കൊച്ചി: കൊച്ചി കളമശേരിയിൽ ചെരിഞ്ഞ ഇരുനില വീട്ടിലെ താമസക്കാരെ രക്ഷപെടുത്തി. കൂനംതൈയ്യിലുള്ള ഹംസയുടെ വീടാണ് രാവിലെ എട്ട് മണിയോടെ ചരിഞ്ഞത്. വീട്ടിലുള്ളവരെ രക്ഷപ്പെടുത്തി. ബലക്ഷയത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.

വീടിന്റെ താഴത്തെ നില പൂർണമായി മണ്ണിലേക്ക് അമർന്നു പോയി. മുകളിലത്തെ നിലയും അതിന് മുകളിൽ ആസ്ബറ്റോസ് ഇട്ട ഭാഗവുമാണ് ഇപ്പോൾ പുറത്തുകാണുന്നത്. മുകൾ നിലയിലായിരുന്നു ഹംസയും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ അയൽവാസികളാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. വീടിന്റെ താഴത്തെ നില ഇരുപത് വർഷം മുമ്പ് ചെങ്കല്ലുകൊണ്ട് നിർമ്മിച്ചതാണ്. കനത്ത മഴയിൽ കുതിർന്ന് താഴേക്ക് ഇരുന്നുപോയതാകാം എന്നാണ് കരുതുന്നത്.

ഒരു വശത്തേക്ക് ചെരിഞ്ഞ വീട് തൊട്ടടുത്ത കെട്ടിടങ്ങൾക്ക് മുകളിലേക്ക് വീഴാതിരിക്കാൻ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ അധികൃതരുംഫയർഫോഴ്‌സും എത്തി വീട് പൊളിച്ചുനീക്കാനുള്ള ശ്രമം തുടങ്ങി. മണ്ണിലേക്ക് പുതഞ്ഞുപോയ താഴത്തെ നിലയിൽ കഴിഞ്ഞ ദിവസം വരെ വാടകയ്ക്ക് ആളുകൾ താമസിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞുപോയതത്.