ലണ്ടൻ: ഒന്നര വർഷത്തിലധികം കാലം വീടുകളിൽ അടക്കപ്പെട്ട ബ്രിട്ടീഷ് ജനത സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പുറത്തേക്കിറങ്ങാനൊരുങ്ങിയപ്പോൾ എത്തുന്നത് കനത്ത മഴ. ഇന്നലെയും കനത്ത പേമാരിയിൽ ലണ്ടൻ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ബ്രിട്ടന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പല ട്യുബ് സ്റ്റേഷനുകളും വെള്ളത്തിനടിയിലായതോടെ ഗതാഗത തടസ്സവും ഉണ്ടാവുകയും വീടുകളും കച്ചവടസ്ഥാപനങ്ങളും വെള്ളം കയറി നശിക്കുകയും ചെയ്ത ജൂലായ് അവസാനം പെയ്ത മഴയുടെ തുടർച്ചയായാണിത്.

ജൂലായ് അവസാനം ദൃശ്യമായതിനു സമാനമായ കാഴ്‌ച്ചകളായിരുന്നു തലസ്ഥാന നഗരിയിൽ പലയിടങ്ങളിലും കാണപ്പെട്ടത്. തെരുവുകൾ പലയിടങ്ങളിലും പൂർണ്ണമായും വെള്ളത്തിനടിയിലായി. ടവർ ബ്രിഡ്ജിലെ ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെള്ളം നിറഞ്ഞു കിടക്കുന്ന ചിത്രം ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മഴയുടെ ഭീകരതയുടെ പ്രതീകമായി ആ ചിത്രം ആഘോഷിക്കപ്പെടുകയാണ്. ടവർ ബ്രിഡ്ജും വെള്ളത്തിനടിയിലായി. ഇന്നും ഇതെപോലെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. സ്റ്റെപെനി ഗ്രീൻ, ഹോൾബോൺ എന്നീ ട്യുബ് സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അവ അടച്ചിട്ടപ്പോൾ ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമും വെള്ളത്തിനടിയിലായി.

ഈ വർഷം അവസാനത്തോടെ വേനലിനെ വരവേൽക്കാനായി കാലാവസ്ഥ മാറുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.അതുവരെ ഇടയ്ക്കിടെ ഇത്തരത്തിലുള്ള മഴയ്ക്ക് സാധ്യതയുണ്ടാകും. ഓഗസ്റ്റ് അവസാനത്തോടെ തന്നെ അന്തരീക്ഷ താപനില 20 ഡിഗ്രിക്ക് മുകളിലായി ഉയരുമെന്നും അവർ പറയുന്നു. ശരാശരിയേക്കാൾ കൂടുതൽ ചൂട് വരുന്ന വേനല്ക്കാലത്ത് അനുഭവപ്പെടുമെന്നും അവർ മുന്നറിയ്‌പ്പ് നൽകുന്നു. ജൂലായിൽ കനത്ത ചൂട അനുഭവപ്പെട്ടതാണ് ഇപ്പോൾ കനത്ത മഴയുണ്ടാകാൻ കാരണമായ്തെന്നും അവർ പറയുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ഉണ്ടായെങ്കിലും ഏറ്റവും അധികം മഴ ലഭിച്ചത് തലസ്ഥാന നഗരമായ ലണ്ടനിൽ തന്നെയാണ്. ശരാശരി മഴയുടെ 143 ശതമാനം മഴയാണ് ഈ വേനലാരംഭത്തിൽ ലണ്ടനിൽ ലഭിച്ചത്. സറേയിൽ 126 ശതമാനം മഴയും ലഭിച്ചു. അതേ സ്മയം സ്‌കോട്ട്ലാൻഡിൽ ശരാശരി മഴയുടെ 38 ശതമാനം മാത്രമാണ് ലഭിച്ചത്. അതുപോലെ വടക്കൻ മേഖലയിലെ പല പ്രദേശങ്ങളിലും തീരെ മഴ ലഭിച്ചിരുന്നുമില്ല. വരണ്ട കാലാവസ്ഥയായിരുന്നു ഇവിടങ്ങളിൽ.

ശനിയാഴ്‌ച്ചയും തുടർന്ന് കനത്ത മഴ പല ഭാഗങ്ങളിലും ഇന്നും തുടർന്നേക്കും. മദ്ധ്യ- വടക്കൻ ബ്രിട്ടനിൽ ഇന്നും കനത്ത മഴ തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, രാത്രിയോടെ മഴ അവസാനിക്കും എന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു. തിങ്കളാഴ്‌ച്ച വീണ്ടും ആരംഭിക്കുന്ന കനത്ത മഴ ചൊവ്വാഴ്‌ച്ച തെളിഞ്ഞ കാലാവസ്ഥയിൽ അവസാനിക്കുമെന്നും പ്രവചിക്കപ്പെടുന്നു.