ലണ്ടൻ: സെപ്റ്റംബറിൽ സാമൂഹ്യ പ്രതിരോധം (ഹേർഡ് ഇമ്മ്യുണിറ്റി) കൈവരിക്കുമെന്ന പ്രതീക്ഷയാണ് കോവിഡിൽ നിന്നുള്ള നിത്യമോചനം ലഭിക്കുമെന്ന വിശ്വാസത്തിനുള്ള ഏക കാരണം. വാക്സിൻ പാസ്സ്പോർട്ടുകൾ ഹ്രസ്വകാല കുറുക്കുവഴികൾ മാത്രം. ഇത് ബ്രിട്ടീഷ് സർക്കാരും ഏതാണ്ട് അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ നേരത്തേ പ്രഖ്യാപിച്ചതുപോലെ ജൂൺ 21 ന് ലോക്ക്ഡൗൺ ഏതാണ്ട് പൂർണ്ണമായി തന്നെ നീക്കംചെയ്യും. എന്നാൽ, തിരക്കേറിയ ഇടങ്ങളിൽ വാക്സിൻ പാസ്സ്പോർട്ട് നിർബന്ധമാക്കിയേക്കും.

ഒരു വ്യക്തി അടുത്തകാലത്ത് കോവിഡ് നെഗറ്റീവ് ആയി തെളിയിക്കപ്പെട്ടോ അല്ലെങ്കിൽ ഒരാൾക്ക് കോവിഡിനെ ചെറുക്കാനുള്ള ആന്റിബോഡികൾ സ്വാഭാവികമായോ, ഒരിക്കൽ രോഗം വന്ന് ഭേദമായതിനാലോ അല്ലെങ്കിൽ വാക്സിനേഷൻ മുഖേനയോ ലഭിച്ചിട്ടുണ്ടോ എന്ന് തെളിയിക്കുന്ന കോവിഡ് സ്റ്റാറ്റസ് സർട്ടിഫിക്കറ്റുകൾക്ക് അധികനാൾ ആയുസ്സുണ്ടാകില്ല. സാമൂഹ്യ പ്രതിരോധം കൈവരിക്കാൻ തക്ക വലിയൊരു സമൂഹത്തിന് പ്രതിരോധ ശേഷി കൈവന്നാൽ ഇത് ഉപേക്ഷിക്കും.

സാമൂഹ്യ പ്രതിരോധം ഇപ്പോൾ തന്നെ കൈവരിച്ചിരിക്കുന്നു എന്നൊരു റിപ്പോർട്ട് അടുത്തയിടെ പുറത്തുവന്നിരുന്നു. എന്നാൽ, കരുതലോടെ നീങ്ങുന്ന സർക്കാർ അത് സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒക്ടോബർ ആദ്യം വരെയെങ്കിലും കായിക മത്സരങ്ങൾ പോലെ ജനങ്ങൾ തടിച്ചുകൂടുന്നയിടങ്ങളിലും തീയറ്ററുകളിലും കോവിഡ് പാസ്സ്പോർട്ട് നിർബന്ധിതമാക്കിയേക്കും. എന്നാൽ, പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഇവ നിർബന്ധമാക്കുന്നതിനോട് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

പ്രധാനമന്ത്രിയുടെ പദ്ധതികൾ പ്രകാരം, ഔട്ട്ഡോർ സ്പോർട്ട്സ് മൈതാനങ്ങളിൽ ഉൾക്കൊള്ളാവുന്നതിന്റെ 25 ശതമാനം പേരെ അനുവദിച്ചുകൊണ്ട് കായിക മത്സരങ്ങൾ മെയ്‌ 17 മുതൽ ആരംഭിക്കാം. എന്നാൽ 10,000 കാണികൾ എന്ന ഉയർന്ന ഒരു പരിധി ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ജൂലായിൽ നടക്കാൻ ഇരിക്കുന്ന യൂറോ കപ്പിനായി വെംബ്ലെ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാനാകുന്നതിന്റെ 50 ശതമാനം പേരെ അനുവദിക്കും. എന്നാൽ, കോവിഡ് പാസ്സ്പോർട്ടുകൾ നിർബന്ധമാക്കിയാൽ, സ്റ്റേഡിയത്തിന് ഉൾക്കൊള്ളാവുന്നത്രപേരെപങ്കെടുപ്പിക്കാനാകും.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിലവിൽ സാഹചര്യം തൃപ്തികരമാണെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. കൂടാതെ മൂന്നാം വരവിനെ കുറിച്ചുള്ള ആശങ്കയും നിലനിൽക്കുന്നു. ഇന്നലെ 2,589 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന വസ്തുത തീർച്ചയായും ആശ്വാസം പകരുന്നതാണ്. അതുപോലെ 40 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും.

അതേസമയം യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് മൊത്തം ജനങ്ങളിൽ 73.4 ശതമാനം പേർക്ക് കോവിഡിനെതിരെ പ്രതിരോധശേഷി കൈവന്നിരിക്കുന്നു എന്നാണ്. സ്വാഭാവിക പ്രതിരോധശേഷിയും, രോഗം വന്ന് ഭേദമായപ്പോൾ കരസ്ഥമാക്കിയ പ്രതിരോധ ശേഷിയും വാക്സിനിലൂടെ ലഭിച്ച പ്രതിരോധശേഷിയും ഇതിൽ ഉൾപ്പെടും. അതേസമയം, സാമൂഹ്യ പ്രതിരോധം കൈവരിക്കുന്നതിനായി 75 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകണമെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ നിലപാട്.