മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. ദാഖിലിയ ഗവർണറേറ്റിൽ സുമേയിൽ വിലായത്തിൽ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ ഒരു വിദേശി മരിച്ചു. ജെ.സി.ബി ഓപ്പറേറ്ററിയാരുന്ന ഇദ്ദേഹത്തിന് ലാസ്ഗ് വാദി പ്രദേശത്ത് ജോലിക്കിടയിലാണ് അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.

ഒമാനിലെ തെക്കൻ അൽ-ശർഖിയ ഗവർണറേറ്റിന്റെ താഴ്ന്ന പ്രദേശങ്ങളിൽ മഴവെള്ളപ്പാച്ചിൽ ശക്തമായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഒമാൻ സിവിൽ ഡിഫൻസ് സമിതി നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.

ഖുറയാത്ത് വിലയത്തിലെ വാദി അൽ-അറബിൻ പ്രദേശത്തുണ്ടായ വെള്ളപ്പാച്ചിൽ ഒരു റെസ്റ്റ് ഹൗസിൽ കുടുങ്ങിപ്പോയ കുടുംബത്തെ പൊലീസ് ഏവിയേഷന്റെ സഹകരണത്തോടെ മസ്‌കത്ത് സിവിൽ ഡിഫൻസ് സമിതി രക്ഷപ്പെടുത്തി. പത്ത് കുട്ടികളുൾപ്പെടെ 19 പേരടങ്ങുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നും സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.

ദോഫാർ ഗവർണറേറ്റിൽ സലാല വിലയത്തിലെ വാദിയിൽ കുടുങ്ങിയ ഒരു കുടുംബത്തെ പരുക്കുകളൊന്നുമില്ലാതെ ദോഫാർ സിവിൽ ഡിഫൻസ് സമിതി രക്ഷപ്പെടുത്തി. അൽ - കാമിൽ, അൽ - വഫി വിലയത്തിൽ വാദി അൽ-സിലിൽ ഒഴുക്കിൽപ്പെട്ട രണ്ട് ഏഷ്യാക്കാരെ സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിനു പുറത്ത് പോകാൻ പാടുള്ളൂവെന്നും, സുരക്ഷിതരായി വീടിനുള്ളിൽ തന്നെ കഴിയണമെന്നും അറിയിപ്പിൽ പറയുന്നു. ബോധപൂർവം വാദികൾ മുറിച്ചു കടന്ന് സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കുന്നവർക്ക് മൂന്ന് മാസം തടവും 500 ഒമാനി റിയൽ പിഴയും ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.