറയുന്നു. അമ്മ മാധവിക്കുട്ടിയും സഹോദരൻ പ്രവീണും പ്രവീണിന്റെ ഭാര്യയും മക്കളുമെല്ലാം അരുൺകുമാറിന് കൈത്താങ്ങായി കൂടെയുണ്ട്. 30 വർഷങ്ങൾക്ക് മുമ്പാണ് കോഴിക്കോട് നിന്നും അരുൺകുമാറിന്റെ കുടുംബം അമ്മ മാധവിക്കുട്ടിയുടെ നാടായ ഊരകത്ത് എത്തിയത്. സഹോദരൻ പ്രവീൺ കേബിൾ ടിവി ഓപ്പറേറ്ററാണ്.