ഭോപ്പാൽ: മധ്യപ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പൊറുതിമുട്ടി ജനം. മഴയെ തുടർന്ന് പല ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങി. മഴക്കെടുതിയിൽ മൃതദേഹം സംസ്‌കാരം നടത്താൻ പോലും കഴിയാതെ ജനം ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ പുറത്തു വന്നു.

വടക്കൻ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭദൗര ഗ്രാമത്തിലാണ് വെള്ളത്തിൽ മുങ്ങിയ തെരുവിലൂടെ, സംസ്‌കാരത്തിനായി മൃതദേഹം ചുമന്നു കൊണ്ടുപോയത്. വെള്ളിയാഴ്ച മരിച്ച കമർലാൽ ശാക്യവാർ എന്നയാളുടെ മൃതദേഹം ഗ്രാമവാസികൾ കൊണ്ടുപോകുന്നതാണ് വീഡിയോയിൽ. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ജലനിരപ്പ് താഴാത്തതിനെ തുടർന്നാണ് കമർലാലിന്റെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം മറ്റൊരിടത്തേക്ക് കൊണ്ടുപോയതെന്നാണു റിപ്പോർട്ട്.

ഗ്രാമവാസികൾ ചേർന്നാണ് കമർലാലിന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. കമർലാലിന്റെ മരണശേഷം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വെള്ളമിറങ്ങുന്നതിനായി കാത്തിരുന്നു. എന്നാൽ, മണിക്കൂറുകളോളം തുടർന്ന മഴയിൽ വെള്ളക്കെട്ട് കൂടിയതല്ലാതെ കുറഞ്ഞില്ല. തുടർന്ന് മ്യതദേഹം വെള്ളക്കെട്ടിന് മുകളിലൂടെ ചുമന്ന് ശ്മശാനത്തിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി നീന്തൽ അറിയുന്നവരെ തിരഞ്ഞെടുത്തു. ബാദൗരാ ജില്ലയിലെ ശ്മശാനം വെള്ളക്കെട്ട് ഇല്ലാത്ത ഒരു പ്രദേശമായത് അൽപ്പമെങ്കിലും ആശ്വാസമായി.

വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതത്തിന്റെ പേരിൽ ഏധികൃതർക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഗുണയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഭദൗരയിൽ റോഡുകളുടെയും അഴുക്കുചാൽ സംവിധാനത്തിന്റെയും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഓടകളിൽ വെള്ളംകെട്ടി നിൽക്കുന്നതും റോഡുകളുടെ നവീകരണം ശരിയായ ഇടവേളകളിൽ നടത്താത്തതുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനവും വ്യാപകമായി ഉയരുന്നുണ്ട്.

ഗ്വാളിയാർ, ശിവപുരി, ഗുണ, ഷെയ്പൂർ, ബിന്ദ് എന്നിവിടങ്ങളിൽ മഴമൂലം നിരവധി ഗ്രാമീണരാണ് വലിയ ദുരിതം അനുഭവിക്കുന്നത്. ഓഗസ്റ്റ് ഒന്നിനും ഏഴിനുമിടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി.