കോഴിക്കോട്: പണ്ടുകാലത്ത് ആയിരങ്ങളെ ഒന്നിച്ച് കൊന്നൊടുക്കിയ വസൂരിയെ, പുർണ്ണമായും നിർമ്മാർജനം ചെയ്ത നാടാണിത്. ആരോഗ്യമേഖലയിൽ വാക്സിനേഷൻ വഴി ലോകം കൈവരിച്ച വലിയ നേട്ടങ്ങളിൽ ഒന്ന്. പക്ഷേ ചിക്കൻ പോക്സ് എന്ന് വിളിക്കുന്ന താരമമ്യേന ശക്തികുറഞ്ഞ രോഗം ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. വേനൽക്കാലത്താണ് ഇത് അധികവും കണ്ടുവരുന്നത്്. അറുപതിനായിരത്തിൽ ഒന്ന് എന്ന രീതിയിൽ വളരെ കുറഞ്ഞ മരണനിരക്കാണ് ഈ രോഗത്തിന് ഉള്ളത്. എന്നാൽ കഴിഞ്ഞാഴ്ച പാലക്കാട് ചിക്കൻ പോക്സ് ബാധിച്ച് ഒരുയുവാവ് മരിച്ചത്, കേരളത്തെ നടുക്കിയിരിക്കയാണ്.അടുത്തകാലത്തൊന്നും കേരളത്തിൽ ചിക്കൻപോക്‌സ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

പാലക്കാട് കുഴൽമന്ദത്താണ്, ചിക്കൻ പോക്‌സ് ബാധിച്ച് അഭിജിത്ത് എന്ന ഇരുപത്തി മൂന്നുകാരൻ മരിച്ചത്. രോഗം ബാധിച്ച് ഒരാഴ്ചയ്ക്ക് ശേഷം അവശനാവുകയും വെള്ളം പോലും കുടിക്കാൻ വയ്യാത്ത അവസ്ഥയിലാവുകയും ചെയ്തതോടെയാണ് അഭിജിത്ത് ആശുപത്രിയിലെത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഇത് സമയത്തിന് ചികിത്സയെടുക്കാതെ, സമാന്തര വൈദ്യങ്ങളെ ആശ്രയിച്ച് വരുത്തിക്കൂട്ടിയ വിനയാണെന്നാണ് ജനീകീയ ആരോഗ്യപ്രവർത്തകർ പറയുന്നത്.

ചിക്കൻപോക്സും അപകടകാരിയാണ്

ചിക്കൻപോക്സ് ഒട്ടും അപകടകാരിയല്ലെന്നും താനെ മാറുമെന്ന ധാരണ മാറ്റണമെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നാട്ടുവൈദ്യവും ഹോമിയോയുമായി നടക്കായെ എത്രയും പെട്ടെന്ന് ആധുനിക വൈദ്യ ചികിത്സതേടുന്നതാണ് നല്ലത്. സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റ് കൂടിയായ, ഡോ ജിനേഷ് പി എസ് ഇങ്ങനെ എഴുതുന്നു. ''വളരെയധികം മരണനിരക്ക് കുറഞ്ഞ ഒരു അസുഖമാണ് ചിക്കൻപോക്സ് എന്ന്. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് കൃത്യമായി കഴിച്ചാൽ പാടുകൾ പോലും അപൂർവ്വമായിരിക്കും. അതേസമയം കുമിളകൾ വന്ന് പോകട്ടെ, ഉള്ളിലുള്ള വൈറസ് പുറത്തേക്ക് വരുന്നതാണ് എന്നൊക്കെ മണ്ടത്തരം പറയുന്ന വൈദ്യന്മാരെ ആശ്രയിച്ചാൽ ചിലപ്പോൾ മരണമായിരിക്കും ഫലം. .''- ജിനേഷ് ചൂണ്ടിക്കാട്ടുന്നു.

അതുപോലെ ചിക്കൻ പോക്സ് വന്നാൽ കുളിക്കരുത് എന്ന് പറയുന്നതും ശരിയല്ലെന്ന് ഡോ മനോജ് വെള്ളനാട് ചൂണ്ടിക്കാട്ടുന്നു. '' ചിക്കൻപോക്സ് വന്നാൽ രണ്ടുനേരം കുളിക്കണം. നല്ലവണ്ണം സോപ്പ് തേച്ച് പതപ്പിച്ച് കുളിക്കണം. ചിക്കൻപോക്സ് കുരുക്കൾ ഭാവിയിൽ മായ്ക്കാനോ മറയ്ക്കാനോ കഴിയാത്ത പാടുകളായി മാറാൻ പ്രധാനകാരണം അതിൽ ബാക്ടീരിയൽ ഇൻഫക്ഷൻ കൂടി വരുന്നതാണ്. ദിവസങ്ങളോളം കുളിക്കാതെ, ദേഹത്തുള്ള അഴുക്കെല്ലാം അവിടെ തന്നെ വച്ചോണ്ടിരുന്നാ, ബാക്ടീരിയ ഓട്ടോ പിടിച്ചുവന്ന് പണി തരും.സാധാരണ പോലെ, ഉപ്പും പുളിയും എരിവും ഒക്കെ ചേർത്ത നല്ല ഭക്ഷണം ധാരാളം കഴിക്കണം. അതിന് നിയന്ത്രണമില്ല. ഗർഭിണിയായിരിക്കുമ്പോ ചിക്കൻപോക്സ് വന്നാൽ, അതബോർഷനാവാം അല്ലെങ്കിൽ ജനിക്കുന്ന കുട്ടിക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാവാനും ചാൻസുണ്ട്. അതിനാൽ ഗർഭിണികൾ ചിക്കൻ പോക്സ് വരാതിരിക്കാൻ ഏറെ സൂക്ഷിക്കണം'- ഡോ മനോജ് വെള്ളനാട് പറയുന്നു.

