ലണ്ടൻ: മോശപ്പെട്ട ഭക്ഷണ ക്രമവും, അന്നനാളത്തിന്റെ മോശം ആരോഗ്യവും കാരണം ബ്രിട്ടനിൽ 50 വയസ്സിൽ താഴെയുള്ളവരിൽ കാൻസർ പിടിപെടുന്നവരുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കുന്നതായി പുതിയ ഗവേഷണ റിപ്പോർട്ട്. കൂടുതൽ ചെറുപ്പാക്കാർ മുൻകാലങ്ങളിലേതിനെ അപേക്ഷിച്ച് കാൻസർ രോഗികളാവുകയാണ്. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ 25 ശതമാനത്തോളം വർദ്ധിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ പ്രായപരിധിയിൽ പെട്ടവരിൽ പ്രതിദിനം 100 ഓളം പേർക്കാണ് (വർഷത്തിൽ 35,000) ഈ രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ബോവൽ, ബ്രെസ്റ്റ്, സ്റ്റൊമക്ക് കാൻസറുകളാണ് കൂടുതലും കാണപ്പെടുന്നത്. അതീവ സംസ്‌കരണം ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത് എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. കുടലിലെ മൈക്രോബയോം, പ്രീ- കാൻസർ കോശങ്ങളുമായി മല്ലിടാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കുന്നതുകൊണ്ടാകാം ബോവൽ കാൻസർ ഉണ്ടാകുന്നതെന്ന് ലോകത്തിലെ ഏറ്റവും വലിയ കാൻസർ കോൺഫറൻസിൽ സമർപ്പിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

സാധാരണയായി പ്രായമേറിയവരെയാണ് കാൻസർ ബാധിക്കുക എന്നും, യുവാക്കളിൽ ഇത് വർദ്ധിച്ചു വരുന്നത് ഞെട്ടലുണ്ടാക്കുന്നു എന്നും കാൻസർ റിസർച്ച് യു കെയിലെ പ്രൊഫസർ ചാൾസ് സ്വാന്റൺ പറയുന്നു. അടുത്ത കാലത്തായി യു കെയിൽ 50 വയസ്സിൽ താഴെയുള്ളവരിൽ കാൻസർ സ്ഥിരീകരിക്കുന്നത് വർദ്ധിച്ചു വരുന്നതായും അദ്ദേഹം അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജിയുടെ സമ്മേളനത്തിൽ വിശദീകരിച്ചു. ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നത് 50 വയസ്സിൽ താഴെയുള്ളവരിൽ കണ്ടെത്തിയ കാൻസർ കോശങ്ങൾക്ക് അവ തോന്നിക്കുന്നതിലും 15 വർഷം കൂടുതൽ പഴക്കമുണ്ട് എന്നാണ്.

പാശ്ചാത്യ ഭക്ഷണ ക്രമം അന്നനാളത്തിലെ ബാക്ടീരിയകളും വീക്കവും തമ്മിലുള്ള സംതുലനം നഷ്ടപ്പെടുത്തുന്നു എന്നും ഇത് കുടലിനെ പെട്ടെന്ന് പ്രായാധിക്യം ഉണ്ടാകാൻ കാരണമാകുന്നു എന്നും ഗവേഷകർ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ പറയുന്നു. നാരുകൾ കുറവുള്ളതും, പഞ്ചസാര അമിതമായി ഉള്ളതുമായ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്യൂസോബാക്ടീരിയം എന്ന ഇനം ബാക്ടീരിയ കുടലിൽ വീക്കം വർദ്ധിക്കാൻ ഇടയാക്കുന്നു. ഇത് കാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.