തിരുവനന്തപുരം: കേരളത്തിൽ ആശങ്കയകലുന്നു. ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ട് ഗുജറാത്തിലേക്ക് നീങ്ങുന്നു.അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി, മെയ്‌ 17 വൈകുന്നേരം ഗുജറാത്ത് തീരത്ത് എത്തി 18 ന് അതി രാവിലെ മണിക്കൂറിൽ പരമാവധി 175 കിമീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും മഹാഹുവാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെത്തുടർന്ന് ഗുജറാത്തിനും ദിയു തീരത്തിനും മുന്നറിയിപ്പ് നൽകി.

എങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും 40 കിമീവരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

രണ്ട് ദിവസമായി തുടരുന്ന അതിതീവ്രമഴയും ശക്തമായ കാറ്റും കാരണം കേരളത്തിൽ കനത്ത നാശ നഷ്ടങ്ങളുണ്ടായി. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടുപേർ മുങ്ങിമരിച്ചു. രണ്ടുദിവസങ്ങളിൽ കേരളത്തിൽ ശരാശരി 145.5 മില്ലിമീറ്റർ മഴ കിട്ടി. കൊച്ചി, പീരുമേട് സ്റ്റേഷനുകളിൽ 200 മില്ലിമീറ്ററിന് മുകളിലാണ് 24 മണിക്കൂറിൽ പെയ്തത്.

മണിമലയാറിലും അച്ചൻകോവിലാറിലും പ്രളയഭീതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വലിയ അണക്കെട്ടുകളിൽ വലിയ അളവിൽ വെള്ളം ശേഖരിച്ചിട്ടില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിൽനിന്നുപോയ ബോട്ട് മുങ്ങി, ഒമ്പത് തൊഴിലാളികളെ കാണാതായി

തോപ്പുംപടി: കൊച്ചി തീരത്തുനിന്ന് പോയ മീൻപിടിത്ത ബോട്ട് ലക്ഷദ്വീപിനടുത്ത് കടലിൽ മുങ്ങിയതായി വിവരം ലഭിച്ചു. ഒമ്പതു തൊഴിലാളികളെയും കാണാതായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവൻ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് കൊച്ചിയിലുള്ള ഏജന്റ് ഹാഷിമിനെ വിവരമറിയിച്ചത്. മറ്റ് ബോട്ടുകളിലുള്ളവർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റും മഴയുമുള്ളതിനാൽ പരാജയപ്പെട്ടു. തമിഴ്‌നാട്ടിൽനിന്നുള്ള മണിവേൽ, മണികണ്ഠൻ, ഇരുമ്പൻ, മുരുകൻ, ദിനേശ്, ഇലഞ്ജയൻ, പ്രവീൺ എന്നിവരും രണ്ട് വടക്കേ ഇന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാർഡിനെ അറിയിച്ചിട്ടുണ്ട്.

നൂറോളം ബോട്ടുകളെക്കുറിച്ച് വിവരമില്ല

കൊച്ചി, വൈപ്പിൻ മേഖലയിൽനിന്ന് കടലിലേക്കുപോയ നൂറോളം ഗിൽനെറ്റ് ബോട്ടുകളെക്കുറിച്ച് വിവരമില്ല. ലക്ഷദ്വീപിനടുത്ത് മീൻപിടിക്കുന്നതായാണ് വിവരം. കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ ഇവരെ അറിയിക്കാൻ സംവിധാനമില്ല. കൊച്ചിയിൽനിന്ന് പോയാൽ അരമണിക്കൂറിനകം മൊബൈൽ ഫോൺ ബന്ധം നഷ്ടമാകും.

ലക്ഷദ്വീപിൽ 'ടൗട്ടെ'യുടെ സംഹാര താണ്ഡവം

കവരത്തി: 'ടൗട്ടെ' ചുഴലിക്കൊടുങ്കാറ്റിൽ ലക്ഷദ്വീപിൽ വൻ നാശനഷ്ടം, ആളപായമില്ല. ദ്വീപുകളെല്ലാം ശക്തമായ കടലാക്രമണ ഭീഷണിയിലുമാണ്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ കാറ്റ് ശനിയാഴ്ച ഉച്ചവരെ നാശം വിതച്ചു. 10 ദ്വീപുകളിലായി 58 വീടുകളും 63 മീൻപിടിത്ത ബോട്ടുകളും തകർന്നു. കിൽത്തൻ, ചേത്ലാത്ത്, കടമത്ത്, അമിനി തുടങ്ങിയ ദ്വീപുകളിലാണ് ഏറെയും നാശം ഉണ്ടായത്.

വൻകരയിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് ദ്വീപിൽ പ്രവേശിക്കാൻ ഉപാധികളില്ലാതെ അനുമതി നൽകി. കവരത്തി ദ്വീപിൽ രണ്ടും കൽപ്പേനിയിൽ ഒന്നും ബിത്രയിൽ മൂന്നും അമിനിയിൽ രണ്ടും ബോട്ടുകൾ ഇത്തരത്തിൽ എത്തിയിട്ടുണ്ട്.

'രാഗേഷ് 1', 'രാഗേഷ് 2' എന്നീ ബോട്ടുകളാണ് അമിനി ദ്വീപിലെത്തിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന 'മുരുകൻ തുണൈ' എന്ന ബോട്ട് കടലിൽ തകർന്നു. ഇവർ നൽകിയ വിവരപ്രകാരം പൊലീസ് നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സഹായം തേടി. എല്ലാ ദ്വീപുകളിലും രണ്ടു ദിവസമായി ശക്തമായ കടലാക്രമണവും ഉണ്ടായിട്ടുണ്ട്. വിവിധ ദ്വീപുകളിലായി 750-ഓളം തെങ്ങുകൾ കടപുഴകി. 200-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

കൽപ്പേനി ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വെള്ളത്തിനടിയിലായി. ദുരന്ത നിവാരണ വിഭാഗം നഷ്ടത്തിന്റെ കണക്ക് ശേഖരിച്ചു തുടങ്ങി.