ൻപത് വയസ്സുകഴിഞ്ഞവരിൽ ബ്രിട്ടണിലെ എൻ എച്ച് എസ് പരീക്ഷിച്ച രക്തപരിശോധന വഴി പത്തിലൊന്ന് കാൻസർ മരണങ്ങൾ ഒഴിവാക്കാനായതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനു മുൻപ് തന്നെ 50 തരം കാൻസറുകൾ തിരിച്ചറിയാൻ ഉതകുന്ന ഈ പരിശോധന ലോകത്തിൽ തന്നെ ഇതാദ്യമായിട്ടാണ് പരീക്ഷിക്കുന്നത്. ഇതുവരെ പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും, ഇതിന്റെ കാര്യക്ഷമതയെ കുറിച്ച് ഗവേഷകർ തികഞ്ഞശുഭാപ്തി വിശ്വാസികളാണ്.

യു കെയിൽ എല്ലാവർഷവും ഏകദേശം 1,67,000 കാൻസർ മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് പ്രതിദിനം ശരാശരി 460 പേർ അർബുദ രോഗത്തിന് കീഴടങ്ങി ജീവൻ വെടിയുന്നു. പുതിയ പരിശോധന വഴി ഇതിൽ പത്തിലൊന്ന് മരണങ്ങൾ വലിയൊരു പരിധിവരെ തടയാൻ കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. അതായത്, പ്രതിവർഷം 16,000 ജീവനുകൾ രക്ഷിക്കാൻ ഇതിനാവും എന്നർത്ഥം.

നൂറുകണക്കിന് ആളുകളാണ് ഈ പരീക്ഷണത്തിൽ പങ്കാളികളാകുന്നത്. ഇതുവരെ 1,40,000 ത്തോളം വോളന്റിയർമാർ സ്‌കാൻ, കോളനോസ്‌കോപി തുടങ്ങിയ പരിശോധനകൾക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയോളം പേർക്കെങ്കിലും കാൻസർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പരീക്ഷണം വിജയകരമായൽ ഹോളി ഗ്രെയ്ൽ എന്ന് വിളിക്കുന്ന ഈ പരിശോധന 2024 മുതൽ ലക്ഷക്കണക്കിന് ആളുകളിൽ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. എൻ എച്ച് എസ് അർബുദ രോഗത്തെ ചികിത്സിക്കുന്ന രീതിയിൽ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഈ പരിശോധനക്ക് കഴിയുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

അതേസമയം, കോവിഡ് പ്രതിസന്ധിയിൽ നിന്നു പോയ ചികിത്സകൾ പുനരാരംഭിക്കുന്നതിനു വരുന്ന തടസ്സങ്ങൾ കാൻസർ രോഗികളേയും പ്രതികൂലമായി ബാധിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തു വരുന്നു. മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ ഒരു റിപ്പോർട്ട് പ്രകാരം 10,000 കാൻസർ രോഗികളാണ് ഇപ്പോൾ കാൻസർ ചികിത്സക്കായി കാത്തിരിക്കുന്നത്. അതേസമയം, ഈ പുതിയ പരിശോധന പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകും.

കിങ്സ് കോളേജ് ലണ്ടനിലെ ഗവേഷകരിൽ ഒരാളായ പ്രൊഫസർ പീറ്റർ സാീനീ പറയുന്നത്, ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനു മുൻപെ കാൻസർ കണ്ടെത്താമെന്നതിനാൽ കീമോതെറാപ്പിയും, ഗുരുതര കാൻസറിനുള്ള വിലകൂടിയ മരുന്നുകളൂം ഒഴിവാക്കാൻ കഴിയും എന്നും അതുവഴി എൻ എച്ച് എസിന് ദീർഘകലാടിസ്ഥാനത്തിൽ സാമ്പത്തിക ലാഭം നേടാനാകുമെന്നുമാണ്.

ഗലേറി ടെസ്റ്റ് എന്ന് ശാസ്ത്രീയമായി വിളിക്കുന്ന ഈ പരിശോധനയിൽ രക്തത്തിലെ, കാൻസറുമായി ബന്ധപ്പെട്ട ഡി എൻ എ യുടെ ഭാഗങ്ങൾ ആയിരിക്കും പരിശോധനക്ക് വിധേയമാക്കുക. ഇതുവഴി ഇത് ശരീരത്തിന്റെ ഏത് ഭാഗത്തു നിന്നാണ് വന്നതെന്ന് കണ്ടെത്തും. അതുവഴി ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനു മുൻപ് തന്നെ കാൻസർ കണ്ടെത്താനാകും. എന്നാൽ ഇപ്പോൾ നടക്കുന്ന പരീക്ഷണത്തിന്റെ ഫലം പുറത്തു വന്നാൽ മാത്രമെ ഈ പരിശോധന എത്രമാത്രം ഫലവത്താണെന്ന് പറയാൻ കഴിയൂ എന്നാണ് ആരോഗ്യ രംഗത്തെ ചില പ്രമുഖർ പറയുന്നത്.