ലണ്ടൻ: ബ്രിട്ടൻ വീണ്ടും ഒരു മഹാമാരിയുടെ കൈപ്പിടിയിൽ അമരുകയാണെന്ന സൂചനകൾ നൽകി കോവിഡിന്റെ പുതിയ വകഭേദമായ ഫ്ലേർറ്റ് യുകെയിൽ പടരുന്നു. രാജ്യത്തുടനീളം വ്യാപിച്ചു കഴിഞ്ഞതിനാൽ അതിവേഗമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് പോസിറ്റീവ് ആവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതിനാൽ തന്നെ ഫ്ലേർട്ട് അപകടകാരിയായി മാറുമോ എന്ന ആശങ്കയിലാണ് അധികൃതർ. കേസുകളുടെ എണ്ണത്തിൽ 21% വർധനവാണ് പെട്ടെന്നുണ്ടായത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ കോവിഡ് കേസുകളിൽ കുത്തനെ വർദ്ധനവുണ്ടായതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ)യും വ്യക്തമാക്കുന്നു.

ഫ്ലേർട്ട് വേരിയന്റുകൾ ഒരു കോവിഡ് തരംഗത്തിന്റെ തുടക്കമാണെന്നും മൊത്തം അണുബാധയുടെ 50 ശതമാനമാകാൻ സാധ്യതയുണ്ടെന്നും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസർ ക്രിസ്റ്റീന പേജൽ പറഞ്ഞു. നിലവിലെ വർധനവിന് കാരണമായ ഫ്ലേർട്ടിന് 1.1, കെ.പി. 3, കെ.പി. 2 എന്നീ മൂന്നു വകഭേദങ്ങളാണുള്ളത്. ഏപ്രിൽ അവസാനമാണ് ഈ കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തത്. അതായത് 50% കേസുകൾക്കും കാരമായത് പുതിയ വകഭേദങ്ങളാണ്. ആഴ്ചയിൽ ആഴ്ചയിൽ 21.2% വർദ്ധനവും 106 പുതിയ മരണങ്ങളും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 73% വർദ്ധനവുമാണ് നിലവിലുള്ളത്.

ബ്രിട്ടൻ കൂടാതെ, യുഎസ്എ, സൗത്തുകൊറിയ, 2023 നവംബർ മുതൽ ഇന്ത്യയിലുമൊക്കെയാണ് പുതിയ വകഭേദം പടരുന്നത്. യുഎസ്എയിലെ നാലിലൊന്ന് കേസുകളിലും പുതിയ മ്യൂട്ടേഷനുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ തന്നെ ഇത് വളരെയധികം വ്യാപകമായി കഴിഞ്ഞു.

നിരന്തരം പരിവർത്തനങ്ങൾക്ക് വിധേയമാകുന്ന ഈ വൈറസുകൾ നിരന്തരം മാറുകയും ചിലപ്പോൾ ഈ പരിവർത്തനങ്ങൾ വൈറസിന്റെ ഒരു പുതിയ വകഭേദത്തിന് കാരണമാവുകയും ചെയ്യുന്നു. ചില പരിവർത്തനങ്ങൾ വൈറസിനെ കൂടുതൽ എളുപ്പത്തിൽ പടരാനോ ചികിത്സകളോട് പ്രതിരോധിക്കാനോ അനുവദിക്കുകയും ചെയ്യുമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ വക്താവ് പറഞ്ഞു.

പനി പോലുള്ള സാധാരണ രോഗങ്ങൾ ലക്ഷണങ്ങളായി കാണിക്കുന്നതിനാൽ തന്നെ കോവിഡ് -19 ന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. മിക്ക വ്യക്തികൾക്കും അവരുടെ പ്രാരംഭ കോവിഡ് -19 ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടതിന് ശേഷം 12 ആഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കും. എന്നിരുന്നാലും, ചില ആളുകൾക്ക് അസുഖത്തിന്റെ ഗുരുതരമായ രൂപം അനുഭവപ്പെടാം, അവിടെ ലക്ഷണങ്ങൾ വളരെക്കാലം നിലനിൽക്കുകയും ചെയ്യും.

പനി അല്ലെങ്കിൽ വിറയൽ (തണുപ്പ്), തുടർച്ചയായ ചുമ, മണമോ രുചിയോ നഷ്ടപ്പെടുക, ശ്വാസം മുട്ടൽ, ക്ഷീണം, ശരീര വേദന, തലവേദന, തൊണ്ടവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, അതിസാരം തുടങ്ങിയവയാണ് ലക്ഷണങ്ങളായി എൻഎച്ച്എസ് ചൂണ്ടിക്കാട്ടുന്നത്. ലക്ഷണങ്ങൾ മാറുമ്പോഴോ പനി ഇല്ലാതിരിക്കുമ്പോഴോ സാധാരണ ജീവിതത്തിലേക്ക് മടങ്ങാവുന്നതാണ്. നിങ്ങളുടെ കുട്ടിക്ക് മൂക്കൊലിപ്പ്, തൊണ്ടവേദന അല്ലെങ്കിൽ നേരിയ ചുമ തുടങ്ങിയവയിൽ നിന്നും സുഖം തോന്നുന്നുവെങ്കിൽ മാത്രം സ്‌കൂളിലോ നഴ്സറികളിലോ പോകാവുന്നതാണ്. മാത്രമല്ല, കോവിഡ് -19 രോഗലക്ഷണങ്ങൾ അനുഭവിക്കുമ്പോൾ തന്നെ ദ്രുത ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്.