അന്ധ വിശ്വാസങ്ങൾ ഒരുപാട്

ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറും ഫിസീഷ്യനുമായ ഡോക്ടർ ജമാൽ ഇങ്ങനെ എഴുതുന്നു. ''ആയിരക്കണക്കിന് ചിക്കൻ പോക്സ് രോഗികളെ കണ്ടതിൽ എന്റെ ഓർമ്മയിൽ ഒരാളെ മരണപ്പെട്ടിട്ടുള്ളു. ഒറ്റപ്പാലത്തു ജോലി ചെയ്യുന്ന സമയത്ത് കണ്ട ഒരു രോഗി. ഒരാഴ്ചയിലേറെ ഹോമിയോ ചികിത്സ എടുത്തിരുന്നു. കുമിളകൾ കൂടുതൽ പൊങ്ങുന്നത് കണ്ടപ്പോൾ ഉള്ളിലുള്ളത് മുഴുവൻ പുറത്ത് വരികയാണ്, അതാണല്ലോ ശരിയായ ചികിത്സാ രീതി, വേരോടെ അറുത്തു മാറ്റുകയാണ് എന്നും കരുതി കാത്തിരുന്നു.. അവസാനം ദേഹം ഒന്നാകെ കുമിളകൾ വന്നു പൊങ്ങി ദേഹം കരിക്കട്ട പോലെയായി. ഭക്ഷണവും വെള്ളവും കഴിക്കാൻ വയ്യാതെ രക്തത്തിലെ സോഡിയം 90 ആയി കുറഞ്ഞു.. ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഹോമിയോ ചികിൽസ നിർത്തി ആശുപത്രിയിൽ വരുന്നത്.. അപ്പോഴേക്കും രോഗം അങ്ങേയറ്റം ഗുരുതരമായിരുന്നു. രക്ഷിക്കാൻ കഴിഞ്ഞില്ല. ആദ്യമായും അവസാനമായും ഒരു ചിക്കൻ പോക്സ് രോഗി മരിക്കുന്നതു കാണുന്നത് അപ്പോഴാണ്..

ഹോമിയോ മരുന്ന് കഴിക്കുമ്പോൾ കുമിളകൾ കൂടുതൽ പൊങ്ങുന്നത്, മരുന്ന് അകത്തെ കുമിളകളെ പുറത്തേക്കു തള്ളിക്കൊണ്ടു വരുന്നതുകൊണ്ടല്ല. മരുന്ന് ഫലപ്രദമാകാതെ വൈറസ് ക്രമാതീതമായി പെരുകുന്നതുകൊണ്ടാണ്. തലച്ചോറിനെ വരെ ബാധിക്കാൻ തക്കം ശക്തിയുള്ളവയാണ് ചിക്കൻ പോക്സ് വൈറസുകൾ.

ചിക്കൻ പോക്സിനു കൃത്യമായ ചികിത്സയുണ്ട്. തുടക്കത്തിൽ തന്നെ മരുന്ന് കഴിച്ചാൽ ഒരു കുഴപ്പവുമില്ലാതെ തടിയൂരാം. പൊങ്ങുന്ന കുമിളകളുടെ എണ്ണം കാര്യമായി കുറയ്ക്കാൻ സാധിക്കും. ഉള്ളവ കാര്യമായ പാടുകൾ ഒന്നുമില്ലാതെ പെട്ടെന്ന് പോവുകയും ചെയ്യും. ഗുരുതരമായ അവസ്ഥയിലേക്ക് രോഗം മൂർച്ഛിക്കുന്നത് തടയാനും കഴിയും.

ഈ വാർത്തയിൽ പറഞ്ഞിരിക്കുന്ന വ്യക്തിയും ആദ്യം നാട്ടു വൈദ്യന്റെ അടുത്തും പിന്നീട് ഹോമിയോ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗം ഗുരുതരമായി, കൈവിട്ട അവസ്ഥയിലാണ് മോഡേൺ മെഡിസിൻ ചികിത്സ തേടി വന്നത്.. അത് പക്ഷേ പത്രവാർത്തയായില്ല. രക്ഷിക്കാൻ കഴിയുമായിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം ഇങ്ങനെ അവസാനിച്ചത് കഷ്ടം തന്നെ..

ചിക്കൻ പോക്സ് സംബന്ധമായി ഇത്രയേറെ അന്ധവിശ്വാസങ്ങൾ എങ്ങനെ വന്നു എന്നതും അത്ഭുതമാണ്. അസുഖം ഉള്ള സമയത്തു കുളിക്കരുത് എന്നതാണ് അതിൽ പ്രധാനം.. ദിവസേനേ കുളിക്കണം എന്നാണ് മോഡേൺ മെഡിസിൻ പറയുന്നത്.. പനിയും വിയർപ്പും സഹിച്ചു ഒരാഴ്ചയോളം കുളിക്കാതിരിക്കുന്നത് എന്തു വൃത്തികേടാണ്! മാത്രമല്ല, കുളിക്കാതിരുന്നാൽ തൊലിപ്പുറത്തെ കുമിളകൾ പൊട്ടി അതിൽ ബാക്റ്റീരിയൽ ഇൻഫക്ഷൻവരാനുള്ള സാധ്യതയും കൂടും. അങ്ങനെ നിരവധി അബദ്ധ ധാരണകളും അന്ധവിശ്വാസങ്ങളും ചിക്കൻ പോക്സിനെ ചുറ്റിപ്പറ്റിയുണ്ട്.''- ഡോ ജമാൽ ചൂണ്ടിക്കാട്ടുന്നു.